കേരളത്തില്‍ താമര വിരിയിക്കുക മാത്രമല്ല, കേരളത്തില്‍ നിന്നും ഒരു കേന്ദ്രസഹ മന്ത്രി കൂടിയാണ് ഈ തിരഞ്ഞെടുപ്പ് കാലം സമ്മാനിച്ചത്. വളരെ പ്രതീക്ഷയോടുകൂടി തൃശൂരുകാർ ജയിപ്പിച്ചു വിട്ട സുരേഷ് ഗോപിയെ എന്നാല്‍ മണ്ഡലത്തില്‍ ഇപ്പോള്‍ കാണാൻ കിട്ടുന്നില്ല എന്നുള്ളതാണ് കാര്യം. സ്വന്തമായി ഓഫീസ് തുറന്നാകും പ്രവർത്തനമെന്നാണ് സുരേഷ് ഗോപി അറിയിച്ചിരുന്നത്. എന്നാല്‍ എംപിയും കേന്ദ്രമന്ത്രിയുമായി ചുമതല ഏറ്റു മൂന്നുമാസം കഴിഞ്ഞെങ്കിലും ഇതുവരെയും കേന്ദ്രമന്ത്രിക്ക് സ്വന്തം ജില്ലയില്‍ ഓഫീസില്ല. ഒരു പേഴ്സണല്‍ സ്റ്റാഫ് മാത്രമാണ് തൃശ്ശൂർ ജില്ലാ കമ്മിറ്റി ഓഫീസില്‍ പ്രവർത്തിക്കുന്ന ഒരു മുറിയില്‍ ഇപ്പോഴും ഉള്ളത്.
തിരക്ക് കൂടിയതോടുകൂടി കേന്ദ്രമന്ത്രിയെ കാണാൻ കിട്ടുന്നില്ല. കണ്ടുകഴിഞ്ഞാലും പരാതി പറയലും അസാധ്യമാണ്. ഇതോടുകൂടി ജയിപ്പിച്ചു വിട്ട ജനങ്ങള്‍ക്കിടയില്‍ തന്നെ എതിർസ്വരങ്ങള്‍ ഉയരുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. തൃശൂരില്‍ സുരേഷ് ഗോപി വരുന്നത് തന്നെ കുറവാണ്. ജനങ്ങള്‍ക്ക് കേന്ദ്രമന്ത്രിയെ കാണാനുള്ള അവസരങ്ങള്‍ കുറവാണ്. മാധ്യമങ്ങളെ വലിയ രീതിയില്‍ എതിരാക്കി കഴിഞ്ഞു. വ്യാപകമായ പരാതിയാണ് കേന്ദ്രമന്ത്രിക്ക് എതിരെയുള്ളത്. ഇതെല്ലാം മുന്നോട്ടുള്ള പ്രയാണത്തില്‍ സുരേഷ് ഗോപിക്ക് ദോഷം ചെയ്യും.
ബിജെപിയും സുരേഷ് ഗോപിയും രണ്ടു വഴിക്ക്
നിലവില്‍ കേന്ദ്രമന്ത്രിയും പാര്‍ട്ടിയും രണ്ട് വഴിക്കാണ് നീങ്ങുന്നത്. സ്വന്തമായ അഭിപ്രായങ്ങളും രീതികളുമാണ് സുരേഷ് ഗോപിയുടേത്. പാര്‍ട്ടിയുടെ ചട്ടക്കൂടില്‍ ഒതുങ്ങാത്തതാണ് പ്രകൃതവും. ഇത് പാര്‍ട്ടിക്കകത്ത് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ബിജെപി ജില്ലാ നേതൃത്വത്തില്‍ വലിയ വിഭാഗത്തിന് ഇതില്‍ പ്രതിഷേധവുമുണ്ട്. സുരേഷ് ഗോപിയുടെ വ്യക്തിപ്രഭാവം വലിയ ഘടകമാണെങ്കിലും പാര്‍ട്ടിയും കഠിനപ്രയത്നം നടത്തിയത് നേതാക്കള്‍ വിരല്‍ ചൂണ്ടുന്നു. എല്ലാ പ്രവര്‍ത്തനങ്ങളും യോജിച്ചു പോയതുകൊണ്ടാണ് തൃശൂരില്‍ ജയിക്കാന്‍ കഴിഞ്ഞത്. കേന്ദ്രമന്ത്രി പ്രതീക്ഷകള്‍ക്ക് ഒത്ത് ഉയരണം എന്നാണ് പാര്‍ട്ടിയില്‍ നിന്നും ഉയരുന്ന ആവശ്യം.
ലോക്സഭാ തിരഞ്ഞെടുപ്പിലെ വിജയം നിയമസഭാ തിരഞ്ഞെടുപ്പില്‍ ആവര്‍ത്തിക്കണം എങ്കില്‍ സുരേഷ് ഗോപിയുടെ തൃശൂരിലെ പ്രകടനം തിളക്കമുള്ളതാകണം. ഈ തിളക്കം നിലവിലെ പ്രവര്‍ത്തനത്തില്‍ ഇല്ലെന്ന് ബിജെപി ജില്ലാ നേതൃത്വം തിരിച്ചറിയുന്നുണ്ട്.തൃശൂര്‍ ലോക്സഭാ സീറ്റിനു കീഴിലുള്ള ഏഴു നിയമസഭാ മണ്ഡലങ്ങളില്‍ ഗുരുവായൂര്‍ ഒഴിച്ച് ഇടതുകോട്ടകളായ ആറ് നിയമസഭാ മണ്ഡലങ്ങളില്‍ ഒന്നാമത് എത്തിയത് ബിജെപിയാണ്. ഗുരുവായൂര്‍ മണ്ഡലത്തില്‍ കെ.മുരളീധരനാണ് ഭൂരിപക്ഷം ലഭിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പിലെ നേട്ടം പാര്‍ട്ടിക്ക് ലഭിക്കണമെങ്കില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ സീറ്റുകള്‍ കരസ്ഥമാക്കണം. നിലവിലെ അവസ്ഥയില്‍ ഇത് സാധ്യമാകുമോ എന്ന ചോദ്യം ബിജെപി ദേശീയ-സംസ്ഥാന നേതൃത്വങ്ങള്‍ക്ക് മുന്നിലുണ്ട്.

















