ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ലുലു മാള്‍ സ്ഥിതി ചെയ്യുന്നത് നമ്മുടെ സ്വന്തം തിരുവനന്തപുരത്താണ്. ഏകദേശം 20 ലക്ഷത്തോളം ചരുരശ്രയടി വിസ്തീർണ്ണത്തില്‍ 2000 കോടി രൂപയിലേറെ ചിലവിട്ടുകൊണ്ടാണ് ലുലു തലസ്ഥാനത്തെ മാള്‍ നിർമ്മിച്ചത്. ഇത്രയും വലിയ മാള്‍ തിരുവനന്തപുരത്തിന് ആവശ്യമുണ്ടോ? അത്രയും ആളുകള്‍ വരുമോ എന്ന് തുടങ്ങിയ നിരവധി സംശയങ്ങള്‍ തുടക്കത്തിലുണ്ടായിരുന്നെങ്കിലും ഉദ്ഘാടനത്തിന് പിന്നാലെ തിരുവനന്തപുരം നിവാസികള്‍ ലുലു മാളിനെ ഏറ്റെടുക്കുകയായിരുന്നു.
നിലവില്‍ പ്രവൃത്തിദിവസങ്ങളില്‍ ശരാശരി 60,000-ത്തിലധികം ആളുകള്‍ തിരുവനന്തപുരം ലുലു മാള്‍ സന്ദർശിക്കുന്നുണ്ടെന്നാണ് ചില കണക്കുകള്‍ വ്യക്തമാക്കുന്നത്. വാരാന്ത്യങ്ങളില്‍ ഇത് 70000 മുതല്‍ ഒരു ലക്ഷം വരേയുമാണ്. ഉത്സവ സീസുകളില്‍ ഇത് വീണ്ടും കുത്തനെ ഉയരെ. ഇത്തരത്തില്‍ ലുലു ഗ്രൂപ്പിനെ ഇരു കൈയും നീട്ടി സ്വീകരിച്ച തിരുവനന്തപുരത്തുകാരെ കുറിച്ച് ശ്രീരാജ് എസ് ആറ്റിങ്ങല്‍ എന്ന വ്യക്തി എഴുതിയ കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ആ കുറിപ്പിന്റെ പൂർണ്ണ രൂപം ചുവടെ.
‘തിരുവനന്തപുരം ലുലു മാള്‍ പരാജയപ്പെട്ടിരിക്കുന്നു’
തിരുവനന്തപുരത്ത് ഇന്ത്യയിലെ ഏറ്റവും വലിയ മാള്‍ സ്ഥാപിക്കപ്പെട്ടപ്പോള്‍ ചില തലസ്ഥാനവിരുദ്ധർ സഹിക്കാനാകാതെ സോഷ്യല്‍മീഡിയയിലൂടെ തിരുവനന്തപുരം ലുലു മാള്‍ ഇന്ത്യയിലെ ഏറ്റവും വലുതല്ല എന്ന രീതിയില്‍ പ്രചരണം അവരുടെ മനസ്സിലെ വിഷമം തീർത്തു. ഒപ്പം ഫുട്ഫാള്‍സ് കുറവാണെന്നും തിരുവനന്തപുരം ലുലു മാള്‍ പരാജയമാണെന്നും പല പേജുകളിലും എഴുതിപ്പിടിപ്പിച്ച് ആത്മരതി കൊണ്ടു.
പക്ഷേ ദിവസങ്ങളുടെ ആയുസ്സ് പോലും ആ കിംവദന്തിക്ക് ഉണ്ടായില്ല. അതിനുമുമ്ബ് തന്നെ ലുലുവിന്റെ ഒഫീഷ്യല്‍ വെബ്സൈറ്റിലൂടെ തിരുവനന്തപുരം ലുലുവാണ് ഇന്ത്യയിലെ ഏറ്റവും വലിയ മാള്‍ എന്നും ഏറ്റവും കൂടുതല്‍ ഫുട്ഫാള്‍സ് ഉള്ളതും അവിടെയാണെന്നും അവർ വെളിപ്പെടുത്തി.പക്ഷേ…. എന്നാല്‍ ഇന്ന് ലുലു മാളില്‍ വരുന്ന ഓരോരുത്തരും ഒന്നടങ്കം പറയുന്നു: “തിരുവനന്തപുരം ലുലു മാള്‍ പരാജയപ്പെട്ടിരിക്കുന്നു”.
അതെന്തുകൊണ്ടെന്ന് തിരുവനന്തപുരം ലുലു മാള്‍ ഈയടുത്ത് സന്ദർശിച്ചിട്ടുള്ളവർക്ക് മനസ്സിലാകും. വൈകുന്നേരം അഞ്ചുമണി കഴിഞ്ഞാല്‍ മാളിനുള്ളിലേക്ക് വാഹനങ്ങള്‍ പ്രവേശിക്കാൻ കഴിയാത്തത്ര തിരക്കാണ്.ആ മാളിനു ഉള്‍ക്കൊള്ളാൻ ആകാത്ത അത്ര ഒഴുക്കാണ് അങ്ങോട്ട്. വൈകിട്ട് 6മണി കഴിഞ്ഞാല്‍ പാർക്കിംഗ് നാഷണല്‍ ഹൈവേയുടെ ഇരുകരകളിലും 7 മണി ആയാല്‍ ആക്കുളം പാലവും നിറയും. ലുലുവില്‍ ഇപ്പോള്‍ വീണ്ടും പുതിയ മള്‍ട്ടിലെവല്‍ പാർക്കിംഗ് കെട്ടിടം പുതുതായി പണിയുകയാണ്.
ഇന്ത്യയിലെ ഏറ്റവും വലിയ മാള്‍ പരാജയപ്പെട്ടിരിക്കുന്നു. ഈ നഗരത്തിന്റെ പർച്ചേസിംഗ് പവറിനോട്. മൂന്നു നാല് കിലോമീറ്റർ അപ്പുറം ഇതേ റോഡിന് സമീപത്തുള്ള മാള്‍ ഓഫ് ട്രാവൻകൂറിലേക്ക് അതേസമയത്ത് ഒന്നു പോയാല്‍ അവിടെയും ഇതുതന്നെ സ്ഥിതി. അവിടെ നിലവിലുള്ള ഫുഡ് കോർട്ട് തികയാഞ്ഞിട്ട് വീണ്ടും അതേ വലിപ്പമുള്ള പുതിയ ഫുഡ് കോർട്ട് കൂടി ആരംഭിച്ചിരിക്കുന്നു.അദാനിയുടെയും ടോറസിന്റെയും ബ്രിഗേഡ് ഗ്രൂപ്പിന്റെയും ടെക്നോസിറ്റിയിലെയും ഒക്കെ വരാനിരിക്കുന്ന പുതിയ മാളുകള്‍ക്ക് കേരളത്തിലെ ഏറ്റവും ക്രൗഡഡ് സിറ്റിയിലേക്ക് സുസ്വാഗതം.

















