വിഴിഞ്ഞം പോർട്ടിന്റെ വാർഫിലൂടെ പുഞ്ചിരി തൂകി നടന്നു നീങ്ങുന്ന ഉമ്മൻചാണ്ടി; മുൻ മുഖ്യമന്ത്രിയുടെ എഐ വീഡിയോയുമായി ഷാഫി പറമ്പിൽ: കോൺഗ്രസ് പ്രവർത്തകർ ഏറ്റെടുത്ത വീഡിയോ ദൃശ്യങ്ങൾ കാണാം.
വിഴിഞ്ഞം തുറമുഖ പദ്ധതി സംബന്ധിച്ച ഇടത് സർക്കാറിന്‍റെയും മുഖ്യമന്ത്രി പിണറായി വിജയന്‍റെയും അവകാശവാദത്തിന് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് ഷാഫി പറമ്ബിലിന്‍റെ എ.ഐ വിഡിയോ. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ച വിഴിഞ്ഞം തുറമുഖം അന്തരിച്ച കോണ്‍ഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻചാണ്ടി ചുറ്റികാണുന്നതിന്‍റെ എ.ഐ (ആർട്ടിഫിഷ്യല്‍ ഇന്‍റലിജൻസ്) വിഡിയോയാണ് ഷാഫി ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചത്.
പുഞ്ചിരിച്ചു കൊണ്ടു വിഴിഞ്ഞത്തിന്‍റെ വാർഫിലൂടെ കൈവീശി നടന്നു കാണുന്ന ഉമ്മൻചാണ്ടിയെയാണ് എ.ഐ സാങ്കേതികവിദ്യയിലൂടെ പുനരാവിഷ്കരിച്ചിട്ടുള്ളത്. കൈയില്‍ ഒരു കവറും ഉമ്മൻചാണ്ടി പിടിച്ചിട്ടുണ്ട്. ‘കേരളത്തിനറിയാം’ എന്ന അടിക്കുറിപ്പിനോടൊപ്പമാണ് വിഡിയോ ഷാഫി പങ്കുവെച്ചിട്ടുള്ളത്.
ഉമ്മൻചാണ്ടിയുടെ പേര് ഒഴിവാക്കിയ മുഖ്യമന്ത്രിയുടെ പ്രസംഗത്തിലെ ഭാഗങ്ങള്‍:
”1996ലെ എല്‍.ഡി.എഫ് സർക്കാർ രൂപപ്പെടുത്തിയ പദ്ധതിയാണ് യാഥാർഥ്യമാകുന്നത്. ഇടക്കാലത്ത് പദ്ധതി അനിശ്ചിതത്തിലായിരുന്നു. പദ്ധതി പഠനത്തിനായി 2009ല്‍ ഇന്‍റർനാഷണല്‍ ഫിനാൻസ് കോർപറേഷനെ നിയോഗിച്ചു. 2010ല്‍ ടെൻഡർ നടപടികളിലേക്ക് കടന്നു. കേന്ദ്രം ആ ഘട്ടത്തില്‍ അനുമതി നിഷേധിച്ചു.തുടർന്നുള്ള ഘട്ടം പദ്ധതിക്കായുള്ള മനുഷ്യച്ചങ്ങല അടക്കമുള്ള പ്രക്ഷോഭങ്ങളുടേതായിരുന്നു. 2015ല്‍ ഒരു കരാറുണ്ടായി. എന്നാല്‍, പല തലങ്ങളിലുള്ള വിമർശനങ്ങള്‍ അത് നേരിട്ടു. ആ വിമർശനങ്ങളെല്ലാം നിലനില്‍ക്കുമ്ബോഴും വിഴിഞ്ഞം പദ്ധതി നടപ്പാവുക തന്നെ വേണം എന്ന നിലപാടാണ് ഞങ്ങള്‍ കൈക്കൊണ്ടത്.”
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക