വ്യവസായ വകുപ്പിന് കീഴിലുള്ള 18 പൊതുമേഖലാ സ്ഥാപനങ്ങളുടെ 272.2 കോടി രൂപയുടെ വൈദ്യുതി കുടിശ്ശിക എഴുതി തള്ളി സംസ്ഥാന സര്‍ക്കാര്‍.

കെഎസ്‌ഇബി സര്‍ക്കാരിന് നല്‍കാനുണ്ടായിരുന്ന വൈദ്യുതി ഡ്യൂട്ടി ഒഴിവാക്കി നല്‍കിയതിന്റെ ഭാഗമായാണ് പൊതുമേഖലാ സ്ഥാപനങ്ങളുടെ കുടിശ്ശിക ഒഴിവാക്കിയിരിക്കുന്നത്. ചരിത്രത്തിലാദ്യമായാണ് പൊതുമേഖലയുടെ ഇത്രയും വലിയ തുക കുടിശ്ശിക എഴുതിത്തള്ളുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ദീര്‍ഘകാലം വൈദ്യുതി ബില്‍ കുടിശ്ശികയായതോടെ പൊതുമേഖലാസ്ഥാപനങ്ങള്‍ക്ക് ഭീമമായ ബാധ്യതയാണ് ഉണ്ടായിരുന്നത്. കുടിശ്ശിക എഴുതി തള്ളിയതോടെ ഈ ബാധ്യത ഒഴിവായി. പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കുന്നതിന് സാധ്യമായ എല്ലാ വഴികളും ഉപയോഗപ്പെടുത്തുന്നതിന്റെ ഭാഗമായാണ് വൈദ്യുതി കുടിശ്ശിക എഴുതിത്തള്ളിയത് എന്ന് വ്യവസായ ലകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു.

ആട്ടോകാസ്റ്റ് ലിമിറ്റഡ് (113.08 കോടി), ടെക്‌സ്‌റ്റൈല്‍ കോര്‍പ്പറേഷന്‍ (53.69 കോടി), കേരളാ സിറാമിക്‌സ് (44 കോടി,) തൃശൂര്‍ സഹകരണ സ്പിന്നിംഗ് മില്‍ (12. 86 കോടി), മലപ്പുറം സഹകരണ സ്പിന്നിംഗ് മില്‍ (12.71 കോടി), പ്രിയദര്‍ശിനി സഹകരണ സ്പിന്നിങ് മില്‍ (7 കോടി), ആലപ്പുഴ സഹകരണ സ്പിന്നിംഗ് മില്‍ (6.35 കോടി), കണ്ണൂര്‍ സഹകരണ സ്പിന്നിംഗ് മില്‍ (5.61 കോടി) എന്നീ സ്ഥാപനങ്ങളുടെ കുടിശ്ശികയാണ് എഴുതി തള്ളിയത്.

ഇതുകൂടാതെ മാല്‍ക്കോടെക്‌സ് (3.75 കോടി), ട്രിവാന്‍ഡ്രം സ്പിന്നിംഗ് മില്‍ (3.49 കോടി), കൊല്ലം സഹകരണ സ്പിന്നിംഗ് മില്‍ (2.61 കോടി), സീതാറാം ടെക്‌സ്‌റ്റൈല്‍സ് (2.1 1 കോടി), ട്രാവന്‍കൂര്‍ സിമന്റ്‌സ് ലിമിറ്റഡ് (1.6 4 കോടി), കേരള സോപ്പ്‌സ് ലിമിറ്റഡ് (1.33 കോടി), കെ. കരുണാകരന്‍ മെമ്മോറിയല്‍ സഹകരണ സ്പിന്നിംഗ് മില്‍ (97 ലക്ഷം), സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് കേരള ലിമിറ്റഡ് (39 ലക്ഷം), കേരള സ്റ്റേറ്റ് ബാംബൂ കോര്‍പ്പറേഷന്‍ (34 ലക്ഷം), കെല്‍ – ഇഎംഎല്‍ (27 ലക്ഷം) എന്നീ സ്ഥാപനങ്ങളുടെ കുടിശ്ശികയും എഴുതിത്തള്ളിയിട്ടുണ്ട്.

യഥാസമയം ബില്‍ അടക്കാത്തതുമൂലം വൈദ്യുതി വിച്ഛേദിക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ നേരിട്ടിരുന്നു. കുടിശ്ശിക ഒഴിവായത് പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്താന്‍ സ്ഥാപനങ്ങള്‍ക്ക് കഴിയും. അതേസമയം സംസ്ഥാനത്ത് ഉടന്‍ വൈദ്യുതി നിരക്ക് കൂടും എന്നാണ് വിവരം. നിരക്ക് കൂട്ടുന്നതിന് പുറമെ ജനുവരി മുതല്‍ മെയ് വരെ സമ്മര്‍ താരിഫായി യൂണിറ്റിന് പത്ത് പൈസയും കൂട്ടണമെന്ന് കെഎസ്‌ഇബി റെഗുലേറ്ററി കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു.

നിരക്ക് വര്‍ധനവ് അനിവാര്യമാണ് എന്നാണ് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി പറയുന്നത്. കുറഞ്ഞ വിലക്ക് വൈദ്യുതി വാങ്ങാനുള്ള കരാര്‍ കെഎസ്‌ഇബി റദ്ദാക്കിയിരുന്നു. ഇതാണ് അടിക്കടിയുള്ള നിരക്ക് വര്‍ധിപ്പിക്കാനുള്ള കാരണങ്ങളിലൊന്ന്. ആഭ്യന്തര ഉല്‍പ്പാദനത്തിലെ കുറവ്, പുറത്ത് നിന്ന വൈദ്യുതി വാങ്ങുന്നതിലെ ചെലവിലുണ്ടായ വര്‍ധന, വര്‍ധിച്ചു വരുന്ന പ്രവര്‍ത്തന പരിപാലന ചെലവുകള്‍ എന്നിവയും നിരക്ക് വര്‍ധനയ്ക്ക് കാരണമാണ്.

2022 ജൂണ് 26 നും 2023 നവംബര്‍ ഒന്നിനുമാണ് അവസാനമായി സംസ്ഥാനത്ത് വൈദ്യുതി നിരക്കുകള്‍ കൂട്ടിയത്. യൂണിറ്റിന് 4.45 ശതമാനം വര്‍ധനവ് വേണം എന്നാണ് കെഎസ്‌ഇബി പറയുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക