കുമരകത്ത് പ്രതിഷേധം ഇരമ്പുമോ? കോണത്താറ്റ് പാലം നിർമ്മാണം ഇഴയുന്നതിൽ പ്രതിഷേധിച്ച് കോട്ടയം ഡിസിസി അധ്യക്ഷൻ നാട്ടകം സുരേഷിന്റെ ഏകദിന ഉപവാസം നാളെ: ഏറ്റുമാനൂർ പിടിക്കാൻ ആയുധങ്ങൾക്ക് മൂർച്ചകൂട്ടി കോൺഗ്രസും യുഡിഎഫും.
കോണത്താറ്റ് പാലം നിർമ്മാണം ഇഴഞ്ഞു നീങ്ങുന്നത് കഴിഞ്ഞ നാലു വർഷങ്ങളായി കുമരകത്തെ ജനങ്ങൾക്ക് സമ്മാനിക്കുന്ന യാത്ര ക്ലേശം ഉൾപ്പെടെയുള്ള ദുരിതങ്ങൾ ചെറുതല്ല. അധികാരത്തിലേറിയാൽ ആറുമാസത്തിനകം നിർമ്മാണം പൂർത്തിയാക്കുമെന്ന് സംസ്ഥാനം മന്ത്രി കൂടിയായ ഏറ്റുമാനൂർ എംഎൽഎ വി എൻ വാസവൻ വാഗ്ദാനം നൽകിയ പാലത്തിനാണ് ഈ ദുരവസ്ഥ. ഇടതു സർക്കാർ നാലാം വാർഷികം ആഘോഷിക്കാൻ ഒരുങ്ങുമ്പോഴും പാലം നിർമ്മാണം എന്നും എത്തിയിട്ടില്ല.
കുമരകത്തെ ജനങ്ങളുടെ വികാരം ഏറ്റെടുത്ത് പാലം നിർമ്മാണം എത്രയും പെട്ടെന്ന് പൂർത്തിയാക്കണം എന്ന് ആവശ്യം ഉന്നയിച്ച് സമരത്തിന് ഇറങ്ങിയിരിക്കുകയാണ് ഇപ്പോൾ കോൺഗ്രസ്. ഏറ്റുമാനൂരിൽ സ്ഥാനാർത്ഥിത്വം പ്രതീക്ഷിക്കുന്ന ഡിസിസി അധ്യക്ഷൻ നാട്ടകം സുരേഷ് നാളെ കോണത്താറ്റ് പാലത്തിൻറെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് ഏകദിന ഉപവാസം അനുഷ്ഠിക്കാൻ പോകുന്നു. മുതിർന്ന കോൺഗ്രസ് നേതാവും കോട്ടയം എംഎൽഎയും കെപിസിസി അച്ചടക്ക സമിതി അധ്യക്ഷനുമായ തിരുവഞ്ചൂർ രാധാകൃഷ്ണനാണ് സമരം ഉദ്ഘാടനം ചെയ്യുന്നത്.
വലിയ ജനകീയ പങ്കാളിത്തത്തോടെ സമരം സംഘടിപ്പിക്കാനാണ് കോൺഗ്രസ് ലക്ഷ്യമെടുക്കുന്നത്. ഏറ്റുമാനൂർ നിയോജകമണ്ഡലത്തിലെ സിപിഎമ്മിന്റെ ഏറ്റവും വലിയ ശക്തി കേന്ദ്രമാണ് കുമരകം. കുമരകത്തിൽ നിന്ന് ലഭിക്കുന്ന ഭൂരിപക്ഷമാണ് ഏറ്റുമാനൂർ മണ്ഡലം പിടിക്കുന്നതിൽ സിപിഎമ്മിന് ഏറ്റവും സഹായകരവും. ഇത് മുന്നിൽ കണ്ടു തന്നെയാണ് നാട്ടകം സുരേഷിന്റെയും കോൺഗ്രസിന്റെയും യുഡിഎഫിന്റെയും നീക്കം എന്നുവേണം അനുമാനിക്കാൻ.
സിപിഎമ്മിന്റെ തട്ടകത്തിൽ നിന്ന് തന്നെ ഏറ്റുമാനൂരിൽ പോർമുഖം തുറക്കാനുള്ള കോൺഗ്രസിന്റെയും ഡിസിസി അധ്യക്ഷൻ നാട്ടകം സുരേഷിന്റെയും തീരുമാനങ്ങൾക്ക് കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങൾ ഉണ്ട്. ജോസഫ് ഗ്രൂപ്പിൽ നിന്ന് ഒരുപക്ഷേ യുഡിഎഫിൽ കോൺഗ്രസ് ഏറ്റെടുത്തേക്കും എന്ന് പ്രതീക്ഷിക്കപ്പെടുന്ന സീറ്റ് കൂടിയാണ് ഏറ്റുമാനൂർ. ഇവിടെ സ്ഥാനാർഥിയാകുവാൻ സാധ്യതയുള്ള കോൺഗ്രസ് നേതാക്കളിൽ ഒന്നാം പേരുകാരൻ നാട്ടകം സുരേഷ് തന്നെയാണ്. ഇങ്ങനെ കാര്യങ്ങൾ അപഗ്രഥിക്കുമ്പോൾ വാസവന്റെയും സിപിഎമ്മിന്റെയും തട്ടകത്തിൽ കയറിയുള്ള കോൺഗ്രസ് കടന്നാക്രമണത്തിന് രാഷ്ട്രീയ മാനങ്ങൾ ഏറെയാണ്.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക