ബെംഗളൂരുവില്‍ ഇന്ത്യൻ വ്യോമസേന ഉദ്യോഗസ്ഥനും ഭാര്യക്കും നേരെ ആക്രമണം നടന്നെന്ന പരാതിയില്‍ ട്വിസ്റ്റ്. വിങ് കമാൻഡർ ശൈലാദിത്യ ബോസും ഭാര്യ സ്ക്വാഡ്രണ്‍ ലീഡർ മധുമിതയുമാണ് ആക്രമണത്തിന് ഇരയായതെന്നാണ് ഇരുവരും പരാതി നല്‍കിയത്. എന്നാല്‍, ശൈലാദിത്യബോസ് തന്നെ ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്നാരോപിച്ച് ബൈക്ക് യാത്രികൻ രംഗത്തെത്തുകയും പരാതി നല്‍കുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോയും പുറത്തുവന്നു.
തുടർന്ന് ആദിത്യ ബോസിനെതിരെ കൊലപാതകശ്രമം, പ്രകോപനമില്ലാതെയുള്ള ആക്രമണം എന്നീ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തു.വിങ് കമാൻഡർ ശൈലാദിത്യ ബോസ് ഉന്നയിച്ചത് വ്യാജ ആരോപണങ്ങളെന്ന് വ്യക്തമായി. ശൈലദിത്യ ബോസാണ് വഴിയിലൂടെ പോയ ഓണ്‍ലൈൻ ഡെലിവറി ബോയിയെ ക്രൂരമായി മർദ്ദിച്ചതെന്ന് വ്യക്തമായി. യുപി സ്വദേശി വികാസ് കുമാറിനാണ് ക്രൂരമർദ്ദനമേറ്റത്. ബൈക്ക് യാത്രികനായ വികാസ് കുമാർ എസ്.ജെയാണ് ഉദ്യോഗസ്ഥനെതിരെ പരാതി നല്‍കിയത്. എഫ്.ഐ.ആർ പ്രകാരം, ഏപ്രില്‍ 21 ന് രാവിലെ 6.20 ഓടെയാണ് സംഭവം നടന്നത്.
ഹരിയാന രജിസ്ട്രേഷൻ പ്ലേറ്റുള്ള ഒരു ചുവന്ന കാർ തന്റെ വഴിയില്‍ തടഞ്ഞതോടെയാണ് തർക്കം ആരംഭിച്ചതെന്ന് വികാസ് പറഞ്ഞു. കാര്യം തിരക്കിയപ്പോള്‍ ബോസ് തന്നെ അസഭ്യം പറയുകയും കോളറില്‍ പിടിച്ചു വലിക്കുകയും അടിക്കുകയും കാറിന്റെ ഡോർ തുറന്ന ശേഷം കൂടുതല്‍ ആക്രമിക്കുകയും ചെയ്തുവെന്ന് വികാസ് ആരോപിച്ചു. താൻ കന്നഡക്കാരല്ലാത്തതിനാല്‍ ബൈക്ക് യാത്രികൻ തങ്ങളെ അധിക്ഷേപിച്ചുവെന്നാണ് ബോസും ഭാര്യയും വീഡിയോയില്‍ അവകാശപ്പെട്ടിരുന്നത്. ബൈക്ക് യാത്രികൻ എന്റെ നെറ്റിയില്‍ ഒരു താക്കോല്‍ കൊണ്ട് അടിച്ചുവെന്നും ഇയാള്‍ പറഞ്ഞിരുന്നു. ബൈക്ക് യാത്രികൻ അമിത വേഗതയില്‍ വാഹനമോടിച്ചെന്നും കാറില്‍ ഇടിച്ചുവെന്നും മധുമിത പരാതിയില്‍ ആരോപിച്ചു.
വികാസ് കുമാറിന്റെ കുടുംബവും സംഭവത്തെക്കുറിച്ച് പ്രതികരിച്ചു. 6.30 ഓടെ തന്റെ മകൻ ഒരു സുഹൃത്തിന്റെ വീട്ടില്‍ നിന്ന് മടങ്ങുമ്ബോഴാണ് സംഘർഷമുണ്ടായതെന്ന് അമ്മ ജ്യോതി പറഞ്ഞു.ഓഫീസറുടെ കാർ എന്റെ മകന്റെ ബൈക്കില്‍ തട്ടി. ചോദ്യം ചെയ്തപ്പോള്‍ ആക്രമിച്ചു. പ്രതിരോധിക്കാനായി കൈ ഉയർത്തിയപ്പോള്‍ താക്കോലുകള്‍ അബദ്ധത്തില്‍ അയാളുടെ മേല്‍ തട്ടി. സംഭവത്തിന് കന്നഡ ഭാഷാ വിവാദവുമായി യാതൊരു ബന്ധവുമില്ലെന്നും അവർ പറഞ്ഞു. ഞായറാഴ്ച വൈകുന്നേരം ദമ്ബതികള്‍ സിവി രാമൻ നഗറിലെ ഡിആർഡിഒ കോളനിയില്‍ നിന്ന് കാറില്‍ വിമാനത്താവളത്തിലേക്ക് പോകുകയായിരുന്നു. അപ്പോഴാണ് സംഭവം.

















