കോട്ടയം നഗരത്തിന്റെ മുഖച്ഛായ തന്നെ മാറ്റുമായിരുന്ന പദ്ധതിയാണ് ആകാശപാത. നഗര സൗന്ദര്യവൽക്കരണവും, ഗതാഗത നിയന്ത്രണവും ഒരുപോലെ സാധ്യമാക്കുമായിരുന്ന ദീർഘവീക്ഷണമുള്ള പദ്ധതി. നടത്തിപ്പ് ചെലവുകൾ സ്വയം കണ്ടെത്താൻ കഴിയുന്ന നിലയിലായിരുന്നു പദ്ധതി ആവിഷ്കരിച്ചത്. കേരളത്തിൽ ഇത്തരത്തിൽ ഒരു പദ്ധതി ആദ്യമായി വിഭാവനം ചെയ്തതും നിർമ്മാണം ആരംഭിച്ചതും കോട്ടയത്താണ്.
തിരുവഞ്ചൂർ രാധാകൃഷ്ണൻ മന്ത്രിയായിരുന്ന കാലഘട്ടത്തിൽ മൂന്നിലൊന്നു പണിയും പൂർത്തിയാക്കിയിരുന്നു. എന്നാൽ പിണറായി സർക്കാർ അധികാരത്തിൽ എത്തിയതോടെ സർക്കാർ ഏജൻസിയായിരുന്ന കിറ്റ്ക്കോ ഏറ്റെടുത്ത നിർമ്മാണം നിലച്ചു. കഴിഞ്ഞ എട്ടു വർഷത്തിനിടയിൽ പദ്ധതിയുടെ നിർമ്മാണം ഒരിഞ്ചു പോലും മുന്നോട്ടു പോകുവാൻ ഇടതുപക്ഷ സർക്കാർ അനുവദിച്ചില്ല. തിരുവഞ്ചൂരിനെ ലക്ഷ്യമിട്ട് നടന്ന ഗൂഡമായ രാഷ്ട്രീയ പകപോക്കൽ ആയിരുന്നു ഇതിന് പിന്നിൽ എന്നതാണ് യാഥാർത്ഥ്യം. ഇപ്പോൾ ഈ പദ്ധതി സർക്കാർ എങ്ങനെയാണ് ആസൂത്രിതമായി അട്ടിമറിച്ചതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ തന്നെ വ്യക്തമാക്കിയിരിക്കുകയാണ്:- വീഡിയോ ചുവടെ കാണാം.
തിരുവഞ്ചൂരിന്റെ പ്രസക്തമായ വെളിപ്പെടുത്തലുകൾ
യഥാർത്ഥത്തിൽ കേരളത്തിന് മാതൃകയാകുമായിരുന്ന കോട്ടയത്തിന്റെ സ്വന്തം സ്കൈ വാക് പദ്ധതി ഒരുപറ്റം ആളുകളുടെ രാഷ്ട്രീയ വൈരനിര്യാതന ബുദ്ധികൊണ്ട് ഇല്ലാതാക്കാൻ ശ്രമിക്കുകയാണ്. ഈ പ്രോജക്ടിന് എ എസ് ഉണ്ട്, ടി എസ് ഉണ്ട്, ഗവൺമെന്റ് ഏജൻസിയായ കിറ്റ്കോ പണി ഏറ്റെടുത്തിട്ടുണ്ട്. ഏകദേശം വൺ തേർഡ് പണി പൂർത്തിയാക്കിയിട്ടുണ്ട്, ടു തേർഡ് പണി കഴിഞ്ഞ എട്ടുവർഷമായി പൂർത്തിയാക്കാൻ അനുവദിക്കാതെ തട്ടി മാറ്റുകയാണ് ചെയ്തത്. പലവട്ടം ഇതുമായി ബന്ധപ്പെട്ട ചർച്ചയ്ക്ക് വിളിച്ചപ്പോൾ നിർമ്മാണ പ്രവർത്തനങ്ങളുടെ ഉത്തരവാദിത്വമുള്ള കിറ്റ്കോ വ്യക്തമാക്കിയത് ഞങ്ങൾ അത് എട്ടു മാസത്തിനകം പൂർത്തിയാക്കാം പക്ഷേ കൊടുക്കാനുള്ള പണം നൽകണം എന്നാണ്. ഇവർക്ക് കൊടുക്കാനുള്ളതിനേക്കാൾ കൂടുതൽ പണം സർക്കാർ മുൻപേ തന്നെ വിലയിരുത്തിയിട്ടുണ്ട്, ഗവൺമെന്റിന്റെ പക്കൽ ഈ പദ്ധതിക്ക് വേണ്ടി വിലയിരുത്തി വെച്ചിട്ടുള്ളതാണ്. 3 കോടി 29 ലക്ഷം രൂപ ഈ പദ്ധതിയുടെ നിർവഹണത്തിന് വേണ്ടി ഗവൺമെന്റിന്റെ കയ്യിൽ ബാലൻസ് ഉണ്ട്. ഈ പണം കയ്യിലിരുന്നിട്ടാണ് ഗവൺമെന്റ് കിറ്റ്കോയ്ക്ക് തീർത്ത പണിയുടെ പണം പോലും നൽകാതെ മനപ്പൂർവ്വം പണി അട്ടിമറിക്കാൻ ശ്രമിക്കുന്നത്.
ആദ്യം ഈ പദ്ധതിയുടെ സ്ട്രക്ച്ചറൽ സ്റ്റെബിലിറ്റിയെ കുറിച്ചായിരുന്നു സംശയം. കേരള സർക്കാരിൻറെ കീഴിലുള്ള പൊതുമരാമത്ത് വകുപ്പ് എൻജിനീയർമാർ ഇത് പരിശോധിച്ചു. എന്നാൽ ചിലയാളുകൾ ഉദ്ദേശിച്ച റിപ്പോർട്ട് അല്ല വന്നത്. ഇതിന് കുഴപ്പമൊന്നുമില്ല സ്ട്രക്ച്ചറൽ സ്റ്റബിലിറ്റി ഉണ്ട് എന്ന് അവർ സത്യസന്ധമായി റിപ്പോർട്ട് ചെയ്തു. അപ്പോൾ ട്രെൻഡ് മാറി, തൃശൂർ എൻജിനീയറിങ് കോളേജിലെ വിദഗ്ധന്മാരെ കൊണ്ട് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു. ഞങ്ങൾ എതിർത്തില്ല, അവർ വന്നപ്പോഴും ഇതിന് സ്ട്രക്ച്ചറൽ സ്റ്റെബിലിറ്റി ഉണ്ട് എന്ന റിപ്പോർട്ടാണ് നൽകിയത്.
ഇവിടെയും ഉദ്ദേശിച്ച ലക്ഷ്യം സാധിക്കാത്തതിനാൽ പാലക്കാട് ഐഐഎടി അന്വേഷിക്കണം എന്ന് പറഞ്ഞു. പാലക്കാട് ഐഐടിയും സ്ട്രെക്ചറൽ സ്റ്റബിലിറ്റിയെ കുറിച്ച് തൃപ്തി അറിയിച്ചതോടെ അതും പോരാ ചെന്നൈയിലുള്ള ഒരു സ്ഥാപനം നോക്കണമെന്ന് പറഞ്ഞു. അവർ നോക്കി കഴിഞ്ഞപ്പോഴും അടിത്തൂണിന് ഒരു കുഴപ്പവുമില്ല എന്ന് അവരും റിപ്പോർട്ട് ചെയ്തു. അവരാകപ്പാടെ പറഞ്ഞത് മുകളിൽ പണിതീരാത്തതുകൊണ്ട് നിരത്തിയിട്ടിരിക്കുന്ന പൈപ്പുകളിൽ ഉള്ള ചില പ്രശ്നങ്ങളെ കുറിച്ചാണ്. അത് പരിഹരിക്കുന്നതിനുള്ള നിർദ്ദേശത്തെ കുറിച്ചും അവർ പറഞ്ഞു. ഇങ്ങനെ നാലാമത്തെ ഏജൻസി പോലും പരിശോധിച്ച് കുഴപ്പമില്ല എന്ന് പറഞ്ഞ ശേഷവും ഗവൺമെന്റ് തർക്കം പറഞ്ഞു കൊണ്ടിരിക്കുകയാണ്.
ഇത് ചില ആളുകളുടെ തർക്കമാണ്. ഈ പദ്ധതി ഒരു കാരണവശാലും നടത്തിക്കില്ല എന്ന് ശപഥം ചെയ്തിട്ടുള്ള ചില ആളുകളുണ്ട്. അവരുടെ തർക്കമാണ് പ്രധാന പ്രശ്നം. ഇതുമായി ബന്ധപ്പെട്ട പല ചർച്ചകളിലും മന്ത്രി വാസവനും മുൻ ഗതാഗത മന്ത്രി ആന്റണി രാജുവും പങ്കെടുത്തിരുന്നു. അവരുടെ അഭിപ്രായങ്ങളും തന്റെ പക്കൽ ഉണ്ടെന്നും തിരുവഞ്ചൂർ അറിയിച്ചു. അന്നും തർക്കങ്ങൾ ഉണ്ടായിരുന്നതും പരിഹാരങ്ങൾ നിർദ്ദേശിച്ചതും സ്ട്രക്ച്ചറൽ സ്റ്റെബിലിറ്റിയെ സംബന്ധിച്ചാണ്. അതല്ലാതെ ഈ നിമിഷം വരെ അവിടെ ഭൂമി ഏറ്റെടുക്കണമെന്ന് ആരും പറഞ്ഞിട്ടില്ല.
ജില്ലാ കളക്ടർ അവസാനം തനിക്ക് തന്ന കത്തിലും തുകയുടെ പ്രശ്നങ്ങളാണ് പറഞ്ഞത്. അഞ്ചാറു വർഷം കഴിഞ്ഞതുകൊണ്ട് തുകയിൽ എസ്കലേഷൻ ഉണ്ടായിട്ടുണ്ടെന്നാണ് കളക്ടറുടെ വാദം. ടെക്നിക്കാലിറ്റിയെക്കുറിച്ചോ സ്ഥലം എടുക്കുന്നതിനെക്കുറിച്ചോ തർക്കമില്ല. 1 കോടി 65 ലക്ഷം രൂപ എംഎൽഎ ഫണ്ടിൽനിന്ന് അധികമായി അനുവദിക്കാമോ എന്ന് മാത്രമാണ് കളക്ടർ ചോദിച്ചിട്ടുള്ളത്. അത് അനുവദിക്കാമെന്ന് കാട്ടി താൻ കത്തും നൽകിയിട്ടുണ്ട്. ഇതിനുശേഷം ഒരു മറുപടിയും തനിക്ക് ലഭിച്ചിട്ടില്ല എന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ വ്യക്തമാക്കി
ഇതിനുശേഷം നിർമ്മാണം ആരംഭിച്ച തൃശൂരിലെയും കൊല്ലത്തെയും സ്കൈ വാക്കുകളുടെ നിർമ്മാണം പൂർത്തിയായി. ഇവിടെ മാത്രം നമ്മൾ കാത്തിരിക്കുകയാണ്. ഇത് യഥാർത്ഥത്തിൽ ഒരു നാടിനോട് ചെയ്യാവുന്ന ഏറ്റവും വലിയ തെറ്റായ നടപടിയാണ്. ഇത് ഗവൺമെന്റിനെ കൊണ്ട് ചില ആളുകൾ ചെയ്യിച്ചതായ്. താൻ ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകിയപ്പോൾ ആ കത്ത് ഈ പദ്ധതിയുടെ നിർവഹണവുമായി ഒരു ബന്ധവുമില്ലാത്ത തദ്ദേശ സ്വയംഭരണ വകുപ്പിന് കൈമാറി എന്നാണ് മറുപടി ലഭിച്ചത്. ഗവൺമെന്റ് രാഷ്ട്രീയമായ വൈരനിര്യാദന ബുദ്ധി അവസാനിപ്പിച്ച് വികസനത്തോട് പുറംതിരിഞ്ഞ് നിൽക്കുന്ന സമീപനം അവസാനിപ്പിക്കണം എന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ ആവശ്യപ്പെട്ടു.

















