രാജ്യസഭാ ചെയർമാൻ ജഗ്ദീപ് ധൻകറിനെതിരായ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം തള്ളി. രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ ഹരിവംശാണ് അവിശ്വാസപ്രമേയം തള്ളിയത്.14 ദിവസം മുമ്ബ് നോട്ടീസ് നല്‍കണമെന്ന നിബന്ധന പാലിച്ചില്ല, ജഗ്ദീപ് ധൻകറിന്റെ പേര് സ്പെല്ലിങ് തെറ്റിച്ചെഴുതി എന്നീ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അവിശ്വാസ പ്രമേയം തള്ളിയത്.
രാജ്യസഭാ ചെയർമാൻ എന്ന നിലയില്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ ഏകപക്ഷീയമായി പെരുമാറുന്നുവെന്ന് ആരോപിച്ചാണ് ഇന്ത്യ സഖ്യം അവിശ്വാസപ്രമേയം കൊണ്ടുവന്നത്. പ്രമേയത്തിന് അവതരണാനുമതി തേടി ചൊവ്വാഴ്ച പ്രതിപക്ഷം രാജ്യസഭയില്‍ നോട്ടീസ് നല്‍കി. രാജ്യചരിത്രത്തില്‍ ആദ്യമായാണ് ഉപരാഷ്ട്രപതിയെ നീക്കാനായി നോട്ടീസ് നല്‍കുന്നത്. അതേസമയം പ്രതിപക്ഷത്തിന്റെ അംഗബലം ഉപയോഗിച്ച് ജഗ്ദീപ് ധൻകറെ നീക്കുക അസാധ്യമാണെങ്കിലും രാജ്യസഭാ ചെയർമാന്റെ ഏകപക്ഷീയമായ പെരുമാറ്റം തുറന്നുകാണിക്കുകയാണ് ഇതിലൂടെ ഇന്ത്യ സഖ്യം ലക്ഷ്യമിട്ടത്.
ഉപരാഷ്ട്രപതിയെ നീക്കുന്ന പ്രമേയത്തിന് 14 ദിവസംമുൻപ് നോട്ടീസ് നല്‍കണമെന്നിരിക്കേ ഈമാസം 20-ന് അവസാനിക്കുന്ന ശീതകാല സമ്മേളനത്തില്‍ അവിശ്വാസപ്രമേയം വരില്ലെന്ന് നേരത്തേ ഉറപ്പായിരുന്നു. പ്രതിപക്ഷ പാർട്ടികള്‍ക്കിടയിലെ അസ്വാരസ്യങ്ങള്‍ക്കിടെ ‘ഇന്ത്യസഖ്യ’ത്തിന്റെ ഐക്യം ഉറപ്പിക്കാനുള്ള രാഷ്ട്രീയ നീക്കംകൂടിയാണ് നോട്ടീസിലൂടെ ലക്ഷ്യമിട്ടത്.
അറുപതോളം രാജ്യസഭാംഗങ്ങള്‍ ഒപ്പുവെച്ച നോട്ടീസാണ് കോണ്‍ഗ്രസ് നേതാക്കളായ ജയറാം രമേശും നാസീർ ഹുസൈനും രാജ്യസഭാ സെക്രട്ടറിജനറല്‍ പി.സി. മോദിക്ക് നല്‍കിയത്. കോണ്‍ഗ്രസിനുപുറമേ തൃണമൂല്‍ കോണ്‍ഗ്രസ്, എ.എ.പി., ഡി.എം.കെ., ആർ.ജെ.ഡി., സി.പി.എം., ജെ.എം.എം., സി.പി.ഐ. അംഗങ്ങളാണ് ഒപ്പുവെച്ചത്. രാജ്യസഭയിലെ പ്രതിപക്ഷനേതാവായ കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കോണ്‍ഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധി എന്നിവരും പ്രതിപക്ഷ പാർട്ടികളുടെ സഭയിലെ കക്ഷിനേതാക്കളും ഒഴികെയുള്ളവരാണ് ഒപ്പിട്ടത്.
ഉപരാഷ്ട്രപതിയെ നീക്കുന്നതെങ്ങനെ?
ഉപരാഷ്ട്രപതിയെ നീക്കുന്നതിനെക്കുറിച്ച് ഭരണഘടനയുടെ 67-ബി അനുച്ഛേദത്തിലാണ് പറയുന്നത്. രാജ്യസഭയിലെ ആകെ അംഗങ്ങളിലെ ഭൂരിപക്ഷവും ലോക്സഭയില്‍ അപ്പോഴുള്ള അംഗങ്ങളിലെ ഭൂരിപക്ഷവും പ്രമേയത്തെ പിന്തുണയ്ക്കണം. പ്രമേയാവതരണത്തിനുള്ള നോട്ടീസ് 14 ദിവസംമുൻപ് നല്‍കണം. അതേസമയം, എന്തെല്ലാം കാരണത്താല്‍ ഉപരാഷ്ട്രപതിയെ നീക്കാമെന്ന് ഭരണഘടനയിലില്ല. രാജ്യസഭാ ചെയർമാൻ എന്നല്ല, ഉപരാഷ്ട്രപതി എന്നാണ് അനുച്ഛേദത്തില്‍ പറയുന്നത്. അവിശ്വാസം എന്നോ ഇംപീച്ച്‌മെന്റ് എന്നോ അല്ല, ‘നീക്കംചെയ്യല്‍’ എന്ന വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്.
നോട്ടീസ് അടുത്ത സമ്മേളനത്തിലും നിലനില്‍ക്കുമോ?
പാർലമെന്റില്‍ വിവിധ പ്രമേയങ്ങള്‍ക്കുംമറ്റും അനുമതിതേടുന്ന നോട്ടീസുകളുടെ കാലാവധി അതത് സമ്മേളനങ്ങള്‍ കഴിയുന്നതോടെ ഇല്ലാതാവും. എന്നാല്‍, ഉപരാഷ്ട്രപതിയെ നീക്കുന്ന വിഷയത്തില്‍ ഇത് ബാധകമാണോ എന്നതില്‍ അവ്യക്തതയുണ്ട്. ഉപരാഷ്ട്രപതിയെ നീക്കാനുള്ള നടപടികള്‍ സഭാചട്ടത്തിലല്ല, ഭരണഘടനയിലാണ് പറയുന്നത് എന്നതിനാല്‍ സഭാധ്യക്ഷന് ഏതുതരത്തിലും വ്യാഖ്യാനിക്കാനാകുമെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടി. അതേസമയം, നോട്ടീസിന് അടുത്ത സമ്മേളനത്തിലും സാധുതയുണ്ടാകുമെന്ന് എം.പി.മാരായ എൻ.കെ. പ്രേമചന്ദ്രൻ, പി. സന്തോഷ് കുമാർ എന്നിവർ അഭിപ്രായപ്പെട്ടു. വേദനയോടെയാണെങ്കിലും ഇന്ത്യസഖ്യത്തിന് ഇതല്ലാതെ മറ്റ് പോംവഴിയില്ലെന്ന് ഉപരാഷ്ട്രപതിയെ നീക്കാനുള്ള പ്രമേയത്തെക്കുറിച്ച് കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ് പ്രതികരിച്ചിരുന്നു.






