മലയാളം വാര്‍ത്താ ചാനലുകള്‍ക്കിടയിലെ മത്സരം കേവലം വാര്‍ത്തകളില്‍ നിന്ന് മാറി നിയമപോരാട്ടങ്ങളിലേക്കും റേറ്റിംഗ് തര്‍ക്കങ്ങളിലേക്കും മാറിയിരിക്കുകയാണ്. റിപ്പോര്‍ട്ടര്‍ ടിവിയും ട്വന്റി ഫോര്‍ ന്യൂസും തമ്മിലുള്ള പോര് കടുത്തതിനിടെ, ചാനല്‍ റേറ്റിംഗിലും വലിയ മാറ്റം പ്രകടമായിരുന്നു. ഏറെ നാളായി എതിരാളികളില്ലാതിരുന്ന ഏഷ്യാനെറ്റ് ന്യൂസിനെ കഴിഞ്ഞ രണ്ടാഴ്ചയായി റിപ്പോര്‍ട്ടര്‍ ടിവി പിന്നിലാക്കിയിരുന്നു. എന്നാല്‍, 49 ാം ആഴ്ചയില്‍ ഏഷ്യാനെറ്റ് വീണ്ടും ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു.
ദീര്‍ഘനാളായി ഒന്നാം സ്ഥാനത്ത് തുടര്‍ന്നിരുന്ന ഏഷ്യാനെറ്റ് ന്യൂസിന് 47ആം ആഴ്ചയില്‍ 16 പോയിന്റോളം നഷ്ടപ്പെടുകയും രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെടുകയും ചെയ്തു. രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ ലൈംഗികാതിക്രമ കേസ്, നടിയെ ആക്രമിച്ച കേസിലെ വിധി, തദ്ദേശ തിരഞ്ഞെടുപ്പിനായുള്ള ഒരുക്കവും പ്രചാരണവും ഒക്കെയാണ് പോയ വാരങ്ങളില്‍ നിറഞ്ഞു നിന്നത്. എന്നാല്‍, ഡിസംബര്‍ 13 ന് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍, ബാര്‍ക് റേറ്റിംഗില്‍ വീണ്ടും വലിയ മാറ്റമുണ്ടായി.
പൊളിറ്റിക്കല്‍ റിപ്പോര്‍ട്ടിങ്ങിലെ ഏഷ്യാനെറ്റ് ന്യൂസിന്റെ മികവില്‍ പ്രേക്ഷകര്‍ വിശ്വാസം അര്‍പ്പിച്ചുവെന്ന് വേണം കരുതാന്‍. അതിനാടകീയമല്ലാതെ, വാര്‍ത്തയെ ഇനിയും കെട്ടുകാഴ്ചയായി മാറ്റാത്ത ഏഷ്യാനെറ്റ് ന്യൂസിനെയാണ് തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പോലെ ഗൗരവമേറിയ സംഭവങ്ങള്‍ വരുമ്ബോള്‍ ആളുകള്‍ ആശ്രയിക്കുന്നത് എന്നര്‍ഥം. അതിന്റെ ഫലമായി വന്ന ബാര്‍ക് റേറ്റിംഗ് മാറ്റം നോക്കാം.
പുതിയ റേറ്റിംഗ് നില (പോയിന്റുകളില്‍):
- ഏഷ്യാനെറ്റ് ന്യൂസ്- 107-ഒന്ന്
- റിപ്പോര്‍ട്ടര്‍ ടിവി -98 -രണ്ട്
- 24 ന്യൂസ് 56 -മൂന്ന്
- മനോരമ ന്യൂസ് -48-നാല്
- മാതൃഭൂമി ന്യൂസ്- 36 -അഞ്ച്
- ന്യൂസ് മലയാളം 24ഃ7 -25- ആറ്
- കൈരളി- 22-ഏഴ്
- ജനം ടിവി-21-എട്ട്
- ന്യൂസ് 18 കേരള-14- ഒമ്പത്
















