പുഷ്‌പ 2 പ്രീമിയറിനിടെ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച സംഭവത്തില്‍ അറസ്‌റ്റിലായ തെന്നിന്ത്യൻ സൂപ്പർതാരം അല്ലു അർജുന് കോടതി ജാമ്യം നിഷേധിച്ചു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. തെലുങ്ക് സൂപ്പർതാരത്തെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു എന്നാണ് റിപ്പോർട്ട്. ഇതോടുകൂടി ഇന്ന് രാത്രി എങ്കിലും അല്ലു അർജുൻ ജയിലിൽ കഴിച്ചു കൂട്ടേണ്ടി വരുമെന്ന് ഉറപ്പാണ്. ശനിയാഴ്ച ഹൈക്കോടതി കേസ് പരിഗണിച്ചില്ല എങ്കിൽ തിങ്കളാഴ്ച വരെ എങ്കിലും സൂപ്പർതാരത്തിന്റെ ജയിൽവാസം നീളും എന്നാണ് സൂചന.
വീട്ടിൽ നിന്നും കസ്റ്റഡിയിലെടുത്തതിന് പിന്നാലെ അല്ലു അർജുനെ പോലീസ് സ്റ്റേഷനിൽ എത്തിച്ച്വിശദമായി ചോദ്യം ചെയ്‌തു. ചിക്കാടപ്പള്ളി പോലീസ് സ്‌റ്റേഷനില്‍ വച്ചാണ് അല്ലുവിന്റെ മൊഴിയെടുത്തത്. അറസ്‌റ്റ് വിവരം അറിഞ്ഞതിന് പിന്നാലെ അല്ലു അർജുന്റെ അടുത്ത ബന്ധു കൂടിയായ മെഗാസ്‌റ്റാർ ചിരഞ്ജീവി പോലീസ് സ്‌റ്റേഷനിലേക്ക് തിരിച്ചുവെന്നാണ് വിവരം. തന്റെ സിനിമാ ചിത്രീകരണം പാതിവഴിയില്‍ നിർത്തി വച്ചാണ് ചിരഞ്ജീവി സ്‌റ്റേഷനിലേക്ക് തിരിക്കുന്നതെന്നാണ് വിവരം.
അറസ്‌റ്റിന് പിന്നാലെ അല്ലു അർജുനെ കൊണ്ടുപോയ ചിക്കാടപ്പള്ളി പോലീസ് സ്‌റ്റേഷന് പുറത്ത് ആരാധകർ തടിച്ചുകൂടിയിരിക്കുകയാണ്. വൻ ജനക്കൂട്ടം തന്നെയാണ് ചിക്കാടപ്പള്ളി സ്‌റ്റേഷന് പുറത്തുള്ളത്. അല്ലു അർജുന്റെ പിതാവ് അല്ലു അരവിന്ദും ഇളയ സഹോദരൻ അല്ലു സിരിഷും ചിക്കാടപ്പള്ളി പോലീസ് സ്‌റ്റേഷനില്‍ തുടരുകയാണ്. നടന് പുറമേ കേസില്‍ അദ്ദേഹത്തിന്റെ സുരക്ഷാ ജീവനക്കാരും അറസ്‌റ്റിലായിട്ടുണ്ടെന്നാണ് പോലീസുമായി അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന വിവരം.
ജാമ്യമില്ലാത്ത വകുപ്പുകള്‍ ഉള്‍പ്പെടെ ചുമത്തിയാണ് പോലീസ് കേസെടുത്തത്. മൊഴിയെടുക്കലിന് ശേഷം അല്ലു അർജുനെ ഗാന്ധി ആശുപത്രിയില്‍ വൈദ്യപരിശോധന നടത്തുവാനായി എത്തിച്ചിരുന്നു. കനത്ത സുരക്ഷാ സന്നാഹങ്ങളോയുടെ അകമ്ബടിയോടെയായിരുന്നു യാത്ര. വൈദ്യ പരിശോധനക്ക് ശേഷം അല്ലു അർജുനെ നമ്ബള്ളി മജിസ്ട്രേറ്റിന് മുമ്ബാകെ ഹാജരാക്കി. ട്വിറ്ററില്‍ ഉള്‍പ്പെടെ അല്ലു അർജുന്റെ അറസ്‌റ്റിന് പിന്നാലെ ആരാധകർ പ്രതിഷേധവുമായി രംഗത്ത് വരുന്നുണ്ട്. ഇതോടെ പോലീസ് സ്‌റ്റേഷന് പുറത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
അതേസമയം, സന്ധ്യ തിയേറ്ററിലെ തിക്കിലും തിരക്കിലുംപെട്ട് മരിച്ച യുവതിയുടെ ഭർത്താവ് പോലീസില്‍ നല്‍കിയ പരാതിയെ തുടർന്നാണ് നടനെതിരെ കേസെടുത്തത്. അല്ലു അർജുന്റെ സുരക്ഷാ സംഘം ആള്‍ക്കൂട്ടത്തെ തള്ളിയിടുന്നതിനിടയില്‍ തന്റെ ഭാര്യ രേവതിക്ക് ശ്വസിക്കാൻ പോലും കഴിയാതെ താഴെ വീഴുകയായിരുന്നുവെന്ന് പരാതിക്കാരനായ മഗുഡംപള്ളി ഭാസ്‌കർ ആരോപിക്കുന്നു.ചിത്രത്തിന്റെ പ്രീമിയർ കാണാനെത്തിയ 39കാരിയായ രേവതിയാണ് തിക്കിലും തിരക്കിലുംപെട്ട് മരണപ്പെട്ടത്. യുവതിയുടെ മകന് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു. ദുരന്തത്തില്‍ ദുഃഖം രേഖപ്പെടുത്തിയ അല്ലു അർജുൻ രേവതിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് അറിയിച്ചിരുന്നു. പരിക്കേറ്റ കുട്ടിയുടെ ചികിത്സാ ചിലവ് ഏറ്റെടുക്കുമെന്നും പറഞ്ഞിരുന്നു.

















