ഇടതുമുന്നണിയുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ കേരള കോണ്‍ഗ്രസ്‌ (എം) തയാറല്ലെന്നു നേതൃത്വം പ്രഖ്യാപിച്ചതോടെ നേതാക്കളെ ഒപ്പം കൂട്ടാന്‍ ഉടന്‍ ശ്രമിക്കേണ്ടതില്ലെന്ന്‌ യു.ഡി.എഫ്‌ തീരുമാനം. നേതാക്കള്‍ എല്‍.ഡി.എഫിനൊപ്പമാണെങ്കിലും പ്രവര്‍ത്തകരുടെ മനസ്‌ യു.ഡി.എഫിനൊപ്പമാണെന്നും അതിനാല്‍ പ്രവര്‍ത്തകരെ ഒപ്പം ചേര്‍ക്കാനുള്ള പദ്ധതികള്‍ക്ക്‌ രൂപം നല്‍കാന്‍ യു.ഡി.എഫ്‌. നേതൃത്വം താഴേത്തട്ടിലേക്കു നിര്‍ദേശം നല്‍കി. സംസ്‌ഥാന സര്‍ക്കാരിന്റ നിലപാടില്‍ അതൃപ്‌തരായ ഒരു വിഭാഗം പ്രവര്‍ത്തകര്‍ കേരള കോണ്‍ഗ്രസി(എം)ലുണ്ട്‌. അവരെ വരുന്ന തദേശ തെരഞ്ഞെടുപ്പിനു മുമ്ബായി യു.ഡി.എഫിന്റെ ഭാഗമാക്കുന്നതിനാണു പദ്ധതി.

മധ്യനിര നേതാക്കള്‍ക്കു തദേശസ്വയം ഭരണ തെരഞ്ഞെടുപ്പില്‍ അര്‍ഹമായ പരിഗണന നല്‍കിയിട്ടാണെങ്കിലും യു.ഡി.എഫിന്റെ ഭാഗമാക്കാനാണ്‌ തീരുമാനം. കേരള കോണ്‍ഗ്രസിന്റെ അടിസ്‌ഥാന വോട്ട്‌ ബാങ്കായ ക്രൈസ്‌തവ വിഭാഗങ്ങള്‍ വന്യമൃഗങ്ങളുടെ ആക്രമണം മുതല്‍ പുതിയ മദ്യനയം വരെയുള്ള വിഷയങ്ങളില്‍ സര്‍ക്കാരിനെതിരേ കടുത്ത പ്രതിഷേധത്തിലാണ്‌. പാലാക്കാട്‌ ബ്രുവറി തുടങ്ങാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരേ പ്രക്ഷോഭം ആരംഭിക്കുമെന്ന്‌ ക്രൈസ്‌തവ സഭകളുടെ സംയുക്‌ത വേദിയായ നിലയ്‌ക്കല്‍ എക്യുമെനിക്കല്‍ ട്രസ്‌റ്റിന്റെ ഭാരവാഹികളും കെ.സി.ബി.സിയും മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌. ബ്രുവറി ആരംഭിക്കുന്നതിനെതിരേ നിയമനടപടി സ്വീകരിക്കുമെന്നു നിലയ്‌ക്കല്‍ എക്യൂമെനിക്കല്‍ ട്രസ്സ്‌ വൈസ്‌ പ്രസിഡന്റ്‌ ജോഷ്വാ മാര്‍ ഗ്രിഗോറിയോസ്‌ മെത്രാപ്പോലീത്ത വ്യക്‌തമാക്കിയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഈ സാഹചര്യത്തില്‍ ബ്രുവറി വിഷയത്തില്‍ സര്‍ക്കാര്‍ ഉറച്ചു നിന്നാല്‍ സഭ എടുക്കുന്ന നിലപാട്‌ സര്‍ക്കാരിനെതിരാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. സഭയുടെ നിലപാടിനെ അനുകൂലിക്കുന്ന കേരള കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരുടെ വികാരം യു.ഡി.എഫിനനുകൂലമാകുമെന്നാണ്‌ യു.ഡി.എഫ്‌ നേതൃത്വത്തിന്റെ കണക്കുകുട്ടല്‍. ഇതു കൂടി കണക്കിലെടുത്താണു പ്രതിപക്ഷ നേതാവ്‌ വി.ഡി.സതീശന്റെ നേതൃത്വത്തില്‍ ഈ മാസം 27 മുതല്‍ മലയോര സമര പ്രചരണ ജാഥ സംഘടിപ്പിക്കുന്നത്‌. മലയോര മേഖലകളില്‍ കൂടി മാത്രമാണു ജാഥ സംഘടിപ്പിക്കുന്നത്‌. കണ്ണൂര്‍ ജില്ലയിലെ ഉളിക്കല്‍ നിന്നും തുടങ്ങുന്ന ജാഥ തിരുവനന്തപുരം ജില്ലയിലെ അമ്ബൂരിയില്‍ ഫെബ്രുവരി നാലിനു സമാപിക്കും.

കേരള കോണ്‍ഗ്രസിനു സ്വാധീനമുള്ള മേഖകളില്‍ കൂടിയാണു യാത്ര സംഘടിപ്പിക്കുന്നത്‌. വന്യമൃഗങ്ങളുടെ ആകമണത്തില്‍ നിന്നും മലയോര കര്‍ഷകരെയും ജനങ്ങളെയും രക്ഷിക്കുക, കാര്‍ഷിക മേഖലയിലെ തകര്‍ച്ചയ്‌ക്കു പരിഹാരം ഉണ്ടാക്കുക, ബഫര്‍ സോണ്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുക തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ചാണു യാത്ര. വര്‍ഷങ്ങളായി കത്തോലിക്കാ സഭ ഉള്‍പ്പടെയുള്ള ക്രൈസ്‌തവവിഭാഗങ്ങളും ഈ വിഷയം ഉന്നയിച്ച്‌ പ്രക്ഷോഭത്തിലാണ്‌. ഇതു കേരള കോണ്‍ഗ്രസ്‌ (എം) എങ്ങനെ നേരിടുമെന്നതാണു വരുംദിവസങ്ങളില്‍ കേരളം കാത്തിരിക്കുന്നത്‌.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക