പിറ്റ്സ്ബർഗ് സർവകലാശാലയിലെ ഇന്ത്യൻ വംശജയായ വിദ്യാർഥിനി സുദിക്ഷ കൊണങ്കിയെ കാണാതായ സംഭവത്തില്‍, ഒടുവില്‍ ഒപ്പമുണ്ടായിരുന്ന യുവാവിനെ ചോദ്യംചെയ്ത് പോലീസ്.ചോദ്യംചെയ്യലില്‍ യുവാവ് മൂന്ന് വ്യത്യസ്ത മൊഴികള്‍ നല്‍കിയത് ദുരൂഹത വർധിപ്പിക്കുന്നു. അതേസമയം, സംഭവത്തില്‍ ഇയാളെ പ്രതിചേർക്കേണ്ട സാഹചര്യം ഇതുവരെയില്ലെന്നും പോലീസ് വ്യക്തമാക്കി.

കാണാതാവുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്ബ് സുദിക്ഷയും സുഹൃത്തുക്കളും ചേർന്ന് മദ്യപിച്ചതായും ബീച്ചിലേക്ക് പോയതായും അന്വേഷണത്തില്‍ വ്യക്തമായി. എന്നാല്‍, സുദിക്ഷയില്ലാതെയാണ് സുഹൃത്തുക്കള്‍ തിരിച്ചെത്തിയത്. വ്യാഴാഴ്ച പുലർച്ചെ മൂന്നുമണിയോടെ സുഹൃത്തുക്കള്‍ ചേർന്ന് മദ്യപിക്കുന്നതിന്റെ ദൃശ്യം ഡൊമനിക്കൻ ദേശീയ പോലീസിന് ലഭിച്ചിട്ടുണ്ട്. 4.15-ഓടെയാണ് ഇവർ ബീച്ചിലേക്ക് പോയത്. 5.55-ന് ശേഷം സുഹൃത്തുക്കള്‍ തിരിച്ചെത്തിയെങ്കിലും ഇവർക്കൊപ്പം സുദിക്ഷ ഉണ്ടായിരുന്നില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വൈകീട്ട് നാലോടെയാണ് സുദിക്ഷയെ കാണാതായ സംഭവം സുഹൃത്തുക്കള്‍ ഹോട്ടല്‍ അധികൃതരെ അറിയിച്ചത്. സുദിക്ഷ ധരിച്ചിരുന്ന ഒരു വസ്ത്രം ബീച്ചിലെ ലോഞ്ച് ചെയറില്‍നിന്ന് ലഭിച്ചിട്ടുണ്ട്. എന്നാല്‍, ഇവിടെനിന്ന് ബലപ്രയോഗം നടന്നതിന്റെ തെളിവൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി.

24-കാരനായ അയോവയില്‍നിന്നുള്ള ജോഷ്വാ സ്റ്റീവ് റൈബ് എന്ന യുവാവിനെയാണ് സുദിക്ഷയ്ക്കൊപ്പം അവസാനമായി കണ്ടത്. സുദിക്ഷയുടെ സുഹൃത്തുക്കള്‍ പോയശേഷം സംഭവിച്ചതായി മൂന്ന് വ്യത്യസ്ത മൊഴികളാണ് യുവാവ് നല്‍കിയത്. അതില്‍ ഒന്ന് കടല്‍ പ്രക്ഷുബ്ധമായതിനെത്തുടർന്ന് താൻ ഛർദിച്ചുവെന്നും ബീച്ചില്‍നിന്ന് തിരികെ പോന്നുവെന്നും സുദിക്ഷയ്ക്ക് കുഴപ്പമൊന്നുമില്ലെന്ന് അന്വേഷിച്ചിരുന്നതായും യുവാവ് പറഞ്ഞു. മറ്റൊന്നില്‍, തനിക്ക് ക്ഷീണം തോന്നിയെന്നും ബോധംപോവുംമുമ്ബ് സുദിക്ഷയെ മുട്ടറ്റം തിരമാലയിലാണ് കണ്ടതെന്നും ഇയാള്‍ മൊഴിനല്‍കി. താൻ ലോഞ്ച് ചെയറില്‍ തിരികെ എത്തി ഉറങ്ങുന്നതിന് മുമ്ബ് സുദിക്ഷ തീരത്തുകൂടെ നടക്കുന്നതായാണ് കണ്ടതെന്നും മറ്റൊരു മൊഴിയില്‍ പറഞ്ഞു.

അതേസമയം, സുദിക്ഷയ്ക്കായി തിരച്ചില്‍ ഊർജിതമാക്കിയതായി ഡൊമനിക്കൻ റിപ്പബ്ലിക് ദേശീയ പോലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ ചോദ്യംചെയ്തവരെ വീണ്ടും ചോദ്യംചെയ്യ്തുവരികയാണ്. എല്ലാ സാധ്യതകളും അന്വേഷിക്കുന്നതായും പോലീസ് വ്യക്തമാക്കി. അതേസമയം, തട്ടിക്കൊണ്ടുപോകല്‍ സാധ്യതയടക്കം അന്വേഷിക്കണമെന്ന് സുദിക്ഷയുടെ പിതാവ് സുബ്ബറായ്ഡു കൊണങ്കി ആവശ്യപ്പെട്ടു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക