ഏഴാം ശമ്ബള പരിഷ്കരണ കുടിശികയിനത്തില്‍ കേന്ദ്രത്തില്‍ നിന്ന് കിട്ടേണ്ട 750 കോടി രൂപ സംസ്ഥാന സർക്കാർ നഷ്ടപ്പെടുത്തിയെന്നാരോപിച്ച് കോളേജ് അദ്ധ്യാപകരുടെ സംഘടനയായ കെ.പി.സി.ടി.എ ഹൈക്കോടതിയെ സമീപിച്ചു.2016 ജനുവരി ഒന്നു മുതല്‍ 2019 മാർച്ച് 31 വരെ 39 മാസത്തെ ശമ്ബള പരിഷ്കരണ കുടിശികയായ 1500 കോടി രൂപ കോളേജ് അദ്ധ്യാപകർക്ക് നിഷേധിച്ചിരിക്കുകയാണ്. ഇതില്‍ പകുതി കേന്ദ്രത്തില്‍ നിന്ന് കിട്ടേണ്ടതാണ്.
യു.ജി.സി സ്കെയില്‍ പ്രകാരമുള്ള ശമ്ബള കുടിശിക കോളേജ് അധ്യാപകർക്ക് നല്‍കിയെന്ന് നവ കേരള സദസ്സിലെ വിവിധ വേദികളില്‍ മുഖ്യമന്ത്രി അറിയിച്ചിരുന്നു. ധനമന്ത്രിയും 1500 കോടി രൂപ വിതരണം ചെയ്തതായി അറിയിച്ചിരുന്നു.എന്നാല്‍ നിയമസഭയില്‍ എം. വിൻസെന്റ് എംഎല്‍എയുടെ ചോദ്യത്തിന് മന്ത്രി ആർ ബിന്ദു നല്‍കിയ മറുപടിയും അനുബന്ധ രേഖകളും ,യുജിസി ശമ്ബള കുടിശ്ശിക നല്‍കിയിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണെന്ന് അദ്ധ്യാപകർ പറഞ്ഞു.
750 കോടി രൂപ സംസ്ഥാന സർക്കാരിന്റെ വിഹിതം നല്‍കാതിരിക്കാൻ കേന്ദ്ര ഫണ്ട് നഷ്ടപ്പെടുത്തിയെന്നാരോപിച്ച് കെ പി സി ടി എ ക്ക് വേണ്ടി ഡോ. പ്രേമചന്ദ്രൻ കീഴോത്ത്, റോണി ജോർജ്, ഡോ ജോബിൻ ചാമക്കാല എന്നിവരാണ് ഹർജി നല്‍കിയത്. കേന്ദ്രം പ്രഖ്യാപിച്ചത് റീ ഇമ്ബേഴ്സ്മെന്റ് സ്കീമാണ്. തുക വിതരണം ചെയ്തതിന് ശേഷമേ കേന്ദ്രവിഹിതം കിട്ടൂ എന്ന് പലതവണ വ്യക്തമായിട്ടും തുക നല്‍കാതെ സംസ്ഥാന സർക്കാർ പ്രൊപ്പോസല്‍ സമർപ്പിച്ചത് ആസൂത്രിതമായി യുജിസി ശമ്ബള പരിഷ്കരണ കുടിശിക ഇല്ലാതാക്കാൻ വേണ്ടിയാണെന്ന് ഡോ. പ്രേമചന്ദ്രൻ കീഴോത്ത് പറഞ്ഞു.

















