സംസ്ഥാന സ്കൂള്‍ കലോത്സവത്തിലെ അവതരണഗാനം പഠിപ്പിക്കാൻ ആവശ്യപ്പെട്ടതിന് നടി അഞ്ച് ലക്ഷം രൂപ പ്രതിഫലം ആവശ്യപ്പെട്ടതായി മന്ത്രി വി ശിവൻകുട്ടി. കലോത്സവങ്ങളിലൂടെ പേരെടുത്തവർ കുറച്ചു സിനിമയും കാശുമായപ്പോള്‍ കേരളത്തോട് അഹങ്കാരം കാണിക്കുകയാണ് എന്നും മന്ത്രി കുറ്റപ്പെടുത്തി. നടിയുടെ പേര് എടുത്ത് പറയാതെയായിരുന്നു വിമർശനം.

ജനുവരിയില്‍ നടക്കുന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ അവതരണ ഗാനത്തിനു വേണ്ടി 10 മിനിറ്റ് ദൈർഘ്യമുള്ള ഒരു നൃത്തം പഠിപ്പിക്കാമോ എന്നാണ് നടിയോട് ചോദിച്ചത്. അവർ സമ്മതിക്കുകയും ചെയ്തു. എന്നാല്‍ അവർ 5 ലക്ഷം രൂപയാണ് പ്രതിഫലം ചോദിച്ചത്. വിദ്യാഭ്യാസ മന്ത്രി എന്ന നിലയ്ക്ക് ഏറെ വേദനിപ്പിച്ച സംഭവമാണിതെന്നും ശിവൻ കുട്ടി പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇത്രയും വലിയ തുക നല്‍കി കുട്ടികളെ സ്വാഗതഗാനം പഠിപ്പിക്കേണ്ട എന്നു തീരുമാനിച്ചെന്നും. സാമ്ബത്തിക മോഹികളല്ലാത്ത നൃത്ത അധ്യാപകർ നിരവധിയുണ്ടെന്നും അവരെ ഉപയോഗിച്ച്‌ സ്വാഗത ഗാനം പഠിപ്പിക്കാൻ തീരുമാനിച്ചെന്നും മന്ത്രി വ്യക്തമാക്കി. സ്കൂള്‍ കലോത്സവത്തില്‍ പങ്കെടുത്ത് ന‍ൃത്തത്തില്‍ വിജയിച്ചതു കാരണമാണ് സിനിമയിലെത്തുന്നത്. ഇത്തരക്കാർ പിൻതലമുറയിലുള്ള കുട്ടികള്‍ക്ക് മാതൃകയാകേണ്ടവരാണ്. കുറച്ചു സിനിമയും കുറച്ചു കാശും ആയപ്പോള്‍ കേരളത്തോട് അഹങ്കാരം കാണിക്കുകയാണ്. കേരളത്തിലെ 47 ലക്ഷം വിദ്യാർഥികളോടാണ് ഈ നടി അഹങ്കാരം കാണിച്ചിരിക്കുന്നത്.- വി ശിവൻകുട്ടി പറഞ്ഞു.

അതേസമയം ഏത് നടിയാണ് എന്ന് ശിവൻകുട്ടി വ്യക്തമാക്കുന്നില്ലെങ്കിലും കലോത്സവത്തിലൂടെ ഉയർന്നുവന്ന നടിയാണ് എന്ന് പറയുമ്പോൾ നിരവധി ആളുകൾക്ക് നേരെയാണ് സംശയമുന നീളുന്നത്. മഞ്ജു വാര്യർ, കാവ്യാമാധവൻ, നവ്യ നായർ, രചന നാരായണൻകുട്ടി, ദിവ്യ ഉണ്ണി , അമ്പിളി ദേവി, ശാലു മേനോൻ എന്നിവർ ഇത്തരത്തിൽ കലോത്സവ വേദികളിലൂടെ ഉയർന്നുവന്ന് സിനിമയിലും സീരിയലിലും താരങ്ങളായവരാണ്. ഇതിൽ തന്നെ ഇപ്പോൾ ഡാൻസ് സ്കൂൾ നടത്തുന്നത് നവ്യ നായർ രചന നാരായണൻകുട്ടി, ദിവ്യ ഉണ്ണി, അമ്പിളി ദേവി, ശാലു മേനോൻ എന്നിവരാണ്. അതുകൊണ്ടുതന്നെ നടി ആര് എന്നതിനെ സംബന്ധിച്ച് ചർച്ചകളും, ഊഹാപോഹങ്ങളും കൊഴുക്കുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക