വീട്ടുമുറ്റത്തെ മേല്‍മൂടിയില്ലാത്ത കിണറ്റില്‍ വീണ് അഞ്ചു വയസ്സുകാരനു ദാരുണാന്ത്യം. നേമം കുളക്കുടിയൂർക്കോണത്ത് സർവോദയം റോഡ് പദ്മവിലാസത്തില്‍ സുമേഷ്-ആര്യ ദമ്ബതിമാരുടെ മകൻ ധ്രുവൻ ആണ് മരിച്ചത്.കിണറ്റില്‍ പാവക്കുട്ടിയെ തിരയുന്നതിനിടെ വീണതാകാമെന്നാണ് സംശയിക്കുന്നത്.
കുട്ടിക്കു സംസാരശേഷിയില്ലാത്തതിനാല്‍ കിണറ്റില്‍ വീണത് ആരും അറിഞ്ഞില്ല. മകനെ കാണാത്തതിനെത്തുടർന്ന് അമ്മ ആര്യ നടത്തിയ തിരച്ചിലിനൊടുവിലാണ് കിണറ്റില്‍ വീണ നിലയില്‍ കുട്ടിയെ കണ്ടെത്തിയത്.
വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. വൈകീട്ട് നഴ്സറി വിട്ടുവന്നശേഷം വീട്ടുമുറ്റത്ത് രണ്ടുവയസ്സുള്ള സഹോദരി ധ്രുവികയോടൊപ്പം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു ധ്രുവൻ. പെയിന്റിങ് തൊഴിലാളിയായ അച്ഛൻ സുമേഷ് ജോലിക്കു പോയിരിക്കുകയായിരുന്നു. അമ്മ ആര്യ തുണികള്‍ കഴുകിക്കൊണ്ടിരിക്കുകയായിരുന്നു. തുടർന്ന് ധ്രുവനെ തിരക്കിയപ്പോള്‍ കണ്ടില്ല. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന സഹോദരിയെ മാത്രമാണ് കണ്ടത്.
പരിഭ്രാന്തിയിലായ ആര്യ വീടിനുചുറ്റും അന്വേഷിച്ചു നടന്നു. ഒടുവില്‍ കിണറിനു സമീപത്ത് കസേര കണ്ട് സംശയം തോന്നിയാണ് കിണറ്റില്‍ പരിശോധിച്ചത്. കുട്ടി കസേരയില്‍ കയറിനിന്ന് കൈവരിക്കു മുകളിലൂടെ എത്തിനോക്കിയതാകാമെന്നാണ് സംശയിക്കുന്നത്. ഏകദേശം ഒരുമണിക്കൂറോളം കുഞ്ഞ് കിണറ്റില്‍ കിടന്നു.
അഗ്നിരക്ഷാസേനയെത്തിയാണ് കുഞ്ഞിനെ പുറത്തെടുത്തത്. നേമം താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ധ്രുവൻ വീടിനു സമീപത്തുള്ള സൈനിക് ഡേ പ്രീ പ്രൈമറി സ്കൂളിലാണ് പഠിക്കുന്നത്. ഒരാഴ്ച മുൻപ് ധ്രുവൻ തന്റെ പാവക്കുട്ടിയെ കിണറ്റിലെറിഞ്ഞിരുന്നു. അതെടുക്കാനായിരിക്കാം കുഞ്ഞ് കസേര വലിച്ചിട്ട് കിണറിലെത്തി നോക്കിയതെന്നു സംശയിക്കുന്നു. അഗ്നിരക്ഷാസേന നടത്തിയ തിരച്ചിലില്‍ ഈ പാവക്കുട്ടിയും കിട്ടി. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോർച്ചറിയില്‍.

















