മിസ് ആന്‍ഡ് മിസിസ്, പേരുപോലെ ഇവിടെ മിസിനും മിസിസിനും മാത്രമാണ് പ്രവേശനം. ആരേയും പേടിക്കാതെ, സ്വതന്ത്രമായി, ഇഷ്ടത്തിനനുസരിച്ച് സംഗീതവും നൃത്തവും അല്പം ലഹരിയുമായി സ്ത്രീകള്‍ക്ക് നിശാജീവിതം ആസ്വദിക്കാനൊരിടം.രാജ്യത്തെ സ്ത്രീകള്‍ക്കുവേണ്ടിയുള്ള ആദ്യ നിശാക്ലബിന് തുടക്കമിട്ടിരിക്കുകയാണ് എന്നും ഒരുപടി മുന്നില്‍ സഞ്ചരിക്കുന്ന ബെംഗളുരു. ബന്നാര്‍ഘട്ട റോഡിലാണ് മിസ് ആന്‍ഡ് മിസിസ് വിമന്‍ ഓണ്‍ലി നൈറ്റ് ക്ലബ് സ്ഥിതി ചെയ്യുന്നത്.
ക്ലബില്‍ പ്രവേശനം സ്ത്രീകള്‍ക്ക് മാത്രമാണ് എന്നതുപോലെ ഇവിടെയുള്ള ജീവനക്കാരും അത് ഡിജെ മുതല്‍ വ്യക്തിഗത സേവനം നടത്തുന്നവരുള്‍പ്പെടെയുള്ളവര്‍ സ്ത്രീകളാണ്.
സംഗീതം, നൃത്തം, പിസ, സ്‌നാക്‌സ്, ബീര്‍, ഷാംപെയ്ന്‍, വൈന്‍, നെയ്ല്‍ ആര്‍ട്ട് തുടങ്ങി ജീവിതം ഉല്ലാസമാക്കുന്നതിനുവേണ്ടിയുള്ളതെല്ലാം സ്ത്രീകളെ നിങ്ങള്‍ക്കിവിടെ കിട്ടും. ആദ്യ മണിക്കൂറില്‍ ഗംഭീര ഓഫറുമുണ്ട്. ആദ്യ മണിക്കൂറില്‍ 300 രൂപയ്ക്ക് അണ്‍ലിമിറ്റഡ് ബീറും സ്‌നാക്‌സും ലഭിക്കും. ആദ്യമണിക്കൂര്‍ കഴിഞ്ഞാല്‍ ഇരട്ടിവിലയാണ് ഈടാക്കുക. ദിപാന്‍ഷി സിങ് എന്ന യുവതിയാണ് മിസ് ആന്‍ഡ് മിസിസ് ക്ലബിന്റെ വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. നിമിഷങ്ങള്‍ക്കുള്ളിലാണ് ഇത് സോഷ്യല്‍മീഡിയാ പ്ലാറ്റ്‌ഫോമുകളില്‍ തരംഗമായത്. ദശലക്ഷക്കണക്കിന് കാഴ്ചക്കാരും ലൈക്കുകളും ഷെയറുമായി വീഡിയോ ഇപ്പോഴും ആളുകള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. പലവിധ പ്രതികരണങ്ങളും വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്.
‘ദൈവമേ, ഞാന്‍ എല്ലായ്‌പ്പോഴും അത്ഭുതപ്പെട്ടിട്ടുണ്ട്. എന്തുകൊണ്ടാണ് സ്ത്രീകള്‍ക്ക് മാത്രമായി ഒരു ക്ലബ് ഇല്ലാത്തത് എന്ന്. സങ്കോചമോ, ഭയമോ ഇല്ലാതെ നൃത്തം ചെയ്യാന്‍ കഴിയുന്ന സംഗീതം ആസ്വദിക്കാന്‍ കഴിയുന്ന ഒരിടം. ഇന്‍ഡോറിലും ഇങ്ങനെയൊരു ക്ലബ് കൊണ്ടുവരൂ.’, ‘അത്യാവശ്യം വേണ്ടിയിരുന്നത്. ഒടുവില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതമായി ആസ്വദിക്കാന്‍ ഒരിടം ആയിരിക്കുന്നു.’, ഉപയോക്താക്കള്‍ എഴുതുന്നു. എന്നാല്‍ ക്ലബിനെ പുരുഷ വിരുദ്ധമെന്ന് വിശേഷിപ്പിച്ചവരും കുറവല്ല.

















