സുധാകരനാണ് തന്റെ എക്കാലത്തെയും ലീഡർ എന്ന് കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട സണ്ണി ജോസഫ്. അതില്‍ ഇനിയും ഒരു മാറ്റവും ഉണ്ടാകില്ലെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു. കോണ്‍ഗ്രസിനെ അധികാരത്തിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. പുതിയ ടീം പുതിയ പ്രതീക്ഷ നല്‍കുന്നുണ്ട്.
പദവി തീരുമാനം വന്നതിനു പിന്നാലെ ആദ്യം വിളിച്ചത് സുധാകരനാണെന്നും അദ്ദേഹം വ്യക്തമാക്കി. ഞാൻ ഒരാളുടെയും നോമിനി അല്ല. മതേതര കോണ്‍ഗ്രസിന്റ പ്രതിനിധിയാണ്. കഴിഞ്ഞ ദിവസം കണ്ടപ്പോള്‍ സുധാകരൻ പിന്തുണ നല്‍കിയിരുന്നു. താൻ പ്രസിഡന്റ് ആയാല്‍ തലയില്‍ കൈ വെച്ചു അനുഗ്രഹിക്കും എന്നു പറഞ്ഞതായും സണ്ണി ജോസഫ് പറഞ്ഞു.
നിലവിലെ അധ്യക്ഷനായിരുന്ന കെ സുധാകരൻ കോണ്‍ഗ്രസിൻ്റെ പ്രവർത്തക സമിതിയിലെത്തി. അടൂർ പ്രകാശ് ആണ് യുഡിഎഫ് കണ്‍വീനർ. പിസി വിഷ്ണുനാഥ്, എപി അനില്‍കുമാർ, ഷാഫി പറമ്ബില്‍ എന്നിവർ വർക്കിംഗ് പ്രസിഡൻ്റുമാരാണ്. അതിനിടെ, കെ സുധാകരനെ അനുകൂലിച്ച് കാസർകോട് ഡിസിസി ഓഫീസിന് മുന്നില്‍ ഫ്ലക്സ് ബോർഡ് ഉയർന്നിരുന്നു. കെപിസിസി പ്രസിഡൻ്റായി സുധാകരൻ തുടരട്ടെ എന്ന് ഫ്ലക്സില്‍ പറയുന്നു.
യുദ്ധം ജയിച്ചു മുന്നേറുമ്ബോള്‍ സൈന്യാധിപനെ പിൻവലിക്കുന്നത് എതിർപക്ഷത്തിന് കാര്യങ്ങള്‍ എളുപ്പമാക്കുന്നതിനു തുല്യമാണെന്നും ഫ്ളക്സിലുണ്ട്. സേവ് കോണ്‍ഗ്രസ് കാസർകോട് എന്ന പേരിലാണ് ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. കണ്ണൂർ പയ്യന്നൂരിലും സുധാകരനെ അനുകൂലിച്ചു പോസ്റ്ററുകള്‍ പതിച്ചു. ജനനായകൻ കെഎസ് തുടരണം എന്നാണ് പോസ്റ്ററില്‍ ഉണ്ടായിരുന്നത്. ”കോണ്‍ഗ്രസ് പോരാളികൾ” എന്ന പേരിലാണ് പോസ്റ്ററുകള്‍ പ്രചരിച്ചത്.

















