കേരള രാഷ്ട്രീയത്തിലെ ഇന്നത്തെ സജീവ ചർച്ചകളിലൊന്ന് ജോസ് കെ മാണിയും അദ്ദേഹത്തിന്റെ പാർട്ടിയും ആണ്. തദ്ദേശ തെരഞ്ഞെടുപ്പിനോ, നിയമസഭാ തെരഞ്ഞെടുപ്പിനോ മുന്നോടിയായി ജോസും പാർട്ടിയും മുന്നണി മാറുമോ എന്നതാണ് പ്രധാന ചർച്ചകളിലൊന്ന്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിന് തൊട്ടു മുന്നേയാണ് ജോസ് കെ മാണിയും കൂട്ടരും യുഡിഎഫ് വിട്ട് എൽഡിഎഫിലേക്ക് ചേക്കേറിയത്.
പലവട്ടം മുന്നണി മാറ്റത്തിന് ഇല്ല എന്ന് ജോസ് കെ മാണി തന്നെ വ്യക്തമാക്കിയിട്ടും തങ്ങൾ വാതിൽ തുറന്നിട്ടിരിക്കുകയാണ് എന്നാണ് യുഡിഎഫ് നിലപാട്. മുസ്ലിം ലീഗിന് പിന്നാലെ രമേശ് ചെന്നിത്തലയെ പോലെ മുതിർന്ന കോൺഗ്രസ് നേതാക്കളും അനൗപചാരിക ചർച്ചകൾക്ക് മുൻകൈ എടുക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. മറുവശത്ത് ജോസിനെ മുന്നണിയിൽ ഉറപ്പിച്ചു നിർത്താൻ സിപിഎമ്മും കിണഞ്ഞ് ശ്രമിക്കുന്നുണ്ട്.
ഇപ്പോൾ പുറത്തുവരുന്ന ചില സൂചനകൾ ബിജെപിയും ജോസ് കെ മാണിക്ക് വേണ്ടി വല വിരിക്കുന്നു എന്ന് വ്യക്തമാക്കുന്നതാണ്. ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രിയിൽ വിശ്രമിക്കുന്ന അദ്ദേഹത്തെ ബംഗാൾ ഗവർണർ സി വി ആനന്ദബോസ് സന്ദർശിച്ചതാണ് ഇത്തരം അഭ്യൂഹങ്ങൾക്ക് കാരണം. ബിജെപി കേന്ദ്ര നേതൃത്വവുമായി അടുത്ത ബന്ധം പുലർത്തുന്ന വ്യക്തി കൂടിയാണ് സി വി ആനന്ദബോസ്.
ഹിന്ദു ക്രൈസ്തവ വോട്ടുകളുടെ ഏകീകരണത്തിലൂടെ സംസ്ഥാനത്ത് നേട്ടം ഉണ്ടാക്കാനാണ് ഇപ്പോൾ ബിജെപി ശ്രമിക്കുന്നത്. എന്നാൽ ഈ അടുത്തകാലത്തുണ്ടായ ചില സംഭവവികാസങ്ങൾ ക്രൈസ്തവ വോട്ട് ബാങ്കിലേക്ക് കടന്നു കയറാനുള്ള ബിജെപി ശ്രമങ്ങളെ പ്രതികൂലമായി ബാധിച്ചിരുന്നു. അതിനാൽ ക്രൈസ്തവ വിഭാഗങ്ങൾക്കിടയിൽ സ്വാധീനമുള്ള കേരള കോൺഗ്രസ് ജോസ് വിഭാഗത്തെ കൂടെ കൂട്ടിയാൽ കേരളത്തിലെ ബിജെപി നീക്കങ്ങൾക്ക് അത് മുതൽക്കൂട്ട് ആവാൻ സാധ്യതയുണ്ട്.

















