വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ സ്ഥാപനങ്ങള്‍ക്കെതിരെ അന്വേഷണം ശക്തമാക്കാൻ ഇഡി. ബോബിയുടെ സ്ഥാപനങ്ങളായ ഫിജികാർട്ട്, ക്രെഡിറ്റ് സൊസൈറ്റി എന്നിവയ്ക്കെതിരെയാണ് അന്വേഷണം നടത്തുന്നത്.ഫിജികാർട്ട് എന്ന സ്ഥാപനത്തിൻ്റെ മറവില്‍ വിദേശത്തേക്ക് കോടിക്കണക്കിന് രൂപ കടത്തിയതായി ഇഡിക്ക് നേരത്തെ തന്നെ പരാതി ലഭിച്ചിരുന്നു.
ഫിജികാർട്ടുമായി ബന്ധപ്പെട്ട് മുൻപ് രണ്ട് തവണ ഇഡി ബോബി ചെമ്മണ്ണൂരിൻ്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. പിന്നാലെ ക്രെഡിറ്റ് സൊസൈറ്റിക്കെതിരെയും കഴിഞ്ഞ ദിവസം പരാതി ലഭിച്ചു. ഈ പരാതി ശക്തമായി അന്വേഷിക്കാനാണ് ഇഡിയുടെ നീക്കം.
അതേസമയം നടിയെ ലൈംഗികമായി അധിക്ഷേപിച്ച കേസില്‍ റിമാൻഡിലായ ബോബി ചെമ്മണ്ണൂർ ഇന്ന് ഹൈക്കോടതിയില്‍ ജാമ്യപേക്ഷ നല്‍കും. ഹർജി അടിയന്തരമായി പരിഗണിക്കാനും അപേക്ഷ നല്‍കും. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത സാഹചര്യത്തിലാണ് ബോബി ഹൈക്കോടതിയില്‍ ജാമ്യപേക്ഷ നല്‍കുന്നത്.
ബുധനാഴ്ചയാണ് പ്രതിയായ ബോബി ചെമ്മണ്ണൂരിനെ എറണാകുളം സെൻട്രല്‍ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കുകയായിരുന്നു. ജാമ്യം അനുവദിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും തെളിവ് നശിപ്പിക്കുമെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാണിച്ചതിനെ തുടർന്നാണ് മജിസ്ട്രേറ്റ് കോടതി ജാമ്യപേക്ഷ തള്ളിയത്. ഇന്ന് വീണ്ടും ജാമ്യാപേക്ഷ നല്‍കിയാലും തുടർ ദിവസങ്ങളില്‍ കോടതി അവധിയായതിനാല്‍ ബോബി ജയിലില്‍ തന്നെ തുടരേണ്ടി വരും.
എന്നാല്‍ ബോബി ചെമ്മണ്ണൂരിൻ്റെ ജാമ്യാപേക്ഷയെ എതിർക്കാൻ കസ്റ്റഡി അപേക്ഷ നല്‍കാനാണ് പൊലീസിൻ്റെ നീക്കം. ജാമ്യാപേക്ഷ കോടതിയില്‍ എത്തിയാല്‍ ഉടൻ ബോബിയെ കസ്റ്റഡിയില്‍ വേണമെന്ന് പൊലീസ് ആവശ്യപ്പെടും. കഴിഞ്ഞ ദിവസം ഹോസ്‌പിറ്റലില്‍ അതിക്രമം നടത്തിയവരെ കണ്ടെത്തി നടപടി സ്വീകരിക്കാനും പൊലീസ് നീക്കം നടത്തും.