വാഹനാപകടത്തില്‍ പരിക്കേറ്റ മലയാളി യുവാവിന് 11.5 കോടി രൂപ നഷ്ടപരിഹാരം അനുവദിച്ച്‌ യു.എ.ഇ. ഫെഡറല്‍ സുപ്രീംകോടതി. യു.എ.ഇ. സ്വദേശി ഓടിച്ച കാറിടിച്ച്‌ പരിക്കേറ്റ മലപ്പുറം കൂരാട് കുമ്മാളി വീട്ടില്‍ ഷിഫിനാണ് നഷ്ടപരിഹാരം നല്‍കാൻ കോടതി വിധിച്ചത്. അല്‍ഐനില്‍ ഗ്രോസറി ജീവനക്കാരനായിരുന്നു ഷിഫിൻ.

2022 മാർച്ച്‌ 26-നാണ് കേസിനാസ്പദമായ സംഭവം. അഞ്ച് പേരടങ്ങുന്ന കുടുംബത്തെ പോറ്റാൻ പ്രവാസിയായ പിതാവിന് കൈതാങ്ങായാണ് 22-ാം വയസ്സില്‍ ഷിഫിൻ യു.എ.ഇയിലെത്തുന്നത്. അല്‍ഐനിലെ ഒരു സൂപ്പർമാർക്കറ്റിലായിരുന്നു ജോലി. ബഖാലയില്‍ നിന്നും മോട്ടോർസൈക്കിളില്‍ സാധനങ്ങളുമായി പോയ ഷിഫിനെ ഒരു സ്വദേശി ഓടിച്ച കാർ വന്ന് ഇടിക്കുകയായിരുന്നു. ഡ്രൈവർ വാഹനം നിർത്താതെ പോവുകയും ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അപകടത്തെ തുടർന്ന് ഷിഫിന് കാര്യമായി പരിക്കേറ്റിരുന്നു. പിന്നീട് സി.സി.ടി.വിയുടെ സഹായത്തോടെ പോലീസ് പ്രതിയെ പിടികൂടി. ഉടൻതന്നെ ഷിഫിനെ അല്‍ഐനിലെ ആശുപത്രിയില്‍ എത്തിച്ച്‌ വിദഗ്ധ ചികിത്സ നല്‍കി. എങ്കിലും തലയ്ക്ക് കാര്യമായ പരിക്കേറ്റിരുന്നതിനെ തുടർന്ന് പത്തോളം അവയവങ്ങളുടെ പ്രവർത്തനക്ഷമത നഷ്ടപ്പെട്ടു. അപകടവിവരമറിഞ്ഞ് പിതാവ് ഉമ്മർ സൗദിയിലെ ജോലിയും വിട്ട് അല്‍ഐനിലെ ആശുപത്രിയിലെത്തിയിരുന്നു. അല്‍ഐനിലെ സർക്കാർ ആശുപത്രിയില്‍ രണ്ടാഴ്ചയും തുടർന്ന് ഒരു സ്വകാര്യ ആശുപത്രിയിലും ചികിത്സ നല്‍കി. ഒന്നര വർഷത്തോളം വെന്റിലേറ്ററിലായിരുന്നു.

ചികിത്സക്കൊടുവില്‍ ഷിഫിൻ തല ചലിപ്പിക്കാൻ തുടങ്ങിയതോടെ തുടർ ചികിത്സക്ക് നാട്ടിലേക്ക് കൊണ്ട് പോകാൻ തീരുമാനിക്കുകയായിരുന്നു. മകന്റെ ദയനീയാവസ്ഥ ചൂണ്ടിക്കാട്ടി മാതാപിതാക്കളുടെ നിയമ പോരാട്ടത്തിനൊടുവിലാണ് യു.എ.ഇ. ഫെഡറല്‍ സുപ്രീംകോടതി കേസ് പരിഗണിക്കുകയും നഷ്ടപരിഹാരം വിധിക്കുകയും ചെയ്തതെന്ന് പിതാവ് ഉമ്മർ കുമ്മാളി, മാതാവ് ജമീല, ചീഫ് ലീഗല്‍ കണ്‍സള്‍ട്ടന്റ് ഈസ അനീസ്, അഡ്വ. ഫരീദ് അല്‍ഹസ്സൻ, അഡ്വ. മുഹമ്മദ് ഫാസില്‍, അഡ്വ. അബ്ദുള്ള തുടങ്ങിയവർ അറിയിച്ചു

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക