ഇന്ത്യയുടെ ദേശീയ പതാകയെ അവഹേളിച്ച് ബംഗ്ലാദേശിലെ വിദ്യാർത്ഥികള്‍. ബംഗ്ലാദേശിലെ വിവിധ സർവ്വകലാശാലകളില്‍ വിദ്യാർത്ഥികള്‍ ഇന്ത്യൻ പതാകയില്‍ ചവിട്ടി നടക്കുന്ന ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
ഈ സംഭവം ഇന്ത്യയിലുടനീളം വ്യാപകമായ ജനരോഷത്തിന് കാരണമായിരിക്കുകയാണ്.
ബംഗ്ലാദേശ് യൂണിവേഴ്സിറ്റി ഓഫ് എൻജിനീയറിംഗ് ആൻഡ് ടെക്നോളജി, ധാക്ക യൂണിവേഴ്സിറ്റി, നൊഖാലി സയൻസ് ആൻഡ് ടെക്നോളജി യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലാണ് ഇന്ത്യയുടെ ദേശീയ പതാകയ്ക്ക് അവഹേളനം നേരിട്ടത്. സർവ്വകലാശാലകളുടെ കവാടത്തിലാണ് നിലത്ത് ഇന്ത്യയുടെ പതാക പെയിന്റ് ചെയ്തിരിക്കുന്നത്. നൊഖാലി സർവ്വകലാശാലയില്‍ ഇന്ത്യയുടെ പതാകയോടൊപ്പം ഇസ്രായേലിൻ്റെ പതാകയും കാണാം. പതാകയിലൂടെ വിദ്യാർത്ഥികള്‍ ചവിട്ടി നടക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നതോടെ സമൂഹ മാധ്യമങ്ങളില്‍ ഇന്ത്യക്കാർ രൂക്ഷവിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. ഇതില്‍ ഉള്‍പ്പെട്ടവർക്കെതിരെ നടപടിയെടുക്കണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്. ഇന്ത്യൻ സർവ്വകലാശാലകളില്‍ നിന്ന് ബംഗ്ലാദേശി വിദ്യാർത്ഥികളെ നാടുകടത്തണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
ഹിന്ദു സന്യാസി ചിന്മയ് കൃഷ്ണദാസിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ വലിയ അക്രമ സംഭവങ്ങളാണ് ബംഗ്ലാദേശില്‍ അരങ്ങേറിയത്. ഇതോടെ ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള തർക്കം രൂക്ഷമാകുകയായിരുന്നു. രാജ്യ വിരുദ്ധ നിയമം ചുമത്തിയാണ് ഇൻറർനാഷണല്‍ സൊസൈറ്റി ഫോർ കൃഷ്ണ കോണ്‍ഷിയസ്നെസ് (ഇസ്കോണിലെ) ആത്മീയ നേതാവ് ചിൻമയ് കൃഷ്ണ ദാസിനെ ബംഗ്ലാദേശ് പൊലീസ് അറസ്റ്റ് ചെയ്തത്. കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് കൃഷ്ണദാസ് നിലവില്‍ ചിറ്റഗോങില്‍ ജയിലിലാണ്.
ബംഗ്ലാദേശിലെ ഹിന്ദുക്കള്‍, ക്ഷേത്രങ്ങള്‍, മതപരമായ സ്ഥലങ്ങള്‍ എന്നിവയ്‌ക്കെതിരായ വർദ്ധിച്ചുവരുന്ന ആക്രമണങ്ങളില്‍ കേന്ദ്രസർക്കാർ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ന്യൂനപക്ഷങ്ങളെയും പൗരന്മാരെയും സംരക്ഷിക്കേണ്ടത് ബംഗ്ലാദേശ് സർക്കാരിൻ്റെ ഉത്തരവാദിത്തമാണെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ വ്യക്തമാക്കിയിരുന്നു. ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാൻ ശക്തമായ നടപടികള്‍ സ്വീകരിക്കാൻ ഇന്ത്യ ബംഗ്ലാദേശിനോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

















