സംസ്ഥാനത്ത് പാമ്പുകടിയേറ്റുള്ള മരണങ്ങള്‍ തുടര്‍ക്കഥയാകുന്നതിനിടെ, തൃശൂര്‍ കുതിരാനില്‍ വനംവകുപ്പിനെതിരെ നാട്ടുകാരുടെ പ്രതിഷേധം.ജനവാസ മേഖലയോട് ചേര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പാമ്പുകളെ തുറന്നുവിടുന്നു എന്നാരോപിച്ചാണ് നാട്ടുകാര്‍ വാഹനം തടഞ്ഞത്. ഭീതി പടര്‍ത്തുന്ന ഈ നടപടിക്കെതിരെ വലിയ പ്രതിഷേധമാണ് പ്രദേശത്ത് ഉയരുന്നത്.
ഇന്നലെ വൈകുന്നേരമാണ് കുതിരാന്‍ ക്ഷേത്ര പരിസരത്ത് പാമ്പുകളെ തുറന്നുവിടാന്‍ എത്തിയ വനംവകുപ്പിന്റെ വാഹനം നാട്ടുകാര്‍ തടഞ്ഞത്. പാണഞ്ചേരി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് പിടികൂടിയ പാമ്പുകളെ വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള ഈ ജനവാസ മേഖലയില്‍ ഉപേക്ഷിക്കുകയാണെന്നാണ് നാട്ടുകാരുടെ ആരോപണം. ഉദ്യോഗസ്ഥരെ തടയുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.
പാണഞ്ചേരി പഞ്ചായത്തിലെ പല സ്ഥലങ്ങളിലും വനംവകുപ്പ് ഇത്തരത്തില്‍ മൂര്‍ഖന്‍, രാജവെമ്പാല തുടങ്ങിയ അപകടകാരികളായ പാമ്പുകളെ തുറന്നുവിടുന്നതായി പരാതിയുണ്ട്. ഇങ്ങനെ തുറന്നുവിടുന്ന പാമ്പുകള്‍ തൊട്ടടുത്തുള്ള വീടുകളിലും പറമ്പുകളിലും കയറുന്നത് വലിയ സുരക്ഷാഭീഷണിയാണ് ഉയര്‍ത്തുന്നത്. കഴിഞ്ഞ ദിവസം പ്രദേശത്തെ ഒരു ശൗചാലയത്തില്‍ വെച്ച് രണ്ടര വയസ്സുകാരന് പാമ്പുകടിയേറ്റ സംഭവം നാട്ടുകാരെ കൂടുതല്‍ പ്രകോപിപ്പിച്ചു. വനത്തിനുള്ളിലേക്ക് കൊണ്ടുപോകുന്നതിന് പകരം സൗകര്യാര്‍ത്ഥം ജനവാസ കേന്ദ്രത്തിന് സമീപം പാമ്പുകളെ വിടുന്നത് ഉദ്യോഗസ്ഥരുടെ അനാസ്ഥയാണെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു.
തൃശൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പാമ്പ് ശല്യം രൂക്ഷമായിട്ടും വനംവകുപ്പിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ഇത്തരം നടപടികള്‍ ജനങ്ങളെ കൂടുതല്‍ ദുരിതത്തിലാക്കുകയാണ്. തൃശ്ശൂര്‍ കോടാലിയില്‍ പാമ്പുകടിയേറ്റ് എട്ടു വയസ്സുകാരന്‍ മരിച്ച സംഭവം നല്‍കിയ ഞെട്ടല്‍ മാറുന്നതിന് മുന്‍പാണ് കുതിരാന്‍ മേഖലയിലും പാമ്പുകള്‍ ജനങ്ങള്‍ക്ക് ഭീഷണിയാകുന്നത്. വനത്തോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശമാണെങ്കിലും, പാമ്പുകളെ തുറന്നുവിടുന്നതിന് കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും ജനങ്ങളുടെ ജീവന് സുരക്ഷ ഉറപ്പാക്കണമെന്നുമാണ് പാണഞ്ചേരി നിവാസികളുടെ ആവശ്യം. വനംവകുപ്പ് ഈ വിഷയത്തില്‍ അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടുപോകാനാണ് നാട്ടുകാരുടെ തീരുമാനം.









