കേരളം ഇന്ന് പലവിധ തട്ടിപ്പുകളുടെയും നാടായി മാറുകയാണ്. അതുകൊണ്ടുതന്നെ പല തട്ടിപ്പ് വാർത്തകളും വാർത്തകളേ അല്ലാതായി കൊണ്ടിരിക്കുന്ന ഒരു കാലത്തിലൂടെയാണ് നാം കടന്നു പോകുന്നത്. വിസ തട്ടിപ്പുകൾ അടക്കം ഇന്ന് ഒരു സാധാരണ സംഭവമാണ് കേരളത്തിൽ. വാർത്ത എന്നതിനപ്പുറം നിരപരാധികളായ നിരവധി ആളുകളുടെ ജീവിത സമ്പാദ്യവും, കടം മേടിച്ച പണവുമാണ് ഇത്തരം തട്ടിപ്പുകാർ തട്ടിയെടുക്കുന്നത് എന്ന യാഥാർത്ഥ്യം നാം മറന്നുകൂടാ.

ഇത്തരത്തിൽ ഒരു സംഭവമാണ് കോതമംഗലം സ്വദേശിയായ ബിനിൽ ഞങ്ങളുമായി പങ്കുവെച്ചത്. പോളണ്ടിൽ റസിഡൻസി കാർഡും വർക്ക് വിസയും ശരിയാക്കി കൊടുക്കാമെന്ന് വാഗ്ദാനം ചെയ്ത് കളമശ്ശേരിയിൽ പ്രവർത്തിക്കുന്ന കോർ ഇൻറർടെക് സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് വഞ്ചിച്ചത്. ഈ സ്ഥാപനത്തിലെ ജീവനക്കാരനായ അരുൺ എന്ന വ്യക്തി മുഖേന ഇവർ ഒരു ലക്ഷം രൂപയാണ് ബിനിൽ നിന്ന് തട്ടിയെടുത്തത്. പണം ബാങ്ക് അക്കൗണ്ടിൽ നൽകിയതിന്റെ രേഖകൾ ചുവടെ കാണാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

യുവാവ് താൽക്കാലിക വിസയിൽ യൂറോപ്പിൽ ജോലി ചെയ്തു വരവെയാണ് ഏജൻസി ഇയാളുമായി ബന്ധപ്പെട്ടത്. ഒരു ലക്ഷം രൂപ നൽകിയാൽ റസിഡൻസി കാർഡും വർക്ക് പെർമിറ്റും ശരിയാക്കി കൊടുക്കാം എന്നായിരുന്നു വാഗ്ദാനം. 2023 ലാണ് സംഭവം നടന്നത്. ഒരു മാസത്തിനകം എല്ലാം ശരിയാക്കാം എന്ന് വാഗ്ദാനം ചെയ്താണ് പണം കൈക്കലാക്കിയത്. ഒന്നും നടക്കാത്തതിനാൽ വിസ എക്സ്പെയർ ആയതോടെ യുവാവിനെ യൂറോപ്പിൽ നിന്ന് നാടു കടത്തി.

തിരികെ നാട്ടിലെത്തിയ യുവാവ് പണം ആവശ്യപ്പെട്ട് ഏജൻസിയെ സമീപിച്ചെങ്കിലും ഓരോ മുട്ടപോക്ക് ന്യായങ്ങൾ നിരത്തി ഇവർ പണം നൽകാതെ കബളിപ്പിക്കുകയാണ്. 2023 നവംബർ ഡിസംബർ മാസങ്ങളിൽ കൈമാറിയ പണം 2025 മാർച്ച് മാസത്തിൽ പോലും തിരികെ കിട്ടിയിട്ടില്ല. തന്റെ ദൈന്യത വെളിപ്പെടുത്തിക്കൊണ്ടു തന്നെയാണ് യുവാവ് പണം കൈമാറിയത്. എല്ലാം ശരിയാക്കാം എന്ന് ഏജൻസി ഉദ്യോഗസ്ഥൻ വാഗ്ദാനം ചെയ്യുന്ന സ്ക്രീൻഷോട്ടുകൾ ചുവടെ കാണാം.

Metro pillar number 299&300, Post office building, 37/170 A, First Floor, AK Tower, Changampuzha Nagar, South Kalamassery, Edappally, Kochi, Kerala 682033 എന്ന അഡ്രസ്സിൽ ആണ് ആരോപണ വിധേയമായ ഈ സ്ഥാപനം ഇപ്പോൾ പ്രവർത്തിക്കുന്നത്. ഇവരുമായി ബന്ധപ്പെടാൻ ശ്രമിക്കുമ്പോൾ ധാർഷ്ട്യം കടന്ന മറുപടികളാണ് ജീവനക്കാരിൽ നിന്ന് തിരികെ ലഭിക്കുന്നത്. കേസ് ആയി പോയാൽ പണം കിട്ടുന്നത് അനന്തമായി നീളുമെന്ന് ഭയത്തിലാണ് പലപ്പോഴും തട്ടിപ്പിനിരയാകുന്നവർ ഇതിനുമുതിരാത്തത്. ഈ ഭയം ചൂഷണം ചെയ്ത് തന്നെ തട്ടിപ്പുകാർ യഥേഷ്ടം തട്ടിപ്പ് തുടരുകയും ചെയ്യുന്നു. സമൂഹമാധ്യമങ്ങളിൽ അടക്കം വ്യാപകമായി ഇവർ വിദേശ റിക്രൂട്ട്മെൻറ് ഉള്ള പോസ്റ്ററുകൾ പങ്കുവെക്കുന്നുമുണ്ട്. അധികൃതരുടെ ഭാഗത്തുനിന്നുള്ള കാര്യക്ഷമമായ ഇടപെടൽ ഉണ്ടെങ്കിൽ മാത്രമേ ഇത്തരം തട്ടിപ്പുകാരെ നിയന്ത്രിക്കാൻ കഴിയുകയുള്ളൂ. കോടികളുടെ തട്ടിപ്പ് നടത്തി ജയിലിൽ പോകുന്ന പ്രവീണയെപ്പോലുള്ളവർ ഇപ്പോൾ ജാമ്യത്തിൽ ഇറങ്ങി മോട്ടിവേഷണൽ സ്പീക്കർമാരായി കസറുന്നതും തട്ടിപ്പുകാർക്ക് കൂടുതൽ പ്രചോദനം നൽകുന്ന സംഭവമാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക