യുവതിയെ കൊലപ്പെടുത്തി മൃതദേഹം യേർക്കാട് ചുരത്തില്‍ തള്ളിയ സംഭവത്തില്‍ കാമുകനും രണ്ടുയുവതികളും അറസ്റ്റില്‍.തിരുച്ചിറപ്പള്ളി സ്വദേശി കെ. ലോകനായകി(22)യെ കൊലപ്പെടുത്തിയ കേസിലാണ് കാമുകനായ പേരാമ്ബലൂർ സ്വദേശി അബ്ദുള്‍ ഹഫീസ്(22), ഇയാളുടെ മറ്റൊരു കാമുകി ആവഡി സ്വദേശി താവിയ സുല്‍ത്താന(22), സുല്‍ത്താനയുടെ സുഹൃത്ത് മോനിഷ എന്നിവരെ സേലം പോലീസ് അറസ്റ്റ് ചെയ്തത്.
പിടിയിലായ മോനിഷ വിഴുപുരം സർക്കാർ മെഡിക്കല്‍ കോളേജിലെ നഴ്സിങ് വിദ്യാർഥിനിയാണ്.മാർച്ച് ഒന്നാംതീയതിയാണ് മൂവരും ചേർന്ന് ലോകനായകിയെ കൊലപ്പെടുത്തി മൃതദേഹം യേർക്കാട് ചുരത്തില്‍നിന്ന് താഴേക്ക് വലിച്ചെറിഞ്ഞതെന്ന് പോലീസ് പറഞ്ഞു. തിരുച്ചിറപ്പള്ളി സ്വദേശിനിയായ ലോകനായകി സേലത്തെ സ്വകാര്യ കോച്ചിങ് സെന്ററില്‍ അധ്യാപികയായിരുന്നു. സേലത്തെ ഹോസ്റ്റലിലായിരുന്നു യുവതിയുടെ താമസം. മാർച്ച് ഒന്നാംതീയതി മുതല്‍ യുവതിയെ കാണാതായതോടെ ഹോസ്റ്റല്‍ അധികൃതരാണ് പോലീസില്‍ പരാതി നല്‍കിയത്. യുവതിയുടെ മൊബൈല്‍ഫോണും സ്വിച്ച് ഓഫായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതിയും അബ്ദുള്‍ ഹഫീസും തമ്മിലുള്ള ബന്ധം കണ്ടെത്തിയത്.
ലോകനായകിയുടെ ഫോണ്‍വിളി വിവരങ്ങള്‍ പരിശോധിച്ചതോടെയാണ് ഹഫീസിലേക്ക് അന്വേഷണമെത്തിയത്. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെയാണ് കൊലപാതകവിവരം പുറത്തറിഞ്ഞത്. മറ്റൊരു കാമുകിയായ സുല്‍ത്താനയുടെയും ഇവരുടെ സുഹൃത്തായ മോനിഷയുടെയും സഹായത്തോടെ ലോകനായകിയെ കൊലപ്പെടുത്തിയെന്നായിരുന്നു ഹഫീസിന്റെ മൊഴി. പിന്നാലെ കൂട്ടുപ്രതികളെയും പോലീസ് പിടികൂടുകയായിരുന്നു.
സാമൂഹികമാധ്യമത്തിലൂടെയാണ് മുഖ്യപ്രതിയായ ഹഫീസും ലോകനായകിയും പരിചയത്തിലാകുന്നത്. ഈ പരിചയം പിന്നീട് ഇരുവരും തമ്മിലുള്ള അടുപ്പമായി വളർന്നു. ഇതേസമയം, സുല്‍ത്താനയുമായും ഹഫീസിന് പ്രണയമുണ്ടായിരുന്നു. അടുത്തിടെ ഹഫീസും സുല്‍ത്താനയും തമ്മിലുള്ള ബന്ധം ലോകനായകി അറിഞ്ഞു. ഇതേച്ചൊല്ലി വഴക്കിടുകയും സുല്‍ത്താനയുമായുള്ള ബന്ധത്തെ എതിർക്കുകയുംചെയ്തു. ഇതോടെയാണ് ഹഫീസ് യുവതിയെ കൊലപ്പെടുത്താൻ തീരുമാനിച്ചത്. തുടർന്ന് സുല്‍ത്താനയുടെയും നഴ്സിങ് വിദ്യാർഥിനിയായ മോനിഷയുടെയും സഹായത്തോടെ ലോകനായകിയുടെ ശരീരത്തില്‍ മാരകമായ അളവില്‍ മരുന്ന് കുത്തിവെയ്ക്കുകയും പിന്നാലെ യേർക്കാടിലെ ചുരം റോഡില്‍നിന്ന് പാറക്കെട്ടുകളിലേക്ക് വലിച്ചെറിയുകയുമായിരുന്നു.
പ്രതികളുടെ മൊഴി ലഭിച്ചതോടെ യുവതിയുടെ മൃതദേഹത്തിനായി പോലീസ് തിരച്ചില്‍ ആരംഭിച്ചിരുന്നു. കൊലപാതകം നടന്നതും യുവതിയുടെ മൃതദേഹം ഉപേക്ഷിച്ചതും യേർക്കാടായതിനാല്‍ സേലം പോലീസ് യേർക്കാട് പോലീസിനെയും വിവരമറിയിച്ചു. തുടർന്ന് യേർക്കാട് പോലീസ് നടത്തിയ തിരച്ചില്‍ ചുരം റോഡിലെ പാറക്കെട്ടുകള്‍ക്കിടയില്‍നിന്ന് യുവതിയുടെ അഴുകിയനിലയിലുള്ള മൃതദേഹം കണ്ടെടുക്കുകയായിരുന്നു. മൃതദേഹം പിന്നീട് പോസ്റ്റ്മോർട്ടത്തിനായി സേലം സർക്കാർ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

















