വിദേശത്ത് കുടിയേറാൻ യുവാക്കള്‍ നെട്ടോട്ടം ഓടുന്നകാലത്ത് 20-ല്‍ അധികം വിദേശരാജ്യങ്ങളിലെ കമ്ബനികള്‍ക്കായി വീട്ടിലിരുന്നു ബ്രാൻഡിങ് ചെയ്യുകയാണ് 31-കാരനായ സാല്‍വിൻ മാത്യു. കട്ടപ്പന അമ്ബലക്കവല ഒ.ജെ. നഗർ കല്ലുങ്കല്‍കിഴക്കേതില്‍ സാല്‍വിൻ മാത്യുവാണ് ഒട്ടേറെ വിദേശ കമ്ബനികളുടെ ബിസിനസ് ബ്രാൻഡ് ഐഡന്റിറ്റി ഡെവലപ്പർ ആയി വീട്ടിലിരുന്ന് ജോലിചെയ്ത് ലക്ഷങ്ങള്‍ കൊയ്യുന്നത്. മാസം മൂന്നുമുതല്‍ 13 ലക്ഷം രൂപവരെ ഇങ്ങനെ നേടുന്നുണ്ട്.
എട്ടുവർഷം മുൻപാണ് സാല്‍വിൻ ബ്രാൻഡിങ് എന്ന തൊഴില്‍ രംഗത്തേക്ക് കടക്കുന്നത്. ഗ്രാഫിക് ഡിസൈനറായി സ്വകാര്യകമ്ബനിയില്‍ ഉള്‍പ്പെടെ ജോലി നോക്കിയിരുന്ന കാലത്താണ് ഡിസൈനിങ് രംഗത്ത് സ്വതന്ത്രമായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹം ഉണ്ടായത്. കട്ടപ്പന നഗരത്തിലും പരിസരത്തുമുള്ള പ്രാദേശിക കമ്ബനികളുടെ പേരും ലോഗോയും ബോർഡും ആപ്തവാക്യങ്ങളുമൊക്കെ ചെയ്താണ് തുടക്കം. ഹെയർ കട്ടിങ് സലൂണ്‍ ആണ് ആദ്യം ഡിസൈനിങ്ങും ബ്രാൻഡിങ്ങും ഏല്‍പ്പിച്ചത്. ‘തല’ എന്ന് സലൂണിന് പേരിട്ട് ‘തലയില്‍ കയറി മുടിവെട്ടാം’ ആപ്തവാക്യവും ഒപ്പം ചേർത്തു. ഇത് ശ്രദ്ധിക്കപ്പെട്ടതോടെ കൂടുതല്‍ പ്രാദേശിക കമ്ബനികള്‍ തേടിയെത്തി.
അന്താരാഷ്ട്ര തലത്തിലുള്ള ലോഗോ, ബോർഡ്, കവറുകള്‍ തുടങ്ങിയവ ഡിസൈൻചെയ്യുന്ന മത്സരങ്ങളില്‍ പങ്കെടുത്തത് വഴിത്തിരിവായി. മത്സരങ്ങളില്‍ തുടർച്ചയായി വിജയങ്ങള്‍ നേടിയതോടെ വിവിധ രാജ്യങ്ങളില്‍നിന്നുള്ള കമ്ബനികളുടെ മാർക്കറ്റിങ് വിഭാഗങ്ങള്‍ തേടിയെത്തി. യു.എസ്, കാനഡ, യു.എ.ഇ., യൂറോപ്യൻ രാജ്യങ്ങള്‍, ആഫ്രിക്കൻ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍നിന്നുള്ള കമ്ബനികളുടെ വ്യത്യസ്ത ഉത്പന്നങ്ങള്‍ക്കായി നിലവില്‍ ജോലിചെയ്യുന്നുണ്ട്.
യു.എസ്. ആസ്ഥാനമായ ബെവറജസ് കമ്ബനിയായ സെവൻ ഡെവിള്‍സ് ബ്രീവിങ് കോ., യു.എസ്. പെറ്റ്ഫുഡ് കമ്ബനിയായ ഫിഷ് ബാർക്ക്, യു.എ.ഇ. ആസ്ഥാനമായ പെർഫ്യും കമ്ബനി ബെലോറ ഗ്ലാം തുടങ്ങിയവയൊക്കെ സാല്‍വിന് ബ്രാൻഡ് ചെയ്യാൻ അവസരം ലഭിച്ച മികച്ച കമ്ബനികളാണ്.ജോലിഭാരം വർധിച്ചതോടെ വിദേശത്തുള്ള കമ്ബനിയില്‍ ഓപ്പറേഷൻസ് മാനേജരായിരുന്ന ഭാര്യ മരിയ എബ്രഹാം രാജിവെച്ച് സഹായിക്കാനായി ഒപ്പം കൂടി. മുൻപ് കൊച്ചറയില്‍ താമസിച്ചിരുന്ന സാല്‍വിൻ വിദേശകമ്ബനികള്‍ തേടിയെത്തിയതോടെ കട്ടപ്പന നഗരത്തില്‍ സുന്ദരമായ പ്രദേശത്ത് സ്ഥലംവാങ്ങി തന്റെ സ്വപ്നഭവനം പൂർത്തിയാക്കി. വീടിനോട് ചേർന്നുതന്നെ നവീന സാങ്കേതികവിദ്യകള്‍ എല്ലാം കോർത്തിണക്കി ഓഫീസ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. പരേതരായ മാത്യു-മറിയാമ്മ ദമ്ബതിമാരുടെ മകനാണ് സാല്‍വിൻ.
















