കളമശേരിയില്‍ റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരിയുടെ മരണം കൊലപാതകമെന്ന് പൊലീസ്. പോസ്റ്റ്‌മോര്‍ട്ടത്തിലാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്.

പെരുമ്ബാവൂര്‍ സ്വദേശി ജെയ്‌സി എബ്രഹാമിനെ( 55) ശുചിമുറിയില്‍ മരിച്ച നിലയിലാണ് കഴിഞ്ഞ ദിവസം കണ്ടെത്തിയത് . തലയിലെ മുറിവ് വീഴ്ചയില്‍ സംഭവിച്ചതല്ലെന്നു സ്ഥിരീകരിച്ചു. അടിയേറ്റെന്നാണ് നിഗമനം. അപാര്‍ട്‌മെന്റിലെ ശുചിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ജെയ്‌സി ഏബ്രഹാമിനെ കളമശ്ശേരി കൂനംതൈയിലെ അപ്പാര്‍ട്‌മെന്റിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.ഇന്നലെ വൈകുന്നേരമാണ് സംഭവം. ജെയ്‌സിയുടെ മകള്‍ കാനഡയിലാണ്. അമ്മയെ ഫോണില്‍ വിളിച്ചപ്പോള്‍ കിട്ടാത്തതിനെ തുടര്‍ന്ന് ബന്ധുക്കളേയും പൊലീസിനേയും വിളിച്ചറിയിക്കുകയായിരുന്നു. പൊലീസെത്തി വാതില്‍ തുറന്നപ്പോഴാണ് ജെയ്‌സിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

റിയല്‍ എസ്റ്റേറ്റുമായി ബന്ധപ്പെട്ട് ബിസിനസ് നടത്തിയിരുന്ന ആളാണ് ജെയ്‌സി. അതുകൊണ്ടു തന്നെ അത്തരത്തിലൊരു തര്‍ക്കമോ മറ്റോ ഉണ്ടായിരുന്നോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്. തലയിലുള്ള ആഴത്തിലുള്ള മുറിവു കണ്ടതോടെ പൊലീസിന് കൊലപാതകമാണോ എന്ന് സംശയമുണ്ടായിരുന്നു. മുഖത്ത് വികൃതമായ രീതിയിലായിരുന്നു പരിക്കേറ്റിരുന്നത്. മര്‍ദനത്തിന് ശേഷമാണ് മരണമെന്ന് ഇന്നലെ തന്നെ പൊലീസിന് വിവരമുണ്ടായിരുന്നു. തുടര്‍ന്ന് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലാണ് തലക്കേറ്റ ഗുരുതരമായ പരിക്കാണ് മരണകാരണമെന്ന് പൊലീസ് സ്ഥിരീകരിച്ചത്.

അതേസമയം, പ്രതിയെ ഇതുവരേയും പിടികൂടാനായിട്ടില്ല. ഫ്‌ലാറ്റില്‍ സ്ഥിരമായി വന്നുപോവുന്നവരെയും സിസിടിവിയും കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക