പാലാ സെന്റ് തോമസ് സ്കൂളിൽ വിദ്യാർഥിക്ക് സഹപാഠികളിൽ നിന്നും മർദ്ദനമേറ്റ സംഭവം അധ്യാപകരുടെ കുറ്റകരമായ അനാസ്ഥ കൂടിയാണ് ചൂണ്ടിക്കാട്ടുന്നത്. ഒരു കുട്ടിയെ സഹപാഠികൾ ചേർന്ന് സ്കൂളിനുള്ളിൽ വച്ച് മർദ്ദിക്കുകയും വസ്ത്രം ഉരിയുകയും, ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ആണ് ഉണ്ടായത്. സംഭവം നടന്നത് കഴിഞ്ഞ വെള്ളിയാഴ്ച ആണെന്നാണ് പറയപ്പെടുന്നത്.
എന്നാൽ സംഭവം ഉണ്ടായി ഒരാഴ്ച പിന്നിട്ടിട്ടും അധ്യാപകർ വിഷയം അറിയുകയോ ഇടപെടുകയോ ചെയ്തില്ല എന്നതാണ് ഗൗരവതരം. കുട്ടിയുടെ നഗ്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത് അറിഞ്ഞ വീട്ടുകാരാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. സ്കൂൾ ക്യാമ്പസിനുള്ളിൽ മൊബൈൽ ഫോൺ കൊണ്ടുവരുവാനുള്ള അനുവാദം പോലും വിദ്യാർത്ഥികൾക്കില്ല എന്നിരിക്കെ ഒരു ആൾക്കൂട്ട വിചാരണയുടെ രൂപത്തിൽ സഹപാഠിയെ മർദ്ദിച്ചതും നഗ്ന വീഡിയോ ദൃശ്യങ്ങൾ ചിത്രീകരിച്ച് പ്രചരിപ്പിച്ചതും ലക്ഷങ്ങൾ സർക്കാർ ശമ്പളം എണ്ണി വാങ്ങുന്ന അധ്യാപകർ അറിയാതെ പോയത് ക്രിമിനൽ അനാസ്ഥയാണ് എന്ന് പറയാതെ വയ്യ.
പ്രമുഖ അധ്യാപകന് മുഖ്യം രാഷ്ട്രീയം
സ്കൂളിനെ ഒറ്റയ്ക്ക് ചുമലിലേറ്റി നടക്കുന്നു എന്ന ഭാവത്തിൽ മുൻപോട്ട് പോകുന്ന രാഷ്ട്രീയക്കാരനായ ഒരു അധ്യാപകനാണ് സ്കൂളിലെ പ്രമുഖൻ. കേരള കോൺഗ്രസ് എം നിയോജകമണ്ഡലം പ്രസിഡണ്ടായ ടോബിൻ കെ അലക്സ് ആണ് ഈ വ്യക്തിത്വം. കുട്ടികളുടെ പഠന/ പഠനേതര കാര്യങ്ങളിൽ ശ്രദ്ധിക്കുകയും അവരുടെ സ്വഭാവ രൂപീകരണ പ്രക്രിയയിൽ സജീവമായി ഇടപെടുകയും ചെയ്യേണ്ട ഇദ്ദേഹത്തെ പോലുള്ള അധ്യാപകർക്ക് പക്ഷേ മുഖ്യം രാഷ്ട്രീയമാണ്. ഒരു മുഴുവൻ സമയ രാഷ്ട്രീയക്കാരനെ പോലെ നിയോജകമണ്ഡലത്തിൽ ഉള്ള വിവാഹ മരണ ചടങ്ങുകളിൽ പങ്കെടുക്കുകയും രാഷ്ട്രീയ പ്രചാരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ആണ് ഇദ്ദേഹത്തിന്റെ മുഖ്യ പരിപാടി.
കേസെടുക്കേണ്ടത് അധ്യാപകർക്കെതിരെ
വിദ്യാർഥികൾക്ക് ക്യാമ്പസിൽ സുരക്ഷ ഒരുക്കേണ്ടത് അധ്യാപകരാണ്. അതുകൊണ്ടുതന്നെ ഒരു വിദ്യാർത്ഥി ക്യാമ്പസിനുള്ളിൽ വച്ച് , സ്കൂൾ പ്രവർത്തന സമയത്ത് ക്രൂരമായ പീഡനത്തിന് ഇരയാക്കപ്പെട്ടിട്ടുണ്ട് എങ്കിൽ അത് അധ്യാപകരുടെ കൃത്യവിലോപം തന്നെയാണ്. അതുകൊണ്ടുതന്നെ പോക്സോ ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ ചുമത്തി അധ്യാപകർക്കെതിരെ കൂടി കേസെടുക്കേണ്ടതാണ്.
മാനേജ്മെന്റ് തല ഇടപെടലും അനിവാര്യം
വിദ്യാർത്ഥികളുടെ കാര്യങ്ങൾ ശ്രദ്ധിക്കാതെ രാഷ്ട്രീയവുമായി നടക്കുന്ന അധ്യാപകർക്ക് മൂക്കുകയറിടുവാൻ മാനേജ്മെന്റ് തയ്യാറാവേണ്ടതും അത്യന്താപേക്ഷിതമാണ്. ഇത്തരം കുറ്റകൃത്യങ്ങളുടെ ഉത്തരവാദിത്വം ആത്യന്തികമായി മാനേജ്മെൻറ് മേലാണ് വന്നുചേരുന്നത്. അതുകൊണ്ടുതന്നെ ഇത്തരം ദുരനുഭവങ്ങൾ വിദ്യാർത്ഥികൾക്ക് ഉണ്ടാവാതിരിക്കാനും, അധ്യാപനവും വിദ്യാലയത്തിന്റെ പ്രവർത്തനങ്ങളും കൃത്യതയോടെ നടക്കുന്നു എന്ന് ഉറപ്പുവരുത്തുവാനും മാനേജ്മെൻറ് തല ഇടപെടൽ അനിവാര്യമാണ് എന്ന് അധികൃതർ മനസ്സിലാക്കേണ്ടതുണ്ട്.

















