വയനാട് ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാർഥിയെച്ചൊല്ലി ബി.ജെ.പിയില്‍ കലഹം. രാജ്യം ശ്രദ്ധിക്കുന്ന തെരഞ്ഞെടുപ്പായിട്ടും ദുർബല സ്ഥാനാർഥിയെ നിർത്തിയെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം.

ഗ്രൂപ്പ് വീതംവയ്പാണ് സ്ഥാനാർഥിനിർണയത്തിലെ അപാകതയ്ക്ക് കാരണമെന്ന പൊതുവികാരം പാർട്ടിയില്‍ ശക്തമാണ്. പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ കെ. സുരേന്ദ്രൻ പക്ഷത്തെ സി. കൃഷ്ണകുമാറിനെ സ്ഥാനാർഥിയാക്കിയപ്പോള്‍ വയനാട് മണ്ഡലം പി.കെ കൃഷ്ണദാസ് വിഭാഗം ചോദിച്ചുവാങ്ങുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംസ്ഥാനതലത്തില്‍ അറിയപ്പെടുന്ന ആരെയെങ്കിലും സ്ഥാനാർഥിയാക്കണമെന്ന നിർദേശം അട്ടിമറിക്കപ്പെട്ടതിന് പിന്നില്‍ നേതൃത്വത്തിലെ ഭിന്നതയാണെന്നും പ്രവർത്തകർ ആരോപിക്കുന്നു. പി.കെ കൃഷ്ണദാസ്, എം.ടി രമേശ് എന്നിവരുടെ പിടിവാശിയാണ് നവ്യ ഹരിദാസിനെ സ്ഥാനാർഥിയാക്കിയതിന് പിന്നിലെന്നും ഇത് പാർട്ടിക്ക് തിരിച്ചടിയാകുമെന്നുമാണ് പാർട്ടിയില്‍ ഉയരുന്ന പ്രധാന വിമർശനം.

ബി.ജെ.പിയുടെ കോഴിക്കോട്, വയനാട് ജില്ലകളിലെ പ്രധാന ഭാരവാഹികള്‍ ഉള്‍പ്പെടുന്ന വാട്സ് ആപ്പ് ഗ്രൂപ്പുകളില്‍ സ്ഥാനാർഥിക്കെതിരേ കടുത്ത പ്രതിഷേധമാണ് ഉയർന്നത്. തീർത്തും അപ്രതീക്ഷിതമായി നവ്യ ഹരിദാസ് സ്ഥാനാർഥിത്വത്തിലേക്ക് വന്നത് വയനാട്ടിലെയും കോഴിക്കോട്ടെയും ഭൂരിഭാഗം പ്രവർത്തകർക്കും ഉള്‍ക്കൊള്ളാൻ സാധിച്ചിട്ടില്ല.

പ്രിയങ്ക ഗാന്ധി മത്സരിക്കുന്നതോടെ ദേശീയശ്രദ്ധ ലഭിക്കുന്ന മണ്ഡലത്തില്‍ ശോഭ സുരേന്ദ്രനെ പോലെ മുൻനിര നേതാക്കളില്‍ ആരെയെങ്കിലും സ്ഥാനാർഥിയാക്കുമെന്നായിരുന്നു പ്രവർത്തകരുടെ പ്രതീക്ഷ. നവ്യ ഹരിദാസ് സ്ഥാനാർഥിയാകുന്നതില്‍ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന് താല്‍പര്യമുണ്ടായിരുന്നില്ല. എന്നാല്‍, പാലക്കാട്ട് സി. കൃഷ്ണകുമാറിന്റെ സ്ഥാനാർഥിത്വം ഉറപ്പാക്കുന്നതിനായി സുരേന്ദ്രൻ വിട്ടുവീഴ്ച ചെയ്യുകയായിരുന്നു.

യു.ഡി.എഫും എല്‍.ഡി.എഫും തമ്മിലുള്ള മത്സരത്തില്‍ ബി.ജെ.പി വെറും കാഴ്ചക്കാരായി നില്‍ക്കേണ്ട സാഹചര്യമാണ് വയനാട്ടില്‍ ഉള്ളതെന്ന് പ്രവർത്തകർ കുറ്റപ്പെടുത്തുന്നു. പ്രവർത്തന പാരമ്ബര്യമില്ലാതെ കടന്നുവന്ന നവ്യ ഹരിദാസിനെ അമിത പ്രാധാന്യം നല്‍കി വളർത്താൻ ഒരുവിഭാഗം നീക്കം നടത്തുകയാണെന്നും വിമർശനമുയരുന്നു. കോർപറേഷൻ തെരഞ്ഞെടുപ്പില്‍ വിജയിച്ചതിന്റെ പെരുമ പറഞ്ഞ് വലിയ സ്ഥാനങ്ങള്‍ നവ്യക്ക് നല്‍കുന്നതില്‍ പാർട്ടിയിലെ മഹിളാ നേതാക്കള്‍ക്കും കടുത്ത അമർഷമുണ്ട്. രാഹുല്‍ ഗാന്ധിക്കെതിരേ മത്സരിച്ചാല്‍ ലഭിക്കുന്ന ദേശീയശ്രദ്ധയാണ് കഴിഞ്ഞതവണ സുരേന്ദ്രനെ വയനാട്ടില്‍ മത്സരിക്കാൻ പ്രേരിപ്പിച്ചത്.

എന്നാല്‍, ഉപതെരഞ്ഞെടുപ്പിനെ ഗൗരവമായി കാണുന്നില്ലെന്ന സന്ദേശമാണ് അപ്രധാന സ്ഥാനാർഥിയെ നിർത്തിയതിലൂടെ പൊതുസമൂഹത്തിന് നല്‍കുന്നതെന്നും ഇത് പാർട്ടിയുടെ വളർച്ചയെ ദോഷകരമായി ബാധിക്കുമെന്നും മുതിർന്ന നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. നവ്യ ഹരിദാസിന്റെ പത്രിക സമർപ്പണത്തിന് സുരേന്ദ്രൻ എത്തിയിരുന്നില്ല. അദ്ദേഹവുമായി അടുപ്പം പുലർത്തുന്ന നേതാക്കളെല്ലാം പാലക്കാട്ട് ക്യാംപ് ചെയ്യുകയാണ്. വയനാട്ടില്‍ കൃഷ്ണദാസ് പക്ഷത്തെ നേതാക്കള്‍ മാത്രമാണ് പ്രവർത്തന രംഗത്തുള്ളത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക