പ്രതിപക്ഷ നേതാവിന്റെ അഹങ്കാരത്തിന് വലിയ വില നല്‍കേണ്ടി വരുമെന്ന് പി.വി. അൻവർ എം.എല്‍.എ. ഇവിടത്തെ ജനങ്ങള്‍ക്ക് എല്ലാം മനസിലാകുന്നുണ്ട്. പാലക്കാട്ടെ സ്ഥാനാർഥികളെ പിൻവലിക്കണോ നിലനിർത്തണോ എന്നത് സംബന്ധിച്ച് ബുധനാഴ്ച തീരുമാനിക്കും.
പാലക്കാട്ട് രാഹുല്‍ മാങ്കൂട്ടത്തില്‍ തോല്‍ക്കാൻ പോവുകയാണെന്ന് യു.ഡി.എഫിന് മനസിലായിട്ടുണ്ടെന്നും അൻവർ പറഞ്ഞു. പാലക്കാട് ബി.ജെ.പി ജയിച്ചാല്‍ എന്റെ തലയില്‍ ഇടാനാണ് സതീശന്റെ ശ്രമം. ചേലക്കരയിലെ ജനങ്ങള്‍ എല്ലാം കാണുന്നുണ്ടെന്നും അൻവർ ഓർമിപ്പിച്ചു.
പാലക്കാട് ഡി.എം.കെയുടെ സ്ഥാനാർഥിയെ പിൻവലിക്കാമെന്നും പകരം ചേലക്കരയില്‍ രമ്യ ഹരിദാസിനെ പിൻവലിക്കണമെന്നുമുള്ള അൻവറിന്റെ നിർദേശത്തോട് വി.ഡി. സതീശൻ രൂക്ഷമായാണ് പ്രതികരിച്ചത്. തന്റെ ആവശ്യം യുഡിഎഫ് തള്ളിയതോടെയാണ് കടുത്ത ഭാഷയിൽ പ്രതികരണവുമായി പി വി അൻവർ രംഗത്തെത്തിയത്. അൻവറിന്റെ സമ്മർദ്ദത്തിന് വഴങ്ങിയാൽ അത് കീഴടങ്ങലായി വിലയിരുത്തപ്പെടും എന്ന കണക്കുകൂട്ടലിലാണ് കോൺഗ്രസ് നേതൃത്വം മുന്നോട്ടുപോകുന്നത്

















