താനെ: പ്രണയം നിരസിച്ചതിന് 21 കാരിയായ യുവതിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ താനെ സെഷൻസ് കോടതി ഒരാൾക്ക് ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ഡിസംബർ 12ലെ ഉത്തരവിൽ, പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി എസ് ബി അഗർവാൾ ആകാശ് കുമാർ പവാറിന് (25) 60,000 രൂപ പിഴയും വിധിച്ചു. രണ്ട് ദൃക്‌സാക്ഷികളുൾപ്പെടെ 21 സാക്ഷികളെ വിചാരണ വേളയിൽ വിസ്തരിച്ചു. ബേഡേക്കർ കോളേജിൽ പഠിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന യുവതിയോട് 2018-ൽ പ്രണയമുണ്ടെന്ന് പറയുകയും സൗഹൃദ വാഗ്ദാനവുമായി പവാർ സമീപിച്ചിരുന്നുവെന്നുമാണ് പ്രോസിക്യൂഷൻ പറയുന്നത്.
എന്നാൽ പവാറിനോട് താല്പര്യം ഇല്ലെന്ന് പറഞ്ഞ യുവതിയെ പ്രതി വക വരുത്താൻ തീരുമാനിക്കുകയായിരുന്നു. പവാർ യുവതിയെ 13 തവണയാണ് കുത്തിയതെന്നും , മറ്റൊരു കത്തി കൂടി വാങ്ങി വെച്ചിരുന്നു വെന്നും പ്രോസിക്യൂഷൻ കണ്ടെത്തി.രക്തം വാർന്നൊഴുകുന്ന യുവതിയെ രണ്ടാമത്തെ കത്തി ഉപയോഗിച്ചും ഇയാൾ ആക്രമണം തുടർന്നു,പ്രോസിക്യൂഷൻ കൂട്ടിച്ചേർത്തു.
കുറ്റകൃത്യം നടന്ന സ്ഥലത്ത് ജനക്കൂട്ടം തടിച്ചുകൂടാൻ തുടങ്ങിയതോടെ, രണ്ടാമത്തെ കത്തി സംഭവസ്ഥലത്ത് നിന്ന് 500 മീറ്റർ അകലെ വലിച്ചെറിയുന്നതിനിടെ പവാർ ഓടി രക്ഷപ്പെട്ടു. തുടർന്ന്, സുഹൃത്തുക്കളെ കണ്ട് കൊലപാതകത്തെക്കുറിച്ച് പറഞ്ഞു, തുടർന്ന് ഭിവണ്ടിയിലെ നാർപോളി പോലീസ് സ്റ്റേഷനിൽ കീഴടങ്ങി.അതിനിടെ, ഇരയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും യുവതി മരിച്ചതായി സ്ഥിരീകരിച്ചിരുന്നു.

















