‘ഒറ്റ തന്ത’ പ്രയോഗത്തില്‍ സുരേഷ് ഗോപിക്ക് മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും മന്ത്രി മുഹമ്മദ് റിയാസും രംഗത്ത്.
തന്തയ്ക്ക് പറയുമ്ബോള്‍ തന്തയുടെ തന്തയ്ക്കാണ് പറയേണ്ടത്, പക്ഷേ അത് പറയുന്നില്ലെന്ന് എം വി ഗോവിന്ദൻ പ്രതികരിച്ചു. രാഷ്ട്രീയത്തില്‍ ഒറ്റ തന്ത പ്രയോഗത്തിന് മറുപടിയില്ലെന്നായിരുന്നു മുഹമ്മദ് റിയാസിന്റെ മറുപടി. കൂടാതെ തൃശൂരില്‍ സുരേഷ് ഗോപിയുടെ വിജയത്തിന്റെ തന്ത ബിജെപി മാത്രമല്ല കോണ്‍ഗ്രസും ഉണ്ടെന്നും അദ്ദേഹം ആരോപിച്ചു.
‘യുഡിഎഫ് പതിവ് പോലെ സുരേഷ് ഗോപിയുടെ മാർക്കറ്റിംഗ് മാനേജർ ആവുകയാണ്. സിബിഐക്ക് വിശേഷണം കൂട്ടില്‍ അടച്ച തത്ത എന്നാണ്. രാഷ്ട്രീയത്തില്‍ ഒറ്റ തന്ത പ്രയോഗത്തിന് മറുപടി ഇല്ല. അത് സിനിമയില്‍ പറ്റും. തൃശൂരില്‍ സുരേഷ് ഗോപിയുടെ വിജയത്തിന്റെ തന്ത ബിജെപി മാത്രമല്ല, കോണ്‍ഗ്രസും ഉണ്ട്. തൃശൂരിലെ സുരേഷ് ഗോപിയുടെ വിജയത്തിന്റെ ഡിഎൻഎ ടെസ്റ്റ് ഫലം പുറത്തുവിട്ടോ? അപ്പോള്‍ അറിയാം കാര്യങ്ങള്‍’,- മുഹമ്മദ് റിയാസ് പറഞ്ഞു.
അതേസമയം, ആരുടെയും അച്ഛന് വിളിച്ചിട്ടില്ലെന്നും ഇനി വിളിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇന്ന് മാദ്ധ്യമങ്ങളോട് പറഞ്ഞു. പൂരം കലക്കലില്‍ എന്ത് വേണമെങ്കിലും ചെയ്യട്ടെ. കരുവന്നൂർ വിഷയം മറയ്‌ക്കാനാണ് പൂരം കലക്കല്‍ ആരോപണവുമായി എത്തിയിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
സുരേഷ് ഗോപിയുടെ വാക്കുകള്‍:
കോ ഓപ്പറേറ്റീവ് നിയമം എന്നൊന്ന് വന്നപ്പോള്‍ മാദ്ധ്യമങ്ങള്‍ എന്തുകൊണ്ട് പിന്തുണച്ചില്ല. നിങ്ങള്‍ അതിനെ എതിർത്തില്ലേ. അത് ജനങ്ങള്‍ക്ക് പ്രയോജനം ചെയ്യുന്നതായിരുന്നു. നിങ്ങള്‍ ജനപക്ഷത്തല്ലാത്തതിനാലാണ് എതിർത്തത്. ഇക്കാരണത്താലാണ് ഞാൻ നിങ്ങളെ കേള്‍ക്കാത്തതും. മാദ്ധ്യമങ്ങള്‍ക്ക് രാഷ്‌ട്രീയം ചെയ്യാനുള്ള അവകാശമില്ല. അങ്ങനെ ചെയ്‌താല്‍ നിങ്ങള്‍ക്ക് മാദ്ധ്യമങ്ങള്‍ എന്നുപറഞ്ഞ് നടക്കാനുള്ള യോഗ്യതയില്ല.
പിപി ദിവ്യയ്‌ക്കെതിരെ നടപടിയെടുക്കണമെന്ന് പറയില്ല. അത് അവരുടെ പാർട്ടി തീരുമാനിക്കട്ടെ. അനീതിയുണ്ടായിട്ടുണ്ടോ? ഇതിനി ആവർത്തിക്കപ്പെടാതിരിക്കാൻ നിയമവ്യവസ്ഥിതി അനുസരിച്ചുള്ള ശിക്ഷയോ നടപടിയോ ഉണ്ടാവണം. അത് നവീൻ ബാബുവിന്റെ കുടുംബത്തിന്റെയും പത്തനംതിട്ടയിലെ ജനങ്ങളുടെയും ഞാൻ ഉള്‍പ്പെടെയുള്ള പൊതു സമൂഹത്തിന്റെയും ആവശ്യമാണ്.

















