
ഹോസ്റ്റല്‍ ജീവിതം പലർക്കും വൻ നൊസ്റ്റാള്‍ജിയ ആയിരിക്കും. വളരെ രസകരമായ ദിവസങ്ങളാണ് ഹോസ്റ്റല്‍ ജീവിതം പലപ്പോഴും സമ്മാനിക്കുന്നത്.ജീവിതത്തില്‍ അനേകം വികൃതികളും കുസൃതികളും അടിച്ചുപൊളികളും എല്ലാം അക്കാലത്തുണ്ടായിട്ടുണ്ടാവും. എന്നാല്‍, അതേസമയം തന്നെ ഹോസ്റ്റല്‍ വാർഡനും, ഹോസ്റ്റലിലെ ഭക്ഷണവും പലർക്കും ഒരു പേടിസ്വപ്നമാണ്.
ഹോസ്റ്റല്‍ വാർഡൻമാർ പൊതുവേ ഗൗരവക്കാരായിരിക്കും. പ്രത്യേകിച്ചും പെണ്‍കുട്ടികളുടെ ഹോസ്റ്റലുകളിലെ വാർഡന്മാർ. രാത്രിയായാല്‍ ലൈറ്റ് പാടില്ല, മൊബൈല്‍ ഫോണ്‍ പാടില്ല, ഇന്ന സമയത്ത് ഹോസ്റ്റലില്‍ കയറണം തുടങ്ങി അനേകം നിയമങ്ങള്‍ ഉണ്ടാവും പാലിക്കാൻ. അതെല്ലാം പാലിക്കപ്പെടുന്നുണ്ടോ എന്നും ഇവർ നോക്കിയിരിക്കും.
ആഘോഷം എന്നതൊന്നും ഹോസ്റ്റല്‍ ജീവിതത്തില്‍ പലർക്കും സങ്കല്പിക്കാൻ പോലും പറ്റുന്നതാവില്ല. എന്നാല്‍, അതിനെയെല്ലാം തിരുത്തിക്കുറിക്കുന്ന ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്, നിധി എന്ന യൂസറാണ്. മുംബൈയില്‍ നിന്നാണ് ഈ വീഡിയോ പകർത്തിയിരിക്കുന്നത് എന്നാണ് മനസിലാവുന്നത്. ന്യൂ ഇയർ രാത്രിയിലെ പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ നിന്നുള്ള ആഘോഷങ്ങളാണ് വീഡിയോയില്‍ ഉള്ളത്.
അവർ നൃത്തം ചെയ്യുന്നതും ആഘോഷിക്കുന്നതും എല്ലാം വീഡിയോയില്‍ കാണാം. പെട്ടെന്നാണ് അങ്ങോട്ട് അവരുടെ ഹോസ്റ്റലിന്റെ വാർഡൻ കടന്നുവരുന്നത്. പെട്ടെന്ന് ഒരുനിമിഷം അവിടെ നിശബ്ദതയാണ്. എന്നാല്‍, വാർഡൻ അവരുടെ അടുത്തേക്ക് കയറി വരുന്നു. ഒരു പെണ്‍കുട്ടി വാർഡന്റെ കൈപിടിച്ച് ഒപ്പം കൂട്ടുന്നതും കാണാം. വാർഡനും അതോടെ അവർക്കൊപ്പം ആഘോഷത്തില്‍ പങ്കുചേരുകയാണ്.വളരെ പെട്ടെന്നാണ് വീഡിയോ ശ്രദ്ധിക്കപ്പെട്ടത്. ഒരുപാടുപേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയതും. പലരും തങ്ങളുടെ ഹോസ്റ്റല്‍ ജീവിതം ഓർത്തെടുക്കാൻ കൂടി ഈ ഒരു വീഡിയോ കാരണമായിത്തീർന്നിട്ടുണ്ട്.