ഈ വർഷം അവസാനം നടക്കുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ പരമാവധി നേട്ടം സ്വന്തമാക്കാനായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അവതരിപ്പിച്ച പരിപാടിയാണ് മിഷൻ 2025. പാർട്ടിയെ അടിത്തട്ടിൽ ശാക്തീകരിക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. ഇതുകൊണ്ടുതന്നെ ബൂത്ത് വാർഡ് തലങ്ങളിൽ കൺവെൻഷനുകൾ വിളിച്ചുചേർത്ത് പുതിയ കമ്മിറ്റികൾ തിരഞ്ഞെടുക്കുകയാണെന്ന് ആദ്യപടി.
പതിറ്റാണ്ടുകളായി കേരള കോൺഗ്രസ് ഭരണം കയ്യടക്കി വെച്ചിരിക്കുന്ന പാലാ നഗരസഭയിലും ഇതേ ലക്ഷ്യത്തോടുകൂടി തന്നെയാണ് കോൺഗ്രസ് മുന്നേറുന്നത്. 2025ൽ പാലാ നഗരസഭയിൽ യുഡിഎഫ് ഭരണം ഉറപ്പിക്കുകയും കോൺഗ്രസ് പ്രതിനിധി നഗരസഭ അധ്യക്ഷ പദവിയിൽ എത്തുകയും എന്നീ ലക്ഷ്യങ്ങൾ മുന്നിൽകണ്ടാണ് പാർട്ടിയുടെ പ്രവർത്തനമത്രയും. പാലാ മണ്ഡലം പ്രസിഡന്റ് തോമസുകുട്ടി നെച്ചിക്കാടന്റെ നേതൃത്വത്തിൽ ഭിന്നതകൾ മറന്ന് പാർട്ടിയിലെ വിവിധ വിഭാഗങ്ങൾ ഒരേ മനസ്സോടുകൂടിയാണ് ഈ ലക്ഷ്യത്തിനു വേണ്ടി പ്രവർത്തിക്കുന്നത്.
പരമ്പരാഗതമായി ഒരുപാട് കോൺഗ്രസ് കുടുംബങ്ങൾ ഉള്ള പാലായിൽ ഇവരെയെല്ലാം ചേർത്തുനിർത്തി കൊണ്ടുള്ള പ്രവർത്തനങ്ങളാണ് മണ്ഡലം പ്രസിഡന്റിന്റെ നേതൃത്വത്തിൽ ഏകോപിപ്പിക്കുന്നത്. കാലങ്ങളായി നേതൃനിരയിലും പാർട്ടി പ്രവർത്തനത്തിനും സജീവമല്ലാതിരുന്ന ആളുകളെ തിരികെ എത്തിക്കുന്നതും നേതൃത്വം സവിശേഷ ശ്രദ്ധ ചെലുത്തുന്ന ഒരു വിഷയമാണ്. പാർട്ടിയുടെ വാർഡ് കൺവെൻഷനുകളിലെ ജനപങ്കാളിത്തം ഈ പ്രവർത്തനങ്ങളുടെ വിജയത്തെയാണ് സൂചിപ്പിക്കുന്നത്.
26 വാർഡുകളിലും പുതുതായി വാർഡ് കമ്മിറ്റി രൂപീകരണം പൂർത്തിയാക്കുവാൻ മണ്ഡലം കമ്മിറ്റിക്ക് കഴിഞ്ഞിട്ടുണ്ട്. ദിവസങ്ങൾക്കകം തന്നെ മണ്ഡലം ഭാരവാഹികളെയും നിശ്ചയിക്കുവാൻ കഴിയുമെന്നാണ് നേതൃത്വം പ്രതീക്ഷിക്കുന്നത്. ഈ പ്രവർത്തനങ്ങൾ പൂർത്തിയായാൽ അടുത്ത ഘട്ടത്തിൽ പുതുതായി വോട്ട് ചേർക്കുന്നതിൽ ആവും പാർട്ടി ശ്രദ്ധ ചെലുത്തുന്നത് എന്ന് മണ്ഡലം പ്രസിഡൻറ് തോമസുകുട്ടി നെച്ചിക്കാടൻ ഞങ്ങളുടെ പ്രതിനിധിയോട് വ്യക്തമാക്കി. കോൺഗ്രസിൽ പതിവില്ലാത്ത ഐക്യത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടത് അണികൾക്കും ആവേശം തന്നെയാണ്.