ബിജെപി വിമത നേതാവ് സന്ദീപ് വാര്യർ കോണ്‍ഗ്രസില്‍ ചേർന്നതില്‍ പ്രതികരണവുമായി കെ.മുരളീധരൻ. അടുത്ത തിരഞ്ഞെടുപ്പ് വരുമ്ബോഴേക്കും വെറുപ്പിൻ്റെ കടയില്‍ അംഗത്വം തേടി പോകരുതെന്നും സ്നേഹത്തിൻ്റെ കടയില്‍ തന്നെ അംഗത്വം നിലനിർത്തണമെന്നും കെ.മുരളീധരൻ വ്യക്തമാക്കി. ‘സന്ദീപ് വാര്യർ കോണ്‍ഗ്രസിലേയ്ക്ക് എത്തിയത് ടിവിയില്‍ കണ്ടു. അതെന്തായാലും നല്ല കാര്യമാണ്. പലരും കോണ്‍ഗ്രസ് വിടുമെന്ന് പറയുമ്ബോള്‍ പകരം ഒരു വാര്യരെ കിട്ടിയത് നല്ല കാര്യമാണ്.
അദ്ദേഹം രണ്ടാഴ്ച മുൻപ് വന്നിരുന്നെങ്കില്‍ വയനാട്ടില്‍ പ്രിയങ്ക ഗാന്ധിക്ക് വേണ്ടി പ്രചരണത്തിനെങ്കിലും പോകാമായിരുന്നു. രാഹുല്‍ ഗാന്ധിയെ ഒക്കെ ശക്തമായി വിമർശിച്ചിരുന്ന ആളാണ്. രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്ര നടത്തിയപ്പോള്‍ ഞാൻ ഒക്കെ ഒപ്പമുണ്ടായിരുന്നു. കാശ്മീരിലേയ്ക്കല്ല, ആൻഡമാൻ നിക്കോബാറിലേയ്ക്ക് യാത്ര വേണ്ടതെന്നും അവിടെ സവർക്കറെ തടവില്‍ പാർപ്പിച്ച മുറിയില്‍പ്പോയി നമസ്കരിച്ച് ക്ഷമാപണം നടത്തണമെന്നൊക്കെ പറഞ്ഞ ആളാണ് സന്ദീപ് വാര്യർ.
രാഹുല്‍ ഗാന്ധിയെ കോട്ടയ്ക്കലില്‍ അഡ്മിറ്റ് ചെയ്തപ്പോള്‍, കോട്ടയ്ക്കല്‍ അല്ല കുതിരവട്ടത്താണ് അഡ്മിറ്റ് ചെയ്യേണ്ടതെന്ന് പറഞ്ഞയാളാണ് അദ്ദേഹം. അങ്ങനെയുള്ള സന്ദീപ് വാര്യർ രണ്ടാഴ്ച മുൻപ് വന്ന് പ്രിയങ്ക ഗാന്ധിക്ക് വേണ്ടി പ്രചരണം നടത്തിയിരുന്നെങ്കില്‍ അത് രാഹുല്‍ ഗാന്ധിയോട് ചെയ്ത തെറ്റിനൊരു ക്ഷമാപണം ആയേനെ’, കെ.മുരളീധരൻ പറഞ്ഞു.
‘അടുത്ത തിരഞ്ഞെടുപ്പ് വരുമ്ബോഴേക്കും വെറുപ്പിന്റെ കടയിലേക്ക് അംഗത്വം തേടിപ്പോകരുത്. സ്നേഹത്തിന്റെ കടയിലെ അംഗത്വം നിലനിർത്തണം. തുടർന്നുള്ള എല്ലാ കാലഘട്ടങ്ങളിലും രാഹുല്‍ ഗാന്ധിയുടെ നിലപാടിനൊപ്പം നില്‍ക്കണമെന്നു മാത്രമേ ഞാൻ പറയുന്നൂള്ളൂ. വന്നതില്‍ സന്തോഷം. ഗാന്ധിയെ കൊന്നതല്ല വെടികൊണ്ടപ്പോള്‍ മരിച്ചതാണെന്ന് അദ്ദേഹം മുമ്ബ് പറഞ്ഞിട്ടുണ്ട്. അതൊക്കെ ബിജെപിക്ക് വേണ്ടി പറഞ്ഞതാണെന്നാണ് അദ്ദേഹം പറയുന്നത്. അതൊക്കെ പോട്ടെ കഴിഞ്ഞ കാര്യങ്ങളല്ലേ. ഞങ്ങളോടൊപ്പം നിന്ന ഒരുപാട് നേതാക്കള്‍ ബിജെപിയിലേക്ക് പോയല്ലോ. അപ്പോള്‍ ഒരാള്‍ ഇങ്ങോട്ട് വരുമ്ബോള്‍ അദ്ദേഹത്തിന്റെ പഴയകാര്യ ചരിത്രത്തെ കുറിച്ച് ആലോചിക്കേണ്ട കാര്യമില്ല’, കെ.മുരളീധരൻ പറഞ്ഞു.

















