ഭർത്താവ് ഭാര്യയുടെ സമ്മതമില്ലാതെ സ്വർണം പണയം വയ്ക്കുന്നത് വിശ്വാസ വഞ്ചനയുടെ ഭാഗമാണെന്ന് കേരള ഹൈക്കോടതി.
കാസർകോട് സ്വദേശിയുടെ ശിക്ഷ ശരിവച്ചായിരുന്നു ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഭാര്യ ലോക്കറില്‍ സൂക്ഷിക്കാനായി നല്‍കിയ 50 പവൻ സ്വന്തം ആവശ്യത്തിനായി ബാങ്കില്‍ പണയംവെച്ചതിനെ തുടർന്നാണ് ഇയാള്‍ക്കെതിരെ ഭാര്യ പരാതിയുമായി രംഗത്തെത്തിയത്. തുടർന്ന് കോടതി ഭർത്താവിന് ആറുമാസം തടവും അഞ്ചുലക്ഷം രൂപ പിഴയും വിധിച്ചു.
ഇത് ചോദ്യം ചെയ്താണ് ഇയാള്‍ കാസർകോട് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് എ ബദറുദ്ദീനാണ് ശിക്ഷ ശരിവെച്ചത്. സ്വർണം ബാങ്കില്‍ പണയം വെച്ച ശേഷം ഇയാള്‍ ലോക്കറില്‍ സൂക്ഷിച്ചതായുള്ള വ്യാജ രേഖകള്‍ കാണിച്ച് ഭാര്യയെ വിശ്വസിപ്പിച്ചു. ഇരുവരുടെയും ദാമ്ബത്യത്തില്‍ പ്രശ്നമുണ്ടായതോടെ ഭാര്യ സ്വർണം തിരികെ ആവശ്യപ്പെട്ടപ്പോഴാണ് സ്വർണം ബാങ്കില്‍ പണയപ്പെടുത്തിയതായി അറിയുന്നത്. തുടർന്ന് ഭർത്താവിനെതിരെ യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.








