സിനിമയും ഡാൻസ് സ്കൂളുമൊക്കെയായി തിരക്കിലാണെങ്കിലും സാമൂഹികമാധ്യമങ്ങളില്‍ സജീവമാണ് പ്രിയനടി നവ്യാനായർ. വീട്ടുവിശേഷങ്ങളും യാത്രകളും തൻ്റെ യൂട്യൂബ് ചാനലില്‍ നവ്യ പങ്കുവെക്കാറുമുണ്ട്.
ഇപ്പോഴിതാ ചെമ്മീൻ ബിരിയാണിയുണ്ടാക്കുന്ന വീഡിയോയുമായി എത്തിയിരിക്കുകയാണ് താരം. മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഭാര്യ കമല വിജയനാണ് തന്നെ ബിരിയാണിയുണ്ടാക്കാൻ പഠിപ്പിച്ചത് എന്ന് നവ്യ പറയുന്നു.
“ബിരിയാണിയുണ്ടാക്കുന്നത് എങ്ങനെയെന്ന് എന്നെ പഠിപ്പിച്ചത് ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ അങ്കിളിന്റെ ഭാര്യ കമലയാന്റിയാണ്. മട്ടണും ചിക്കനുമാണ് പഠിപ്പിച്ചത്. അവരുടെ വീട്ടില്‍ വെച്ച് ഒരു ചെമ്മീൻ ഫ്രൈ കഴിച്ചു. രക്ഷയില്ലാത്ത രുചിയായിരുന്നു അതിന്. ആ റെസിപ്പി എഴുതിവാങ്ങി. ട്രൈ ചെയ്തപ്പോള്‍ എല്ലാവർക്കും ഇഷ്ടപ്പെട്ടു. ആ മട്ടണ്‍ ബിരിയാണിയുടെ റെസിപ്പിയും ചെമ്മീൻ ഫ്രൈയുടെ റെസിപ്പിയും ചേർത്ത് ഞാൻ നടത്തുന്ന പരീക്ഷണമാണ് ചെമ്മീൻ ബിരിയാണി.
ആദ്യം ബിരിയാണി റൈസ് വേവിച്ചു വെക്കണം. അരിയെടുക്കുന്നത് എത്രയാണോ അതിന്റെ ഇരട്ടിവെള്ളം വെക്കണം. വെള്ളം തിളയ്ക്കുമ്ബോള്‍ അരിയിടണം. ആവശ്യത്തിന് ഉപ്പും അരമുറി നാരങ്ങാനീരും കൂടി ചേർക്കണം. കുറച്ചു ഗ്രാമ്ബുവും കറുവപ്പട്ടയും ചേർക്കണം. ആവശ്യമെങ്കില്‍ നെയ്യും കുറച്ചുസവാളയും ചേർക്കാം.
ചെറിയുള്ളി, വെളുത്തുള്ളി, മഞ്ഞള്‍പ്പൊടി, മുളകുപൊടി, കുരുമുളക് പൊടി, ഗരം മസാല, ഉപ്പ് എന്നിവ നന്നായി അരച്ചെടുക്കണം. ഈ മിശ്രിതം ചെമ്മീനില്‍ പുരട്ടി പത്തുമിനിറ്റ് മാരിനേറ്റ് ചെയ്യണം. ശേഷം മാരിനേറ്റ് ചെയ്തുവെച്ച ചെമ്മീൻ വറുത്തെടുക്കണം. അതുകൊണ്ടുതന്നെ കുറച്ചധികം എണ്ണയായാലും പ്രശ്നമില്ല. ഷാലോ ഫ്രൈയായിട്ടാണ് വറുത്തെടുക്കേണ്ടത്. വേവ് കൂടുതലായാല്‍ രുചി കുറയും. ബാക്കി വന്ന അരപ്പും എണ്ണയിലിട്ട് മുളകിന്റെ പച്ചമണം മാറുന്നത് വരെ വഴറ്റിയെടുക്കാം. ഇത് ബിരിയാണിയുടെ മസാലയില്‍ ചേർക്കാം. അത് ഒരു ബൗളിലേക്ക് മാറ്റാം.
ഇഞ്ചി,വെളുത്തുള്ളി, പച്ചമുളക്,മല്ലിയില്ല, പുതിനയില എന്നിവ അരച്ചെടുക്കണം. ശേഷം ഒരു പാനില്‍ അല്‍പ്പം എണ്ണ ഒഴിച്ച ശേഷം സവാള വഴറ്റിയെടുക്കണം. ആവശ്യത്തിന് ഉപ്പിട്ട് വേണം സവാള വഴറ്റാൻ. ഒരു കിലോ അരിക്ക് പത്തുസവാളയോളം എടുത്തിട്ടുണ്ട്. ശേഷം അരച്ചുവെച്ച മിശ്രിതം ചേർക്കാം. നന്നായി വഴറ്റിയ ശേഷം ആവശ്യത്തിനു തക്കാളി ചേർക്കാം. തക്കാളി പാകത്തിനു വെന്ത ശേഷം നേരത്തെ ബാക്കിവന്ന മസാല ചേർക്കാം. അടുത്തതായി ആവശ്യത്തിന് ഗരം മസാല ചേർക്കാം. ലോ ഫ്ളെയിമില്‍ വേണം വഴറ്റിയെടുക്കാൻ. ശേഷം വറുത്തുവെച്ച ചെമ്മീൻ ചേർത്തുകൊടുക്കാം.