ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെ തൊഴില്‍ തട്ടിപ്പില്‍ പണം നഷ്ടപ്പെട്ട കൂടുതല്‍ പേർ പരാതിയുമായി രംഗത്ത്.

ഡിവൈഎഫ്‌ഐ കാസർകോട് മുൻ ജില്ലാ കമ്മിറ്റി അംഗം സച്ചിത റൈക്കെതിരെ മൂന്നു കേസുകള്‍ കൂടി രജിസ്റ്റർ ചെയ്തു. ബല്‍ത്തക്കല്ല് സ്വദേശിനിയായ സച്ചിത റൈ കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തില്‍ അസിസ്റ്റൻറ് മാനേജർ ജോലി നല്‍കാമെന്ന് പറഞ്ഞ് 15 ലക്ഷം രൂപ തട്ടിയെടുത്തെന്ന കുമ്ബള കിദൂർ സ്വദേശിനി നിഷ്മിത ഷെട്ടിയുടെ പരാതിയില്‍ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടക്കുന്നതിനിടെയാണ് മറ്റു മൂന്നു പേർ കൂടി പരാതിയുമായി പൊലീസിനെ സമീപിച്ചത്. മഞ്ചേശ്വരം ബഡൂരിലെ സ്കൂള്‍ അധ്യാപികയായ സച്ചിത റൈ അധ്യാപക സംഘടനയായ കെഎസ്ടിഎയുടെ ഉപജില്ലാ കമ്മിറ്റി അംഗം കൂടിയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കർണാടകയില്‍ അടക്കം ജോലി വാഗ്ദാനം ചെയ്ത് യുവതി പണം തട്ടിയെടുത്തെന്നാണ് പരാതി. മഞ്ചേശ്വം, ബദിയടുക്ക പൊലീസ് സ്റ്റേഷനുകളിലാണ് യുവതിക്കെതിരെ പുതിയ പരാതികള്‍ ലഭിച്ചത്. കടമ്ബാർ മൂഡംബയലില്‍ താമസിക്കുന്ന മോക്ഷിത് ഷെട്ടിയാണ് ഒരു ലക്ഷം രൂപ പറ്റിച്ചുവെന്ന് പരാതി നല്‍കിയിരിക്കുന്നത്. കർണാടക എക്സൈസില്‍ ക്ലർക്കിൻറെ ജോലി ശരിയാക്കിത്തരാമെന്ന് പറഞ്ഞാണ് പണം തട്ടിയതെന്നും പരാതിയില്‍ പറയുന്നു.

കാസർകോട്ടെ കേന്ദ്രീയ വിദ്യാലയത്തില്‍ ജോലി നല്‍കാമെന്ന് വിശ്വസിപ്പിച്ച്‌ 7,31,500 രൂപ തട്ടിയെടുത്തുവെന്ന പരാതിയിലും പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ദേലംപാടി സ്വദേശി കുമാരി സുചിത്രയാണ് പരാതിക്കാരി. ജനുവരി എട്ടിനും ജൂണ്‍ 14നും ഇടയിലുള്ള കാലയളവിലാണ് ഇത്രയും തുക നല്‍കിയതെന്നും പരാതിയില്‍ പറയുന്നു.

ബാഡൂരിലെ ബി എസ് മലേഷില്‍ നിന്ന് ഒരു ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയുമുണ്ട്. കർണാടക എക്സൈസില്‍ ജോലി വാങ്ങിത്തരാം എന്ന് പറഞ്ഞായിരുന്നു കാശ് വാങ്ങിയത്. മുൻകൂർ ജാമ്യാപേക്ഷയുമായി സച്ചിത റൈ കാസർകോട് ജില്ലാ പ്രിൻസിപ്പല്‍ സെഷൻ‍സ് കോടതിയെ കഴിഞ്ഞ ദിവസം സമീപിച്ചെങ്കിലും ജാമ്യാപേക്ഷ തള്ളിയിരുന്നു. സച്ചിതയുടെ തട്ടിപ്പിന് ഇരയായ കൂടുതല്‍ പേർ പൊലീസ് സ്റ്റേഷനിലേക്ക് പരാതിയുമായി എത്തുന്നുണ്ട്.

സച്ചിതയെ പുറത്താക്കിയതായി ഡിവൈഎഫ്‌ഐ കാസർകോട് ജില്ലാ കമ്മിറ്റി നേരത്തേ വ്യക്തമാക്കിയിരുന്നു. എയ്ഡഡ് ലോവർ പ്രൈമറി സ്‌കൂളില്‍ സ്ഥിരം ജോലി നേടുന്നതിന് മുമ്ബ് സച്ചിത റായി ഗവ.എച്ച്‌.എസ്.എസ് അംഗടിമൊഗറില്‍ അഡ്‌ഹോക്ക് അധ്യാപകയായി ജോലി ചെയ്തിട്ടുണ്ട്. സച്ചിത റായിക്കെതിരെ കൂടുതല്‍ പരാതികള്‍ ഉയർന്നേക്കുമെന്നാണ് പൊലീസ് കരുതുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക