ആറ് മാസങ്ങള്‍ക്ക് മുമ്ബ് ഓണ്‍ലൈൻ തട്ടിപ്പിന് ഇരയായ പ്രവാസി എഞ്ചിനിയർ വീണ്ടും തട്ടിപ്പിന് ഇരയായി.ആറ് മാസങ്ങള്‍ക്ക് മുമ്ബ് 3.75 കോടി രൂപയാണ് തട്ടിയതെങ്കില്‍ ഇന്ന് 13 കോടിയുടെ തട്ടിപ്പിനാണ് ഇദ്ദേഹം ഇരയായത്. കവടിയാർ ജവഹർ നഗറിലെ ഫ്ളാറ്റില്‍ താമസിക്കുന്ന 69കാരനാണ് പണം നഷ്ടമായത്. പരാതിക്കാരൻ വർഷങ്ങളായി ട്രേഡിംഗ് നടത്തുന്നയാളാണ്.

അംഗീകൃത ഷെയർ ട്രേഡിംഗ് കമ്ബനികളുടെ പേരിലാണ് ഇപ്പോള്‍ തട്ടിപ്പ് സംഘം കെണിയില്‍ വീഴ്ത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. സമാന്തരമായി രണ്ട് പ്ലാറ്റ്‌ഫോമില്‍ ഇയാള്‍ ഓണ്‍ലൈൻ ട്രേഡിംഗ് നടത്തിയിരുന്നു. മേയില്‍ നടന്ന ആദ്യ തട്ടിപ്പില്‍ 69കാരൻ പരാതിയുമായി എത്തിയപ്പോള്‍ രണ്ടാമത്തെ ട്രേഡിംഗ് പ്ലാറ്റ്‌ഫോമില്‍ ട്രേഡിംഗ് നടത്തുന്ന വിവരം പൊലീസില്‍ നിന്ന് മറച്ചുവച്ചിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഷെയർ ട്രംഡിംഗിലൂടെ അമിതലാഭം കൊയ്യാമെന്ന് വിശ്വസിപ്പിച്ച്‌ സൈറ്റില്‍ കയറാനുള്ള ലിങ്കുകള്‍ അയച്ചുകൊടുത്തായിരുന്നു തട്ടിപ്പ് സംഘം വീണ്ടും പണം കവർന്നത്. രണ്ട് ഇമെയില്‍ ഐഡികളില്‍ നിന്ന് സന്ദേശങ്ങള്‍ വന്നു തുടങ്ങി. വ്യക്തിഗത വിവരങ്ങള്‍ എല്ലാം ശേഖരിച്ച ശേഷം 21,000 രൂപ അയച്ചുകൊടുത്തു. ഇതിന് ശേഷം ഒരു വാട്സാപ്പ് ഗ്രൂപ്പില്‍ ചേർത്തു. ഒട്ടേറെ അംഗങ്ങളുള്ള ഗ്രൂപ്പില്‍ പലരും നേട്ടങ്ങളെക്കുറിച്ച്‌ വിവരിച്ചു. കൂടാതെ ഒട്ടേറെ പേർ കോടിക്കണക്കിന് രൂപ ലഭിച്ചതിനെക്കുറിച്ചുള്ള രേഖകള്‍ പങ്കുവച്ചു.

ഇതെല്ലാം വിശ്വസിച്ച പരാതിക്കാരൻ ആദ്യം കുറച്ച്‌ പണം നിക്ഷേപിച്ചു. അടുത്ത ദിവസം തന്നെ ഈ പണം ഇരട്ടിയായി ആപ്പില്‍ കാണിച്ചു. ഇതോടെ കൂടുതല്‍ പണം നിക്ഷേപിക്കാൻ തുടങ്ങി. ആകെ 39 അക്കൗണ്ട് നമ്ബറുകളിലേക്ക് പണം അയച്ചെന്ന് പരാതിക്കാരൻ പറയുന്നു. ഇതോടൊപ്പം നിക്ഷേപിച്ച പണത്തിന് ഇൻഷുറൻസ് പരിരക്ഷയ്‌ക്കെന്ന പേരില്‍ പണം വാങ്ങി. ഇതോടെയാണ് പരാതിക്കാരന് സംശയം തോന്നിയത്. 38 വർഷം പ്രവാസലോകത്ത് നിന്ന് കഷ്ടപ്പെട്ടുണ്ടാക്കിയ പണമാണ് തട്ടിപ്പ് സംഘം കവർന്നതെന്ന് സൈബർ പൊലീസ് പറഞ്ഞു. പരാതിയില്‍ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക