വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. തുറമുഖം മേയ് രണ്ടിന് പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രത്തിന് സമർപ്പിക്കുന്നതിന് മുന്നോടിയായിട്ടായിരുന്നു സന്ദർശനം. തുറമുഖത്തിന്റെ പ്രവർത്തനം വിലയിരുത്തി. മുഖ്യമന്ത്രിക്കൊപ്പം ഭാര്യ കമല, മകള്‍ വീണ, ചെറുമകൻ ഇഷാൻ എന്നിവരുമുണ്ടായിരുന്നു.
തുറമുഖ കമ്ബനിയുടെ ഡോള്‍ഫിൻ 29 എന്ന ടഗ് ബോട്ടില്‍ കടലിലൂടെ യാത്ര ചെയ്ത് മുഖ്യമന്ത്രിയും കുടുംബവും തുറമുഖ പ്രവർത്തനങ്ങള്‍ നിരീക്ഷിച്ചു. പുലിമുട്ടിലൂടെ ഏതാനും മീറ്റർ നടന്ന് ബെർത്തിലെ കപ്പലുകള്‍ വീക്ഷിച്ചു. ഓപ്പറേഷൻ ആൻഡ് കണ്‍ട്രോള്‍ സെന്ററുകളും, യാർഡും ബർത്തും സന്ദർശിച്ചു.കണ്ടെയ്നർ നീക്കം ഉള്‍പ്പെടെയുള്ള പ്രവർത്തനങ്ങള്‍ മുഖ്യമന്ത്രി നേരിട്ട് മനസിലാക്കി. ക്രെയിനുകളുടെ പ്രവർത്തന രീതികളും നേരില്‍ കണ്ടു.
തുടർന്നായിരുന്നു കടല്‍ യാത്ര. ബെർത്തിന് സമീപത്തു നിന്നായിരുന്നു തുടക്കം. ബെർത്തിലുണ്ടായിരുന്ന രണ്ട് കപ്പലുകള്‍ക്ക് സമീപത്തുവരെ എത്തിയശേഷമാണ് മടങ്ങിയത്. ഇന്നലെ വൈകിട്ടോടെയാണ് മുഖ്യമന്ത്രിയും കുടുംബവും വിഴിഞ്ഞത്ത് എത്തിയത്. മന്ത്രിമാരായ വി.എൻ.വാസവൻ,വി.ശിവൻകുട്ടി,മേയർ ആര്യാ രാജേന്ദ്രൻ, വിഴിഞ്ഞം ഇന്റർനാഷണല്‍ സീപോർട്ട് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഡോ.ദിവ്യ.എസ്.അയ്യർ, അദാനി വിഴിഞ്ഞം പോർട്ട് സി.ഇ.ഒ പ്രദീപ് ജയരാമൻ എന്നിവർ ചേർന്ന് സ്വീകരിച്ചു. തുറമുഖത്തിന്റെ പ്രവർത്തനങ്ങള്‍ ദിവ്യ എസ്. അയ്യർ വിശദീകരിച്ചു.
വിഴിഞ്ഞം പിണറായിയുടെ വീട്ടുകാര്യമോ?
വിഴിഞ്ഞം തുറമുഖത്തൂടെയുള്ള ഉല്ലാസയാത്ര അധികാര ദുർവിനിയോഗമാണ് എങ്കിലും അതിലും വലിയ ചട്ടലംഘനം ആണ് മുഖ്യന്റെയും കുടുംബത്തിന്റെയും സന്ദർശന സമയത്ത് ഉണ്ടായത്. പ്രധാനമന്ത്രിയെത്തി മെയ് രണ്ടാം തീയതി വിഴിഞ്ഞം തുറമുഖം രാജ്യത്തിന് സമർപ്പിക്കുന്ന പരിപാടിയുടെ മുന്നൊരുക്കങ്ങൾ വിലയിരുത്തുവാൻ ചേർന്ന ഔദ്യോഗിക റിവ്യൂ മീറ്റിംഗിലും മുഖ്യന്റെ കുടുംബാംഗങ്ങൾ പങ്കെടുത്തു. പിണറായിയുടെ ഭാര്യ കമലയും, മകളും സാമ്പത്തിക കുറ്റകൃത്യ കേസിൽ പ്രതിയായ വീണയും ഉൾപ്പെടെയുള്ളവരാണ് ചട്ടങ്ങൾ കാറ്റിൽ പറത്തി പ്രധാനമന്ത്രി പങ്കെടുക്കേണ്ട ചടങ്ങിന്റെ റിവ്യൂ മീറ്റിംഗിൽ പങ്കെടുത്തത്. തുറമുഖ മന്ത്രി വി എൻ വാസവന്റെ തൊട്ടരികിൽ ആയിരുന്നു കമലയുടെയും വീണയുടെയും യോഗത്തിലെ ഇരിപ്പിടങ്ങൾ.














