അഞ്ചലില്‍ ഓട്ടോയില്‍ കടത്താൻ ശ്രമിച്ച രണ്ടു കിലോ കഞ്ചാവുമായി സ്ത്രീയെ അഞ്ചല്‍ പോലീസ് അറസ്റ്റ് ചെയ്തു.അഞ്ചല്‍ സ്വദേശിനി ജമീല ബീവിയെയാണ് രണ്ടു കിലോ കഞ്ചാവുമായി ഡാൻസാഫ് ടീമും അഞ്ചല്‍ പോലീസും സംയുക്തമായി പിടികൂടിയത്.
വ്യാഴാഴ്‌ച്ച വൈകിട്ട് 6 മണിയോടു കൂടിയാണ് ഡാൻസാഫ് ടീമും അഞ്ചല്‍ പോലീസും ചേർന്ന് ഓട്ടോയില്‍ കടത്താൻ ശ്രമിച്ച കഞ്ചാവുമായി ജമീലയെ പിടികൂടിയത്. അഞ്ചലില്‍ നിന്നും ഓട്ടോറിക്ഷ വിളിച്ച് ജമീല വാടകയ്‌ക്ക് താമസിച്ച് വരുന്ന കൈതാടിയിലെ വീട്ടിലേയ്‌ക്ക് വരവെയാണ് വീടിന് സമീപത്തു വെച്ച് പോലീസ് പിടികൂടിയത്.തുടർന്ന് താൻ ഗള്‍ഫില്‍ നിന്ന് വന്നതാണെന്നും , തനിക്ക് അബദ്ധം പറ്റിയതാണെന്നും പറഞ്ഞ് രക്ഷപെടാനും ജമീല ശ്രമിച്ചു.
ഇവരുടെ ബന്ധുവായ കരുകോണ്‍ സ്വദേശിനി ഷാഹിദ് നിരവധി കഞ്ചാവ് കേസിലെ പ്രതിയാണ്. ഇവർ മുൻപും ഇത്തരം സംഭവങ്ങളില്‍ ഉള്‍പ്പെട്ടിരുന്നോ എന്ന് പരിശോധിക്കുകയാണ്.














