ടാറ്റ പഞ്ച് എന്ന വാഹനം കാഴ്ചയില്‍ കുഞ്ഞൻ ആണെങ്കിലും ഈ വാഹനത്തിന്റെ ജനപ്രീതി വളരെ വലുതാണ്. രാജ്യത്ത് ഏറ്റവുമധികം വില്‍പ്പനയുള്ള വാഹനങ്ങളുടെ പട്ടികയില്‍ ആദ്യ സ്ഥാനങ്ങളില്‍ തന്നെ കഴിഞ്ഞ ചില വർഷമായി പഞ്ച് എന്ന പേരുണ്ട്. ജനപ്രീതി സ്വന്തമാക്കിയുള്ള പഞ്ചിന്റെ കുതിപ്പില്‍ പുതിയൊരു നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ് ടാറ്റ മോട്ടോഴ്സ്. വില്‍പ്പനയില്‍ നാല് ലക്ഷം യൂണിറ്റ് കടന്നതാണ് ടാറ്റയിലേക്ക് പഞ്ച് കൊണ്ടുവന്ന പുതിയ നേട്ടം.
2021 ഒക്ടോബർ മാസത്തിലാണ് ടാറ്റ മോട്ടോഴ്സ് പഞ്ച് എന്ന മിനി എസ്.യു.വി. വിപണിയില്‍ എത്തിക്കുന്നത്. ആദ്യ പത്ത് മാസത്തിനുള്ളില്‍ ഒരുലക്ഷം യൂണിറ്റിന്റെ വില്‍പ്പന നല്‍കിയാണ് വിപണി ഈ വാഹനത്തെ സ്വീകരിച്ചത്. 2023 മെയ് മാസത്തോടെയാണ് രണ്ട് ലക്ഷത്തിലെത്തിയത്. അതേമാസം തന്നെ ഡിസംബർ മാസത്തോടെ മൂന്ന് ലക്ഷത്തിലേക്കും എത്തുകയായിരുന്നു. ഏഴ് മാസത്തിലായിരുന്നു മൂന്ന് ലക്ഷത്തിലേക്ക് എത്തിയ ഒരുലക്ഷം യൂണിറ്റിന്റെ വില്‍പ്പന പൂർത്തിയായതെന്നത് ശ്രദ്ധേയമാണ്.
പഞ്ച് എന്ന വാഹനം ഇന്ത്യയില്‍ എത്തി മൂന്ന് വർഷം പൂർത്തിയാക്കാൻ മാസങ്ങള്‍ ശേഷിക്കേയാണ് നാല് ലക്ഷം യൂണിറ്റിന്റെ വില്‍പ്പനയെന്ന നേട്ടം കൂടി ഈ വാഹനത്തെ തേടിയെത്തിയിരിക്കുന്നത്. ടാറ്റ മോട്ടോഴ്സിന്റെ ഇന്ത്യയിലെ മൊത്തവില്‍പ്പനയുടെ 53 ശതമാനവും പഞ്ചിന്റെ സംഭാവനയാണെന്നാണ് റിപ്പോർട്ട്. ഇലക്‌ട്രിക് വാഹനങ്ങളുടെ വില്‍പ്പനയില്‍ 14 ശതമാനവും സി.എൻ.ജി. വാഹനങ്ങളില്‍ വില്‍പ്പനയില്‍ 33 ശതമാനവും പഞ്ച് എന്ന വാഹനമാണ് ടാറ്റയ്ക്ക് സമ്മാനിക്കുന്നത്.
കുറഞ്ഞ വിലയില്‍ സ്വന്തമാക്കാൻ സാധിക്കുന്ന എസ്.യു.വി. എന്നതും വാഹനത്തിന്റെ സവിശേഷതകളില്‍ പ്രധാനമാണ്. പെട്രോള്‍ മോഡലിന് 6.10 ലക്ഷം രൂപ മുതല്‍ 10.20 ലക്ഷം രൂപ വരെയും, സി.എൻ.ജി. മോഡലിന് 7.23 ലക്ഷം രൂപ മുതല്‍ 9.85 ലക്ഷം രൂപ വരെയും പഞ്ച് ഇലക്‌ട്രിക് മോഡലിന് 10.99 ലക്ഷം രൂപ മുതല്‍ 15.49 ലക്ഷം രൂപ വരെയുമാണ് എക്സ്ഷോറൂം വില. ഇംപാക്‌ട് 2.0 ഡിസൈൻ ലാംഗ്വജില്‍ അല്‍ഫ-ആർക്ക് അടിസ്ഥാനമാക്കിയാണ് പഞ്ച് ഒരുങ്ങിയിരിക്കുന്നത്.

















