ഇന്ത്യൻ ജനതയെ ഒന്നാകെ ഞെട്ടിപ്പിച്ച സംഭവമാണ് കശ്മീരിലെ പഹൽഗമിലുണ്ടായ തീവ്രവാദി ആക്രമണം. അക്രമത്തെ അപലപിച്ചുകൊണ്ടും ഇന്ത്യയ്ക്ക് പിന്തുണ അറിയിച്ചുകൊണ്ടും ലോകരാജ്യങ്ങൾ തന്നെ രംഗത്ത് വന്നിട്ടുണ്ട്. തീവ്രവാദി ആക്രമണത്തിന് പാക്കിസ്ഥാന്റെ സഹായം ലഭിച്ചിട്ടുണ്ട് എന്ന് ആരോപിച്ച് കടുത്ത നടപടികളുമായി രാജ്യം മുന്നോട്ടു പോകുകയാണ്. 26 മരണങ്ങളാണ് അതിക്രമവുമായി ബന്ധപ്പെട്ട് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്.
അതിക്രമം ഉണ്ടായപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദി അറേബ്യയിൽ ഔദ്യോഗിക സന്ദർശനം നടത്തുകയായിരുന്നു. വിവരമറിഞ്ഞ ഉടൻ രാജ്യത്തേക്ക് മടങ്ങിയ അദ്ദേഹം എയർപോർട്ടിൽ വച്ച് തന്നെ കൂടിക്കാഴ്ചകൾ നടത്തി സ്ഥിതിഗതികൾ വിലയിരുത്തി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സംഭവ സ്ഥലത്ത് നേരിട്ട് എത്തിയാണ് കാര്യങ്ങൾ നിയന്ത്രിച്ചത്. രാജ്യം മുൾമുനയിൽ നിൽക്കുമ്പോഴും കേരളത്തിൽ നിന്നുള്ള ഏക ബിജെപി എംപിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി സ്വീകരിച്ച നിരുത്തരവാദിത്തപരമായ നടപടിയെ വിമർശിച്ചുകൊണ്ട് കോട്ടയം ഡിസിസി ജനറൽ സെക്രട്ടറി സി ടി രാജൻ ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ്.
രാജ്യം ഞെട്ടിത്തരിച്ച ഭീകരാക്രമണ വേളയിൽ ലാഘവ ബുദ്ധിയോടെ തൊടുപുഴ, ഈരാറ്റുപേട്ട പ്രദേശങ്ങളിലായി ഒറ്റക്കൊമ്പൻ എന്ന സിനിമയുടെ ഷൂട്ടിങ്ങിൽ പങ്കെടുക്കുകയാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി എന്ന ആരോപണമാണ് സി ടി രാജൻ ഉന്നയിക്കുന്നത്. റോമാ സാമ്രാജ്യം കത്തിയമർന്നപ്പോൾ വീണ വായിച്ച നീറോ ചക്രവർത്തി സുരേഷ് ഗോപിയെക്കാൾ ഭേദമാണെന്ന പരിഹാസവും അദ്ദേഹം ഉയർത്തി. സിനിമ ചിത്രീകരണം ഒഴിവാക്കി കേന്ദ്രമന്ത്രി എന്ന നിലയിലുള്ള ഉത്തരവാദിത്വങ്ങൾ നിർവഹിക്കുവാൻ സുരേഷ് ഗോപി തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലൻ നിർമ്മിച്ച് മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ‘ഒറ്റക്കൊമ്ബൻ’ എന്ന ചിത്രത്തിന്റെ രണ്ടാംഘട്ട ചിത്രീകരണം ഏപ്രില്‍ 21 തിങ്കളാഴ്ചയാണ് തൊടുപുഴയില്‍ ആരംഭിച്ചത്. ജനുവരിയില്‍ തിരുവനന്തപുരത്ത് പൂർത്തിയാക്കിയ ആദ്യഘട്ട ചിത്രീകരണത്തിനു ശേഷം, കേന്ദ്രമന്ത്രി എന്ന നിലയിലുള്ള ഔദ്യോഗിക തിരക്കുകളും വിഷു-ഈസ്റ്റർ ആഘോഷങ്ങളും കഴിഞ്ഞാണ് സുരേഷ് ഗോപി രണ്ടാംഘട്ട ചിത്രീകരണത്തിനായി എത്തിയത്. ജൂണ്‍ അവസാനം വരെ നീണ്ടുനില്‍ക്കുന്ന ചിത്രീകരണമാണ് തൊടുപുഴ, പാലാ, ഭരണങ്ങാനം, ഈരാറ്റുപേട്ട എന്നിവിടങ്ങളിലായി ചാർട്ടു ചെയ്തിരിക്കുന്നത്.

















