പഹല്‍ഗാം ആക്രമണവുമായി ബന്ധപ്പെട്ട് വീഡിയോ പങ്കുവച്ചതിന് പിന്നാലെ അഖില്‍ മാരാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. ബിജെപി നല്‍കിയ പരാതിയില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് കൊട്ടാരക്കര പോലീസ് കേസെടുത്തിരിക്കുന്നത്. എഫ്‌ഐആറിൻ്റെ പകർപ്പ് പുറത്തുവന്നു.
അഖില്‍ മാരാർ സമൂഹമാധ്യമങ്ങളിലൂടെ രാജ്യത്തിൻ്റെ പരമാധികാരത്തെയും ഐക്യത്തെയും അഖണ്ഡതയെയും ചോദ്യം ചെയ്യുന്ന തരത്തിലുള്ള പരാമർശങ്ങള്‍ നടത്തിയെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. ഇത് ജീവപര്യന്തം വരെ തടവുശിക്ഷ ലഭിക്കാവുന്ന ബിഎൻഎസ് 152 വകുപ്പ് പ്രകാരമുള്ള കുറ്റമാണ്. കഴിഞ്ഞ ദിവസമാണ് അഖില്‍ മാരാർ പഹല്‍ഗാം വിഷയത്തില്‍ പ്രതികരിച്ച് ഫേസ്ബുക്കില്‍ വീഡിയോ പങ്കുവെച്ചത്.
കേസെടുത്തത് കേന്ദ്രസർക്കാരിനെ വിമർശിച്ചതിനല്ല ദേശവിരുദ്ധ പരാമർശങ്ങളുടെ പേരിൽ
അഖില്‍ മാരാർ തൻ്റെ വീഡിയോയില്‍ പഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍ ഒരാളെപ്പോലും പിടികൂടിയില്ലെന്നും, ഇന്ത്യ ബലൂചിസ്ഥാന് ആയുധം നല്‍കി പാകിസ്താനില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണെന്നും ആരോപിച്ചിരുന്നു. സാധാരണക്കാരായ പാകിസ്താനികളെ കൊലപ്പെടുത്തുന്നുവെന്നും, നമ്മുടെ ഭരണാധികാരികളും സൈന്യവും മറ്റൊരു ശക്തമായ രാജ്യത്തിൻ്റെ അടിമകളെപ്പോലെ ആത്മാഭിമാനമില്ലാതെ പെരുമാറുന്നുവെന്നും അദ്ദേഹം വീഡിയോയില്‍ പറഞ്ഞിരുന്നു. ഇതിനെതിരെ ബിജെപി കൊട്ടാരക്കര മണ്ഡലം പ്രസിഡന്റ് അനീഷ് കിഴക്കേക്കരയാണ് പോലീസില്‍ പരാതി നല്‍കിയത്.

















