അതിജീവനത്തിന്റെ പടവുകളില്‍ ഒരു പ്രധാന ചുവടുവയ്പുമായി തങ്ങളുടെ പുതിയ വിദ്യാലയത്തിലേയ്ക്ക് വയനാടിലെ കുരുന്നുകള്‍.ദുരന്തത്തില്‍ തകര്‍ന്ന മുണ്ടക്കൈ ജിഎല്‍പിഎസ്, വെള്ളാര്‍മല ജിവിഎച്ച്‌എസ് സ്‌കൂളുകളിലെ കുട്ടികളെ മേപ്പാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും മേപ്പാടി കമ്മ്യൂണിറ്റി ഹാളിലും ഒരുക്കിയ പുതിയ സൗകര്യങ്ങളിലേയ്ക്ക് പ്രവേശനോത്സവത്തോടെ സ്വാഗതം ചെയ്തു. പരസ്പരം കൈകോർത്തുപിടിച്ച്‌ ഒരേ മനസ്സോടെ വിഷമവൃത്തങ്ങള്‍ കരകയറാൻ അവർക്ക് സാധിക്കണമെന്നും അതിനുള്ള തുടക്കമാണ് ഇന്നത്തെ പുന:പ്രവേശനോത്സവമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അധ്യയനത്തിലേക്ക് തിരിച്ചെത്തുന്ന ഓരോ കുഞ്ഞുങ്ങള്‍ക്കും ആശംസകള്‍ നേരുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. വയനാട് ദുരന്തം സൃഷൃടിച്ച നികത്താനാകാത്ത നഷ്ടങ്ങള്‍ ഏറെയുണ്ടെങ്കിലും ജീവിതം കൂടുതല്‍ കരുത്തോടെ അവർക്ക് തിരിച്ചു നല്‍കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്. ഏറ്റവും മികച്ച രീതിയില്‍ അതു നടപ്പാക്കാൻ നമുക്കാകെ ഒരുമിച്ചു നില്‍ക്കാം -പിണറായി പറഞ്ഞു.

മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടലില്‍ 500 ല്‍ അധികം വിദ്യാർത്ഥികള്‍ക്കാണ് ഒരൊറ്റ ദിവസം കൊണ്ട് സ്കൂളില്ലാതെ ആയത്. നേരത്തേ ദുരിതാശ്വാസ ക്യാമ്ബുകള്‍ പ്രവര്‍ത്തിച്ചിരുന്ന മേപ്പാടി ഹൈസ്കൂളില്‍ ഉള്‍പ്പെടെ ക്ലാസുകളാരംഭിച്ചിരുന്നു. വിദ്യാർത്ഥികളുടെ യാത്രയ്ക്ക് കെഎസ്‌ആർടിസിയുമായി സഹകരിച്ച്‌ ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മേപ്പാടി -ചൂരല്‍മല റോഡില്‍ മൂന്ന് കെഎസ്‌ആർടിസി ബസുകള്‍ സർവീസ് നടത്തും. കലക്ടർ അനുവദിക്കുന്ന പ്രത്യേക പാസ്സുപയോഗിച്ച്‌ സൗജന്യമായി സ്കൂള്‍ യാത്ര നടത്താം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക