കേരളത്തില്‍ എല്ലാ ദിവസവും നടക്കുന്ന ഇടപാടുകളില്‍ ഒന്നാണ് വസ്തു കച്ചവടം. കോടിക്കണക്കിന് രൂപയുടെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളാണ് നഗര ഗ്രാമ വ്യത്യാസമില്ലാതെ പൊടിപൊടിക്കുന്നത്.ഇത്തരത്തില്‍ ഭൂമി വ്യാപകമായി വില്‍പ്പന നടക്കുന്നത് നിരവധി കേന്ദ്രങ്ങളിലാണ്. ഇതിന് കൃത്യമായ കാരണവുമുണ്ടെന്നാണ് റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്.

റവന്യൂ വകുപ്പ് പുറത്തിറക്കിയ പുതുക്കിയ മാനദണ്ഡങ്ങളാണ് ഇതിലൊരു കാരണം.സംസ്ഥാനത്ത് വന്‍കിട പ്രോജക്റ്റുകള്‍ നിര്‍മാണത്തിലിരിക്കുന്നതോ ഭാവിയില്‍ നിര്‍മാണ പ്രവര്‍ത്തനം ആരംഭിക്കാനോ സാദ്ധ്യതയുള്ള പ്രദേശങ്ങളോട് ചേര്‍ന്ന് കിടക്കുന്ന സ്ഥലങ്ങളാണ് കൂടുതലായും വിറ്റ് പോകുന്നത്. ഇതിന് രണ്ട് കാരണങ്ങളാണുള്ളത് വന്‍കിട പദ്ധതികളോട് ചേര്‍ന്ന് കിടക്കുന്ന സ്ഥലങ്ങള്‍ പിന്നീട് പദ്ധതി വ്യാപിപ്പിക്കലിന്റെ ഭാഗമായി സര്‍ക്കാര്‍ ഏറ്റെടുത്താലോ എന്ന ഭയമാണ് പ്രധാനം. അപ്പോള്‍ മാര്‍ക്കറ്റ് വിലയ്ക്ക് തുല്യമായ തുക സര്‍ക്കാര്‍ നല്‍കുന്നുണ്ടെങ്കിലും തങ്ങള്‍ക്ക് ഇതേ തുക ലഭിക്കുമോ എന്ന ആശങ്ക ഭൂഉടമകള്‍ക്കുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വന്‍കിട പദ്ധതികളോട് ചേര്‍ന്ന് കിടക്കുന്ന സ്ഥലങ്ങള്‍ക്കും പദ്ധതികള്‍ വരാന്‍ സാദ്ധ്യതയുണ്ടെന്ന് പറയപ്പെടുന്ന സ്ഥലങ്ങള്‍ക്കും ഇപ്പോള്‍ പെട്ടെന്ന് ഉയരുന്ന വിപണി മൂല്യവും ഉടമസ്ഥരെ ആകര്‍ഷിക്കുന്നുണ്ട്. അതോടൊപ്പം തന്നെ കേരളത്തില്‍ ഭൂമി വില്‍പ്പനയും വാങ്ങലും സംബന്ധിച്ച്‌ റവന്യൂ വകുപ്പ് പുറത്തിറക്കിയ മാനദണ്ഡങ്ങളാണ് മറ്റൊരു കാരണം. പഴയത് പോലെ വില്‍പ്പന നടക്കില്ലെന്ന കാര്യമാണ് പെട്ടെന്നുള്ള ഈ വില്‍പ്പന വര്‍ദ്ധനവിന് കാരണം.

ഡിജിറ്റല്‍ റീസര്‍വേ പൂര്‍ത്തിയായ വില്ലേജുകളില്‍ ഇനി ഭൂമി വാങ്ങാനും വില്‍ക്കാനും ‘എന്റെ ഭൂമി’ പോര്‍ട്ടല്‍ വഴി അപേക്ഷിക്കണം. ഭൂമി വില്‍ക്കുമ്ബോള്‍ത്തന്നെ നിലവിലെ ഉടമസ്ഥനില്‍നിന്ന് പുതിയ ഉടമയിലേക്ക് ‘പോക്കുവരവ്’ നടത്തുന്ന തരത്തില്‍ സംവിധാനവും നിലവില്‍വരും. ഭൂമിയുടെ പ്രീമ്യൂട്ടേഷന്‍ സ്‌കെച്ച്‌ ഉണ്ടെങ്കിലേ ഇനി ഭൂമി വില്‍ക്കാനാകൂ. ഡിജിറ്റല്‍ റീസര്‍വേ പൂര്‍ത്തിയാകാത്ത പ്രദേശങ്ങളിലാണ് ഭൂമി വില്‍പ്പന വ്യാപകമായി നടക്കുന്നത്. സര്‍വേ പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ വില്‍പ്പനയ്ക്ക കാലതാമസം വരുമെന്ന ആശങ്കയാണ് ഇതിന് കാരണം.

ഉടമസ്ഥത കൈമാറുന്ന ഭൂമിയുടെ വിസ്തീര്‍ണ വ്യത്യാസമനുസരിച്ച്‌ സര്‍വേ സ്‌കെച്ചിലും മാറ്റം വരുന്നതിനാല്‍ വില്ലേജുകളിലേക്ക് ‘പോക്കുവരവി’നായി പ്രത്യേകം അപേക്ഷിക്കേണ്ടതില്ല. സര്‍വേ സ്‌കെച്ചില്‍ തണ്ടപ്പേര്‍ വിവരങ്ങളും രേഖപ്പെടുത്തിയിരിക്കും. ഭൂനികുതി അടച്ച രസീതുകളില്‍ ‘കരം അടച്ചതിനുള്ള രേഖ മാത്രം’ എന്നും ഇനിമുതല്‍ രേഖപ്പെടുത്തും. ഇതുള്‍പ്പെടെ ഡിജിറ്റല്‍ സര്‍വേ ചെയ്ത ഭൂമിയില്‍ നികുതി അടയ്ക്കാനും ഭൂമി കൈമാറാനും ഉള്ള മാറ്റങ്ങള്‍ വ്യക്തമാക്കി റവന്യു വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി.

ഡിജിറ്റല്‍ സര്‍വേ പൂര്‍ത്തിയായ വില്ലേജുകളില്‍ നികുതി സ്വീകരിക്കുന്നത് ഡിജിറ്റല്‍ ബേസിക് ടാക്‌സ് രജിസ്റ്റര്‍ അടിസ്ഥാനമാക്കിയാകും. ഇതിനുമുന്നോടിയായി ‘എന്റെ ഭൂമി’ പോര്‍ട്ടല്‍ വഴി അപേക്ഷിക്കുമ്ബോള്‍ വില്ലേജ് ഓഫിസര്‍ രേഖകളുടെ ഒറ്റത്തവണ പരിശോധന പോര്‍ട്ടലിലൂടെ പൂര്‍ത്തിയാക്കി നികുതി രസീത് അനുവദിക്കും.ഓണ്‍ലൈനായി ലഭിക്കുന്ന നികുതി രസീതില്‍ പഴയതും പുതിയതുമായ സര്‍വേ അല്ലെങ്കില്‍ റീസര്‍വേ നമ്ബറുകള്‍ ഉണ്ടാകുമെന്നതിനാല്‍ ഉടമസ്ഥനും ബാങ്ക് ഉള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങള്‍ക്കും മറ്റുകക്ഷികള്‍ക്കും പരിശോധിക്കാനാകും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക