തെലങ്കാനയിലെ തോരൂറില്‍ മാള്‍ ഉദ്ഘാടനത്തിനിടെ താത്കാലിക സ്റ്റേജ് തകർന്നു വീണ് തെന്നിന്ത്യൻ നടി പ്രിയങ്കാ മോഹന് പരിക്കേറ്റു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. കോണ്‍ഗ്രസ് നേതാവ് ജാൻസി റെഡ്ഡിയും പരിക്കേറ്റവരില്‍ ഉള്‍പ്പെടുന്നു. മഹബൂബബാദില്‍ ഇന്നായിരുന്നു(വ്യാഴം) അപകടം.
പത്തു പേർ സ്റ്റേജിലുണ്ടായിരുന്നു. സ്റ്റേജ് തകർന്നത് പ്രദേശത്ത് ആശങ്കയുണ്ടാക്കി. പൊലീസ് ഉദ്യോഗസ്ഥർ സംഭവ സ്ഥലത്ത് എത്തുന്നതടക്കമുള്ള വീഡിയോയാണ് വൈറലായത്. അപകടത്തിന് പിന്നാലെ നടി വേദിവിട്ട് മടങ്ങുന്നതും കാണാം. സുരക്ഷ ഉദ്യോഗസ്ഥരുടെ സഹായത്തിലാണ് നടി കാറിലേക്ക് മടങ്ങിയത്.
കോണ്‍ഗ്രസ് നേതാവിന്റെ പരിക്ക് ഗുരുതരമെന്നാണ് സൂചന. ഇവർ ആശുപത്രിയില്‍ ചികിത്സയിലാണ്. ചെറിയ പരിക്കുകളുമായി രക്ഷപ്പെട്ടതില്‍ ഭാഗ്യമുണ്ടെന്ന് നടി എക്സ് പോസ്റ്റില്‍ വ്യക്തമാക്കി. പരിക്കേറ്റ മറ്റുള്ളവർക്കൊപ്പമാണ് തന്റെ പ്രാർത്ഥനകളെന്നും അവർ പെട്ടെന്ന് പരിക്കുകള്‍ ഭേദമായി തിരിച്ചുവരട്ടെയെന്നും നടി പറഞ്ഞു. നിങ്ങള്‍ നല്‍കിയ സ്നേഹാന്വേഷണത്തിനും കരുതലിനും നന്ദി പറയുന്നതായും പ്രിയങ്ക കുറിച്ചു.

















