ഇടതിനോട് എതിരിടാൻ യുഡിഎഫ് പക്ഷംചേർന്ന നിലമ്ബൂർ മുൻ എംഎല്‍എ പിവി അൻവർ ഉപതിരഞ്ഞെടുപ്പിലും ഇതേ നിലപാട് തുടരും. അൻവറിനെ പാർട്ടിയോടെ മുന്നണിയില്‍ എടുക്കുന്നത് തല്‍ക്കാലം നടക്കാത്ത കാര്യമാണെന്ന് ഇന്ന് തിരുവനന്തപുരത്ത് തന്നെ വന്നുകണ്ട അൻവറിനോട് പ്രതിപക്ഷനേതാവ് വിഡി സതീശൻ തെളിച്ചുപറഞ്ഞു. കാര്യകാരണ സഹിതം പറഞ്ഞത് തിരിഞ്ഞ അൻവർ പക്ഷെ മാധ്യമങ്ങളോട് മിണ്ടാതെ മടങ്ങി.
“അൻവർ യുഡിഎഫുമായി സഹകരിച്ചുനില്‍ക്കും” എന്നാണ് വിഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞത്.എല്‍ഡിഎഫിനോടും സിപിഎമ്മിനോടും എന്നതിനേക്കാളുപരി പിണറായി വിജയനോടും കൂട്ടരോടും പിണങ്ങിപ്പിരിഞ്ഞ അൻവറിന് നിലമ്ബൂരിലെ യുഡിഎഫ് വിജയം മറ്റാരേക്കാളും അത്യാവശ്യം ആണെന്ന് കോണ്‍ഗ്രസിനും യുഡിഎഫിനും അറിയാം. അതുകൊണ്ട് തന്നെ ഒപ്പം നിർത്താൻ എളുപ്പമാണ്. ഇത് കണക്കിലെടുത്ത് തന്നെയാണ് കോണ്‍ഗ്രസ് നേതൃത്വത്തിൻ്റെ അൻവറിനോടുള്ള സമീപനം. പോരാത്തതിന് ഇന്ത്യാ മുന്നണിയുടെ ഭാഗമല്ലാത്ത തൃണമൂലിനെ യുഡിഎഫില്‍ എടുക്കുന്നതിൻ്റെ പ്രായോഗിക പ്രശ്നവും അൻവറിനെ ബോധ്യപ്പെടുത്തി.
“യുഡിഎഫ് സഹകരണം സംബന്ധിച്ച് അൻവർ ചില നിര്‍ദ്ദേശങ്ങള്‍ ഞങ്ങളോട് പറഞ്ഞിട്ടുണ്ട്. ആ നിര്‍ദ്ദേശങ്ങള്‍ കോണ്‍ഗ്രസിലും യുഡിഎഫിലും ചര്‍ച്ച ചെയ്ത് തീരുമാനമെടുത്ത് അദ്ദേഹത്തെ അറിയിക്കും. ഒപ്പംനിന്ന് പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. ആ സഹകരണം ഞങ്ങളും സ്വീകരിച്ചിട്ടുണ്ട്. മുന്നണിയുമായി ആലോചിക്കാതെ മുന്നണി പ്രവേശനത്തില്‍ കുറിച്ച് പറയാനാകില്ല. എല്ലാ യുഡിഎഫ് ഘടകകക്ഷികളുമായി ചര്‍ച്ച ചെയ്ത ശേഷമേ മുന്നണി പ്രവേശനത്തില്‍ തീരുമാനം എടുക്കാനാകൂ”- പ്രതിപക്ഷനേതാവിൻ്റെ വാക്കുകള്‍ ഇങ്ങനെ.
എല്ലാവരെയും ഞെട്ടിച്ച് എംഎല്‍എ സ്ഥാനം രാജിവച്ച അൻവർ കരുതിയത് പോലെ എളുപ്പമായില്ല പിന്നീടൊന്നും. ഡിഎംകെ ബന്ധത്തിന് ശ്രമിച്ചത് പിണറായി വെട്ടി. പിന്നാലെ തൃണമൂലില്‍ ചേക്കേറി യുഡിഎഫില്‍ കയറാൻ നടത്തിയ ശ്രമം പൊളിഞ്ഞു. ഒന്നും തീരുമാനം ആയില്ലെങ്കിലും പതിവ് പരിപാടി ഇറക്കി കോണ്‍ഗ്രസിനെ സമ്മർദത്തിലാക്കാൻ നോക്കിയത് വീണ്ടും തിരിച്ചടിച്ചു. തനിക്ക് പിൻഗാമിയെ നിശ്ചയിക്കുന്ന മട്ടില്‍ യുഡിഎഫ് സ്ഥാനാർത്ഥിയെ അവതരിപ്പിക്കാൻ നടത്തിയ നീക്കമാണ് അൻവറിൻ്റെ അവസ്ഥ ഈമട്ടില്‍ ദുർബലമാക്കിയത്.

















