സ്വകാര്യ യൂണിവേഴ്സിറ്റി കേരളത്തിലെ പ്രമുഖ മാധ്യമങ്ങളുടെ ഒന്നാം പേജില്‍ നല്‍കിയ പരസ്യത്തിന്‍റെ ഭാഗമായി, നോട്ട് നിരോധനം പ്രാബല്യത്തില്‍ വരുന്നു എന്ന വാർത്ത വന്നത് സാമ്ബത്തിക കേരളത്തെ അക്ഷരാർഥത്തില്‍ ഞെട്ടിച്ചെന്ന് കേരള വ്യാപാരി വ്യവസായി ഏകോപ സമിതി സംസ്ഥാന പ്രസിഡന്‍റും, കോണ്‍ഫെഡറേഷൻ ഓഫ് ആള്‍ ഇന്ത്യ ട്രേഡേഴ്സ് (CAIT) ദേശീയ സെക്രട്ടറിയുമായ എസ്.എസ്. മനോജ്.
ഭാവനയില്‍ സൃഷ്ടിച്ചത് എന്ന പേരില്‍, സർക്കാരും പ്രധാനമന്ത്രിയുടെ ഓഫിസും റിസർവ് ബാങ്കും ധനമന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും പ്രതിപക്ഷ നേതാവിന്‍റെ ഓഫിസും അടക്കമുള്ള ഭരണഘടനാ സ്ഥാപനങ്ങളുടെ പേരുകള്‍ ദുരുപയോഗം ചെയ്തും, തെറ്റായി വ്യാഖ്യാനിച്ചും നല്‍കപ്പെട്ട പരസ്യത്തിന്‍റെ പേരില്‍ സാമ്ബത്തിക രംഗത്ത് സൃഷ്ടിച്ച ആശങ്കകള്‍ ചെറുതല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.മാധ്യമങ്ങളെ സാക്ഷികളാക്കി, പരസ്യം നല്‍കിയ യൂണിവേഴ്സിറ്റിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.മാധ്യമങ്ങളെ പൂർണമായി വിശ്വസിക്കുന്ന കേരളീയ സമൂഹത്തോട് പുലർത്തേണ്ട ഉത്തരവാദിത്വം ഈ പരസ്യത്തിലൂടെ മാധ്യമങ്ങള്‍ ഒരു പരിധിവരെ മറന്നുപോയി എന്നു മനസിലാക്കുന്നതായും അദ്ദേഹം പറഞ്ഞു.
മാധ്യമങ്ങളുടെ മേലുള്ള വിശ്വാസം വായനക്കാർക്കിടയില്‍ നിലനിർത്താൻ, ഇത്തരം പരസ്യങ്ങള്‍ ഉയർത്തുന്ന വെല്ലുവിളിയും മാധ്യമങ്ങള്‍ മനസിലാക്കുമെന്നു വിശ്വസിക്കുന്നു. വാർത്തകളുടെ രൂപത്തില്‍ പരസ്യങ്ങള്‍ നല്‍കുമ്ബോള്‍ മാധ്യമങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.പരസ്യവും വാർത്തയും പ്രത്യേകമായി തിരിച്ചറിയാൻ കഴിയുന്ന ഫോർമാറ്റില്‍ പ്രസിദ്ധീകരിക്കുന്നത് ഇത്തരം ആശങ്കകളും ആശയക്കുഴപ്പങ്ങളും ഒഴിവാക്കാൻ സാധിക്കും എന്നും എസ്.എസ്. മനോജും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി എം. നസീറും പറഞ്ഞു.





