താക്കോല്‍ സ്ഥാന വിവാദത്തിലൂടെ എൻ.എസ്.എസുമായുള്ള ഊഷ്മള ബന്ധം നഷ്ടമായ ചെന്നിത്തല വീണ്ടും മന്നം ജയന്തി വേദിയില്‍.ജനറല്‍ സെക്രട്ടറി ജി. സുകുമാരൻ നായരുമായി തെറ്റുകുറ്റങ്ങള്‍ പറഞ്ഞ് പരിഹരിച്ച് മഞ്ഞുരുക്കിയാണ് ചെന്നിത്തല മന്നം ജയന്തി സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്താനെത്തുന്നത്.
വർഷങ്ങള്‍ക്കു ശേഷം ചെന്നിത്തല – എൻഎസ്‌എസ് ബന്ധം ദൃഢമാകുമ്ബോള്‍ പുതിയ രാഷ്ട്രീയ തന്ത്രങ്ങള്‍ ഒരുങ്ങുന്നതിനുള്ള സൂചനയും വ്യക്തമാകുന്നു. യു.ഡി.എഫ് രാഷ്ട്രീയത്തിലും ഇതിന്റെ അലയൊലികളുണ്ടായേക്കും.ഇന്ത്യയുടെ അറ്റോർണി ജനറല്‍ ആർ.വെങ്കിടരമണി ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തില്‍ കോട്ടയം എം.പി ഫ്രാൻസിസ് ജോർജും പങ്കെടുക്കും .2013ല്‍ ചെന്നിത്തലയ്ക്ക് ആഭ്യന്തരമന്ത്രിസ്ഥാനം നല്‍കാൻ എൻ.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരൻ നായർ നടത്തിയ താക്കോല്‍ സ്ഥാന പരാമർശമാണ് കേരള രാഷ്ട്രീയത്തില്‍ പിന്നീട് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്.
അന്ന് കെ.പി.സി. സി അദ്ധ്യക്ഷനായ രമേശ് ചെന്നിത്തലയെ യു.ഡി.എഫ് സർക്കാരിന്റെ താക്കോല്‍ സ്ഥാനത്ത് എത്തിച്ചില്ലെങ്കില്‍ അധികാരത്തില്‍ തുടരാൻ ഭൂരിപക്ഷ ജനവിഭാഗം അനുമതി നല്‍കില്ലെന്ന ജി. സുകുമാരൻ നായരുടെ പ്രസംഗമാണ് കേരളത്തിലെ യു.ഡി.എഫ് രാഷ്ട്രീയത്തില്‍ പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്.എന്നാല്‍ തുടർന്ന് വാർത്താസമ്മേളനം നടത്തിയ രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്കില്ലെന്ന് അസന്നിഗ്ദമായി പ്രഖ്യാപിക്കുകയായിരുന്നു.തന്റെ നിലപാടുകള്‍ സുവ്യക്തമായിരിക്കെ എൻ.എസ്.എസ് ജനറല്‍ സെക്രട്ടറി നടത്തിയ പ്രസംഗത്തില്‍ തന്നെ വലിച്ചിഴയ്‌ക്കേണ്ട കാര്യമില്ലെന്ന് കൂടി അദ്ദേഹം വ്യക്തമാക്കിയതോടെയാണ് ചെന്നിത്തലയുമായി എൻ.എസ്.എസ് നേതൃത്വം കടുത്ത അകല്‍ച്ചയിലായത്.
പിന്നീട് നടന്ന ഒരു എൻ എസ് എസ് പരിപാടികളിലേക്കും ചെന്നിത്തലയെ ക്ഷണിച്ചിരുന്നില്ല. കഴിഞ്ഞ തവണ ശശി തരൂർ എം.പി മന്നം ജയന്തി സമ്മേളനത്തില്‍ സംസാരിച്ചിരുന്നു. അന്നും ചെന്നിത്തലയെ നേതൃത്വം ഗൗനിച്ചിരുന്നില്ല.ഇത്തവണ ജയന്തി സമ്മേളനത്തിന് മുമ്ബ് തന്നെ ജി.സുകുമാരൻ നായരുമായി ചിലരുടെ സഹായത്തോടെ ചെന്നിത്തല ആശയവിനിമയം നടത്തിയതിനെ തുടർന്നാണ് പഴയകാര്യങ്ങള്‍ വിസ്മരിച്ച് അദ്ദേഹത്തെ ജയന്തി സമ്മേളനത്തിലേക്ക് ക്ഷണിച്ചിട്ടുള്ളത്.

















