
കോട്ടയം ഡിസിസിയിൽ ചേർന്ന് ജില്ലാ കോൺഗ്രസ് നേതൃയോഗത്തിൽ പൊട്ടിത്തെറിച്ച് എഐസിസി സെക്രട്ടറി പി വി മോഹൻ. നിരവധി ഡിസിസി ഭാരവാഹികളുടെയും ബ്ലോക്ക് പ്രസിഡൻമാരുടെയും യോഗത്തിലെ അസാന്നിധ്യമാണ് ഹൈക്കമാൻഡ് പ്രതിനിധിയെ പ്രകോപിതനാക്കിയത്. ഇതുകൂടാതെ പാർട്ടി മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി ഇഷ്ടക്കാരെ തിരുകി കയറ്റാൻ വേണ്ടി ബ്ലോക്ക് തലത്തിൽ ജംബോ കമ്മിറ്റികൾ നിശ്ചയിച്ചതിലുള്ള അതൃപ്ത്തിയും അദ്ദേഹം വ്യക്തമാക്കി.
ഹൈക്കമാൻഡ് പ്രതിനിധിയുടെ സന്ദർശനത്തെ തണുപ്പൻ രീതിയിലാണ് കോട്ടയം ഡിസിസി നേതൃത്വം സ്വീകരിച്ചത് എന്നും ആക്ഷേപങ്ങൾ ഉയരുന്നുണ്ട്. സാധാരണഗതിയിൽ ദേശീയ നേതാക്കളുടെ സാന്നിധ്യത്തിൽ നേതൃയോഗം വിളിച്ചുചേർക്കുമ്പോൾ അതിന് വലിയ പബ്ലിസിറ്റി നൽകാറുണ്ട്. എന്നാൽ ബ്ലോക്ക് പുനസംഘടനയുടെ പശ്ചാത്തലത്തിൽ പാർട്ടിക്കുള്ളിൽ അതൃപ്തി പുകഞ്ഞു നിൽക്കുന്ന സാഹചര്യത്തിൽ പ്രവർത്തകർ പരാതിയുമായി കൂട്ടത്തോടെ എത്തുന്ന അവസ്ഥ മുൻകൂട്ടി കൊണ്ടാണ് യോഗ നടപടികൾ രഹസ്യമായി സൂക്ഷിച്ചതെന്നും ആക്ഷേപമുണ്ട്.
ജില്ലയിലെ മുതിർന്ന നേതാവായ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഇന്നത്തെ പരിപാടിയിൽ പങ്കുചേരാനുള്ള അസൗകര്യം എഐസിസി പ്രതിനിധിയെ നേരിട്ട് വിളിച്ച് അറിയിച്ചിരുന്നു. അദ്ദേഹം കാണിച്ച മര്യാദ പോലും ഡിസിസി ഭാരവാഹികളും ബ്ലോക്ക് പ്രസിഡണ്ടുമാരും കാണിക്കാഞ്ഞത് യോഗത്തിന്റെ പ്രാധാന്യത്തിന് ഡിസിസി വേണ്ടത്ര ഗൗരവം കൊടുത്തില്ല എന്ന് ചിന്ത സജീവമാക്കുന്നുണ്ട്. പാർട്ടി മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി ജംബോ കമ്മിറ്റികൾ രൂപീകരിച്ച് എല്ലാവരെയും ബ്ലോക്ക് ഭാരവാഹികൾ ആക്കുമ്പോൾ മണ്ഡലം ബൂത്ത് തലങ്ങളിൽ ഭാരവാഹികളെ കിട്ടാതാവുന്ന സാഹചര്യം വിവിധ ബ്ലോക്ക് പ്രസിഡണ്ടുമാർ ചർച്ചയിൽ ഉയർത്തിക്കാട്ടി.
ജില്ലയിലെ പാർട്ടിയുടെ കുത്തഴിഞ്ഞ സംവിധാനത്തിൽ അസ്വസ്ഥനായ എഐസിസി സെക്രട്ടറി മുൻകൂട്ടി അനുവാദം വാങ്ങാതെ വിട്ടു നിന്ന എല്ലാ ഭാരവാഹികളോടും വിശദീകരണം ചോദിക്കുവാൻ ഡിസിസി അധ്യക്ഷന് നിർദ്ദേശം നൽകി. എല്ലാ ബ്ലോക്കുകളിലും യോഗം വിളിച്ചു ചേർക്കാനുള്ള തീരുമാനം മാറ്റി ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും എഐസിസി പ്രതിനിധിയുടെ സാന്നിധ്യത്തിൽ യോഗം വിളിച്ചുചേർക്കുവാനും തീരുമാനമായി.
സ്വതന്ത്ര അഭിപ്രായങ്ങളും നിലപാടുകളും ഉള്ളവരെ പാടെ ഒഴിവാക്കി സ്വന്തം ഇഷ്ടക്കാരെ മാത്രം കൂട്ടി പാർട്ടി നടത്തുന്ന ജില്ലാ കോൺഗ്രസ് നേതൃത്വത്തിന് എഐസിസി സെക്രട്ടറിയുടെ കടുത്ത നിലപാടുകൾ തിരിച്ചടിയാണ്. പുനസംഘടനയിൽ ധാരാളം സിൽബന്ധികൾക്ക് പദവികൾ വാരിക്കോരി നൽകിയത് മണ്ഡലം യോഗങ്ങളിൽ ചർച്ചയാകും എന്ന് ഉറപ്പാണ്. ജില്ലാ നേതൃ മാറ്റത്തെക്കുറിച്ച് ചർച്ചകൾ സജീവമായിരിക്കുന്ന അന്തരീക്ഷത്തിൽ പ്രതികൂലമായ ഒരു റിപ്പോർട്ടിംഗ് ഹൈക്കമാൻഡ് പ്രതിനിധിയുടെ ഭാഗത്തുണ്ടായാൽ പാർട്ടിയിലെ ഭാവി തന്നെ അവതാളത്തിലാകും എന്ന ആശങ്കയും കോട്ടയത്തെ കോക്കസ് ഗ്രൂപ്പിനിടയിൽ ഉണ്ട് എന്നാണ് റിപ്പോർട്ടുകൾ.